Wednesday, November 14, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.29 AM

പമ്പാ അണക്കെട്ടും തുറന്നു

uploads/news/2018/08/240430/1.jpg

പത്തനംതിട്ട: പമ്പയുടെ തീരവാസികളായ ലക്ഷക്കണക്കിന്‌ കുടുംബങ്ങളെ ആശങ്കയിലാക്കി ഇന്നലെ രാവിലെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പമ്പാ അണക്കെട്ടും തുറന്നു. പദ്ധതിയുടെ മറ്റൊരു അണക്കെട്ടായ കക്കിഡാമിന്റെ ആനത്തോട്‌ സ്‌പില്‍വേ വ്യാഴാഴ്‌ച്ച ഉച്ചയോടെ തുറന്നതിനു പിന്നാലെയാണിത്‌. ഇതുമൂലം പമ്പയിലെ ജലനിരപ്പ്‌ ആറുമീറ്ററോളം ഉയരാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. അപ്പര്‍ കുട്ടനാടിനെയും കുട്ടനാടിനെയുമാണ്‌ ഇത്‌ ഏറെ ആശങ്കയിലാഴ്‌ത്തുന്നത്‌.
പമ്പ, ആനത്തോട്‌ ഡാമുകളുടെ രണ്ടു ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതമാണ്‌ തുറന്നതെന്നു വൈദ്യുതി ബോര്‍ഡ്‌ അധികൃതര്‍ പറഞ്ഞു. പദ്ധതി പ്രദേശത്ത്‌ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്ന്‌ വെള്ളമൊഴുക്കേണ്ടി വരും. സംഭരണികളിലേക്കുള്ള നീരൊഴുക്കും ശക്‌തമാണ്‌.
കക്കി ഡാമിന്റെ സംഭരണശേഷിയായ 981.46 മീറ്ററിലേക്ക്‌ ജലം എത്തിയതോടെയാണ്‌ തുറന്നത്‌. പമ്പാ ഡാമില്‍ 986.2 മീറ്റര്‍ ജലനിരപ്പാണ്‌ ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്‌. 986.66 മീറ്ററാണ്‌ പമ്പാ ഡാമിന്റെ പരമാവധി സംഭരണശേഷി. അതിനാല്‍ സംഭരണികളിലേക്ക്‌ അധികമായി ഒഴുകിയെത്തുന്ന വെള്ളമത്രയും തുറന്നുവിടുകയല്ലാതെ വൈദ്യുതി ബോര്‍ഡിനു മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. മൂഴിയാര്‍ നിലയത്തിലെ അഞ്ച്‌ ജനറേറ്ററുകളുപയോഗിച്ച്‌ പൂര്‍ണ തോതില്‍ വൈദ്യുതോല്‍പ്പാദനം നടത്തിയിട്ടും സംഭരണികളിലെ ജലനിരപ്പ്‌ കുറയുന്നില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. കഴിഞ്ഞ ദിവസം 5.99 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി മൂഴിയാറില്‍ ഉല്‍പ്പാദിപ്പിച്ചു. പമ്പയില്‍ 110 മില്ലീമീറ്ററും കക്കിയില്‍ 82 മില്ലീമീറ്ററും മഴയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇന്നലെ പകലും പദ്ധതി പ്രദേശത്ത്‌ മഴ ശക്‌തമായിരുന്നു.
കക്കാട്‌ പദ്ധതിയുടെ മൂഴിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി. ഇതോടെ കക്കാട്ടാറില്‍ ജലനിരപ്പ്‌ വര്‍ധിച്ചിട്ടുണ്ട്‌. സായിപ്പുംകുഴി തോട്ടില്‍ ഒഴുക്ക്‌ ശക്‌തമാകുന്നതിനാല്‍ മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കുടുതല്‍ ഉയര്‍ത്തുമെന്ന്‌ സൂചനയുണ്ട്‌. മണിയാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്‌.
ശബരിഗിരി പദ്ധതിയുടെ വൃഷ്‌ടിപ്രദേശങ്ങളിലും വനമേഖലയിലും കനത്തമഴ തുടരുന്നതിനാല്‍ പമ്പാനദിയിലുള്‍പ്പെടെ മലയോര മേഖലയിലെ വിവിധ നദികളില്‍ ജലനിരപ്പ്‌ ഉയര്‍ന്നിട്ടുണ്ട്‌. വെള്ളപ്പൊക്കത്തിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ റാന്നി മുതല്‍ പടിഞ്ഞാറോട്ടുള്ള മേഖലകളിലാണ്‌. കോഴഞ്ചേരി, ആറന്മുള, ഇടയാറന്മുള, മാലക്കര, പൂവത്തൂര്‍, നെല്ലിക്കല്‍, കോയിപ്രം മേഖലകളില്‍ പമ്പ കരകവിഞ്ഞു. ഇന്നലെ രാവിലെ വരെ വെള്ളം വരവില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ലെങ്കിലും ഒമ്പതുമണിക്കുശേഷം ജലനിരപ്പ്‌ ഉയരാന്‍ തുടങ്ങി.കക്കി ഡാമിന്റെ സപ്പോര്‍ട്ടിങ്‌ ഡാമും സ്‌പില്‍വേയും സ്‌ഥിതിചെയ്യുന്ന ആനത്തോട്‌ അണക്കെട്ടിലെ വെള്ളം പമ്പയിലെ ജലനിരപ്പ്‌ രണ്ടടിയോളം ഉയര്‍ത്താന്‍ കാരണമായി. പമ്പാ അണക്കെട്ടിലെ വെള്ളംകൂടി എത്തിയാല്‍ സ്‌ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നാണ്‌ കരുതുന്നത്‌.
തിരുവല്ലാ താലൂക്കിലെ എല്ലാ വില്ലേജുകളെയും പ്രളയക്കെടുതി ബാധിച്ചിട്ടുണ്ട്‌. ഏറ്റവും രൂക്ഷമായി ബാധിച്ച അഞ്ച്‌ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. കാവുംഭാഗം വില്ലേജിലെ കഴുപ്പില്‍, മുണ്ടിയപ്പള്ളി കോളനികള്‍, കടപ്ര വില്ലേജിലെ സീറോലാന്‍ഡ്‌ ഏരിയ, കോയിച്ചിറ കോളനി, നിരണം വില്ലേജിലെ സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ ഭാഗം, നിരണം ഡക്ക്‌ ഫാം തുടങ്ങിയ പ്രദേശങ്ങളില്‍ പ്രളയകെടുതി രൂക്ഷമാണെന്ന്‌ ഇന്നലെ ഇവിടം സന്ദര്‍ശിച്ച കേന്ദ്രസംഘം വിലയിരുത്തി. പ്രതികൂല കാലാവസ്‌ഥയെ അവഗണിച്ച്‌ ഒറ്റപ്പെട്ട വീടുകളില്‍ പോലും എത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര സംഘം താല്‍പ്പര്യം കാട്ടി. കെടുതി സംബന്ധിച്ച്‌ അനുകൂലമായ സമഗ്ര റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാരിന്‌ സമര്‍പ്പിക്കുമെന്ന്‌ സംഘം അറിയിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW