Tuesday, September 25, 2018 Last Updated 36 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.24 AM

പാലക്കാട്ട്‌ മഴയ്‌ക്ക് നേരിയ ശമനം; ജനജീവിതം ദുഃസഹം

uploads/news/2018/08/240414/1.jpg

പാലക്കാട്‌: മഴയ്‌ക്ക് നേരിയ ശമനം വന്നതോടെ നഗരത്തിലെ വീടുകളിലേയും റോഡുകളിലെയും വെള്ളക്കെട്ടിന്‌ കുറവായെങ്കിലും ജനജീവിതം ദുഃസഹമായി തുടരുന്നു. മഴവെള്ളപാച്ചിലില്‍ നിരവധി വീടുകളില്‍ നിന്ന്‌ വാഹനങ്ങളും വീട്ടുപകരണങ്ങളും ഒഴുകി പോയിട്ടുണ്ട്‌. വീടുകളുടെ ചുറ്റുമതിലും തകര്‍ന്ന നിലയിലാണ്‌. ചില വീടുകളില്‍ ഗൃഹോപകരണങ്ങള്‍ നശിച്ച നിലയിലാണ്‌. വെള്ളക്കെട്ട്‌ ഒഴിഞ്ഞെങ്കിലും ചെളിയും ഇഴജന്തുക്കളും നിറഞ്ഞത്‌ വീടുകളില്‍ താമസിക്കുന്നതിന്‌ തടസമാകുന്നു. ഇവ നീക്കം ചെയ്യണമെങ്കില്‍ രണ്ട്‌ ദിവസമെങ്കിലും എടുക്കുമെന്നാണ്‌ പറയുന്നത്‌.
നിരവധി പേര്‍ ഹോട്ടലുകളിലും ബന്ധുവീടുകളിലും പുറമെ ദുരിതാശ്വാസ ക്യാമ്പുകളിലും അഭയം പ്രാപിച്ചിട്ടുണ്ട്‌. മഴവെള്ളം കയറിയതിനെ തുടര്‍ന്നുണ്ടായ നാശനഷ്‌ടം ഇനിയും കണക്കാക്കിയിട്ടില്ല. ചില വീടുകളില്‍ ആധാരം, റേഷന്‍ കാര്‍ഡ്‌ തുടങ്ങിയ സുപ്രധാന രേഖകളും കാണാതായതായി പറയുന്നു. റോഡുകളില്‍ വെള്ളം ഒഴുകുന്നതിന്റെ അളവ്‌ കുറഞ്ഞിട്ടുണ്ടെങ്കിലും സാധാരണ നിലയിലായിട്ടില്ല.
മലമ്പുഴ അണക്കെട്ട്‌ നിര്‍മിക്കുമ്പോള്‍ സുമാര്‍ 72 വര്‍ഷം മുന്‍പ്‌ ഇത്തരത്തില്‍ വെള്ളപ്പൊക്കത്തിന്‌ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും പിന്നീട്‌ ഇത്തരത്തിലുള്ള അനുഭവം ആദ്യമാണെന്നാണ്‌ പ്രായമുള്ളവര്‍ പറയുന്നത്‌.
പ്രളയത്തില്‍ പൈപ്പ്‌ ലൈന്‍ തകര്‍ന്നതിനാല്‍ മലമ്പുഴ ജല വിതരണം തടസപ്പെട്ടിരിക്കയാണ്‌. ഇതുപുനഃസ്‌ഥാപിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണം. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പലയിടത്തും ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യുന്നുണ്ട്‌. ഇത്‌ ആവശ്യത്തിന്‌ ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്‌.
ജില്ലയില്‍ പുഴകളെല്ലാം കര കവിഞ്ഞൊഴുകുന്നതിനാല്‍ താഴ്‌ന്ന പ്രദേശങ്ങള്‍ മിക്കതും ഇപ്പോഴും വെള്ളത്തിലാണ്‌. 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 2025 പേരാണ്‌ നിലവില്‍ താമസിക്കുന്നത്‌. മഴ വീണ്ടും ശക്‌തി പ്രാപിച്ചേക്കാമെന്ന മുന്നറിയിപ്പ്‌ ഉള്ളതിനാല്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഒറ്റപ്പെട്ട മേഖലകളിലെല്ലാം അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം സജീവമാണ്‌. ഭക്ഷണപൊതി ഉള്‍പ്പടെയുള്ള സേവനങ്ങളും പ്രദേശത്ത്‌ സേന അംഗങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്‌. ജൈനിമേട്‌, ആണ്ടി മഠം, ശേഖരിപുരം, സഞ്‌ജയ്‌ നഗര്‍ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം ഇന്നലെയും തടസപ്പെട്ടു.

Ads by Google
Advertisement
Saturday 11 Aug 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW