ചങ്ങനാശേരി: റേഷന്‍ കടയില്‍നിന്ന് കാര്‍ഡ് ഉടമകള്‍ക്ക് ഇഷ്ടമുള്ള അരി വാങ്ങാന്‍ അവസരമൊരുക്കി കോംബോ സംവിധാനം. സ്റ്റോക്കനുസരിച്ച് പച്ചരി, കുത്തരി, ചാക്കരി എന്നിവയില്‍ ഏതു വേണമെങ്കിലും കാര്‍ഡുടമകളുടെ ഇഷ്ടാനുസൃതം വാങ്ങാം. കഴിഞ്ഞ മൂന്നു മുതല്‍ പദ്ധതി പ്രാബല്യത്തിലായി.
കോംബോ ഓഫര്‍ വരുന്നതിനു മുമ്പ് കാര്‍ഡുടമകള്‍ക്കു കുത്തരിയും പുഴുക്കലരിയും പച്ചരിയും വീതിച്ചു നല്‍കുകയായിരുന്നു. റേഷന്‍ കടയിലേക്കു നാലിലധികം സഞ്ചിയുമായി പോകേണ്ട ഗതികേട് ചൂണ്ടിക്കാട്ടി കാര്‍ഡുടമകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കിയത്. ഒന്നരമാസത്തെ സ്റ്റോക്ക് കടകളില്‍ ഉള്ളതിനാല്‍ ഏത് അരിയും കൊടുക്കാന്‍ കഴിയുമെന്നാണു സര്‍ക്കാര്‍വാദം. ഒരു കടയില്‍ സ്റ്റോക്കില്ലെങ്കില്‍ അടുത്ത കടയില്‍ നിന്ന് ഇഷ്ടമുള്ള അരി വാങ്ങാനും കാര്‍ഡുടമകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് പൊതുവിഭാഗത്തിലുള്ള വെള്ള റേഷന്‍ കാര്‍ഡുകള്‍ക്കു നല്കുന്ന ഭക്ഷ്യധാന്യ വിഹിതം ആറു കിലോഗ്രാം ആയി വര്‍ധിപ്പിച്ചും മഞ്ഞക്കാര്‍ഡിന് ഈ മാസം മുതല്‍ പഞ്ചസാര കൂടി നല്‍കാനും മന്ത്രി പി. തിലോത്തമന് ഉത്തരവിട്ടിരുന്നു. രണ്ടുകിലോ ആട്ടയ്ക്കുപകരം ഇനി മുതല്‍ മൂന്നു കിലോ ആട്ട ലഭിക്കും.
പുതിയ സംവിധാനം സ്വാഗതാര്‍ഹമാണെന്നും ഓണം പ്രമാണിച്ച് 22 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകളിലൂടെ ലഭിക്കുമെന്നും റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ അറിയിച്ചു.