Saturday, June 22, 2019 Last Updated 25 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.15 AM

കാലവര്‍ഷ താണ്ഡവം

uploads/news/2018/08/240384/3.jpg

അടിമാലി: ദിവസങ്ങള്‍ നീണ്ട കാലവര്‍ഷം ഹൈറേഞ്ചില്‍ താണ്ഡവമാടുന്നു. ജനജീവിതം സ്‌തംഭിച്ചു. മേഖലയില്‍ നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന്‌ വീടുകളാണ്‌ അപകടസ്‌ഥിതിയില്‍ തുടരുന്നത്‌. റോഡുകളില്‍ മണ്ണിടിച്ചില്‍ തുടരുകയാണ്‌. ഹൈറേഞ്ച്‌ മേഖലകളിലേക്കു ചരക്കു വാഹനങ്ങളുടെ സര്‍വീസും വിനോദ സഞ്ചാരികളുടെ വരവും കലക്‌ടറുടെ ഉത്തരവു മൂലം താല്‍ക്കാലികമായി നിരോധിച്ചു. ഇതോടെ ജില്ലയിലെ പ്രധാന പ്രവേശന കവാടങ്ങളിലൊന്നായ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത്‌ പോലീസ്‌ വാഹനങ്ങള്‍ തടയുകയാണ്‌.
അപകടസാധ്യത മുന്‍നിര്‍ത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ വൈകുന്നേരവും രാത്രി വൈകിയും മൈക്ക്‌ അനൗണ്‍സ്‌മെന്റിലൂടെ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി. പ്രധാന റോഡുകള്‍ തകര്‍ന്നു യാത്ര ദുഷ്‌കരമായി. 12.3 കോടി മുടക്കി നിര്‍മിച്ച, ഒളിമ്പ്യന്‍ കെ.എം. ബീനാ മോളുടെ പേരിലുള്ള പണിക്കന്‍കുടി കൊന്നത്തടി-പൊന്മുടി റോഡ്‌ ഇടിഞ്ഞു താഴ്‌ന്നു.
വ്യാഴാഴ്‌ച സന്ധ്യയോടെയാണു സംഭവം. കൊന്നത്തടി പഞ്ചായത്ത്‌ യു.പി. സ്‌കൂളിനു സമീപത്താണ്‌ 30 മീറ്ററോളം നീളത്തിലുള്ള ഭാഗം ഇടിഞ്ഞു താഴ്‌ന്നത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഈ വഴി കടന്നു പോയി എതാനും നിമിഷങ്ങള്‍ക്കകമാണ്‌ റോഡ്‌ കുറുകെ പൊട്ടി ഇടിഞ്ഞു താഴ്‌ന്നത്‌. ഹൈറേഞ്ച്‌ മേഖലയിലെ ഗ്രാമീണ റോഡുകളെല്ലാം തന്നെ തകര്‍ന്നടിഞ്ഞു.
ആദിവാസിക്കുടികളിലെല്ലാം ജനജീവിതം ദുഃസഹമായി തുടരുകയാണ്‌. ടൗണ്‍ പരിസരത്തുള്ള മന്നാംകാല, ചാറ്റുപാറ, മൂകാംബിക നഗര്‍, പൊളിഞ്ഞപാലം തുടങ്ങിയ മേഖലകളിലെല്ലാം നൂറുകണക്കിനു വീടുകളില്‍ വെള്ളം കയറിയ സാഹചര്യം ഇപ്പോഴും തുടരുകയാണ്‌. മേഖലയില്‍ ഒട്ടുമിക്ക സ്വകാര്യബസുകളും ഇന്നലെയും സര്‍വീസ്‌ നടത്തിയില്ല. ദിവസങ്ങളായി ഹൈറേഞ്ച്‌ ഇരുട്ടിലാണ്‌. അടിമാലിക്കു സമീപം ചാറ്റുപാറയില്‍ പ്രവര്‍ത്തിക്കുന്ന 11 കെ.വി. സബ്‌ സ്‌റ്റേഷനില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്നു ബുധനാഴ്‌ച നിലച്ച വൈദ്യുതി പുനഃസ്‌ഥാപിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇന്നലെ വൈകുന്നേരത്തോടെ ഏതാനും സമയം ടൗണില്‍ വൈദ്യുതി എത്തിയെങ്കിലും വൈകാതെ നിലച്ചു. സമീപ മേഖലകളായ കൊന്നത്തടി, മാങ്കുളം, വെള്ളത്തൂവല്‍ ഭാഗങ്ങളിലും വൈദ്യുതി എത്തിയിട്ടു ദിവസങ്ങള്‍ പിന്നിട്ടു.
മാങ്കുളം മേഖലയില്‍ റോഡുകള്‍ ഗതാഗത യോഗ്യമാക്കി ബസ്‌ സര്‍വീസ്‌ പുനഃരാരംഭിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. നിരവധി വൈദ്യുതി പോസ്‌റ്റുകള്‍ ഇവിടെ അപകടാവസ്‌ഥയിലാണ്‌. താളുംകണ്ടം ഉള്‍പ്പടെയുള്ള മേഖലകളില്‍ അപകടകരമായ നിരവധി വീടുകളില്‍ ഭീതിയോടെയാണ്‌ ആളുകള്‍ രാത്രി കഴിച്ചു കൂട്ടുന്നത്‌. മണ്ണിടിച്ചിലിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും പരിക്കേറ്റ നിരവധി ആളുകളാണ്‌ ആശുപത്രികളില്‍ കഴിയുന്നത്‌. നാലു പതിറ്റാണ്ടിനുള്ളില്‍ കാണാത്ത തരത്തിലുള്ള മഴയാണു ഹൈറേഞ്ചിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നത്‌. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉള്‍പ്പടെയുള്ള സംസ്‌ഥാന നേതാക്കള്‍ അടിമാലിയില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു വരികയാണ്‌.

മുരിക്കാശേരി: കനത്ത മഴയെത്തുടര്‍ന്ന്‌ കൊച്ചുതാഴംപടിയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. മനപ്പുറത്ത്‌ തോമാച്ചന്റെ വീടും സ്‌ഥലവും പൂര്‍ണമായും വെള്ളത്തിനടിയിലാണ്‌. അഞ്ചടിയോളം വെളളമാണു വീടിനുള്ളിലും പുരയിടത്തിലും കയറിയത്‌. ഇവരുടെ കാറും വെള്ളത്തിനടിയിലായി.
സമീപത്തു താമസിക്കുന്ന താളനാനിക്കല്‍ ചാക്കോച്ചന്‍, തെങ്ങുംമ്പളളില്‍ സണ്ണി എന്നിവരുടെ സ്‌ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്‌. കഴിഞ്ഞ രണ്ടുദിവസമായി തകര്‍ത്തു പെയ്യുന്ന മഴമൂലം വെള്ളക്കെട്ട്‌ ഒഴിവാക്കാനുളള പരിശ്രമങ്ങളും പരാജയപ്പെട്ടു. മോട്ടോര്‍ ഉപയോഗിച്ച്‌ വെളളം പമ്പ്‌ ചെയ്‌തിട്ടും വെളളം കുറക്കാന്‍ കഴിഞ്ഞിട്ടില്ല. മുരിക്കാശേരി പോലീസ്‌ ജെ.സി.ബിയുമായി സ്‌ഥലത്തെത്തി വെളളം റോഡിലൂടെ ഒഴുക്കി വിടാന്‍ ശ്രമം നടത്തിയെങ്കിലും കാര്യമായി വെള്ളക്കെട്ട്‌ കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല.
ദുന്തനിവാരണ
പ്രവര്‍ത്തനങ്ങളുടെ
കേന്ദ്രമായി
ചെറുതോണി

ചെറുതോണി: കേരളം മുഴുവന്‍ ഉറ്റുനോക്കുന്നതു ചെറുതോണിയിലേക്കാണ്‌. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ചെറുതോണി മാറി. ജില്ലാ കലക്‌ടര്‍ ജീവന്‍ ബാബുവാണ്‌ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്‌. ഡാമില്‍നിന്നുള്ള വെള്ളത്തിന്റെ തോത്‌ ക്രമാതീതമായി വര്‍ധിപ്പിച്ചതോടെ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ റോഡിന്‌ കുറുകെ വടം കെട്ടി തിരിച്ചു. നിയന്ത്രണരേഖക്കുള്ളില്‍ വിവിധ വകുപ്പു ഉദ്യോഗസ്‌ഥരും 53 അംഗ ദേശീയ ദുരന്ത നിവാരണ സേനയും നിലയുറപ്പിച്ചിരിക്കുകയാണ്‌.
ജില്ലാ ഭരണകൂടത്തിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ഓരേ നിര്‍ദേശങ്ങളും ഉച്ചഭാഷിണിയിലൂടെ അറിയിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ ഒഴുകിവന്ന മരം വൈദ്യൂതി ലൈനില്‍ തട്ടി ടൗണിലെ വൈദ്യുതി വിതരണം നിലച്ചു. പൊട്ടിക്കിടന്ന വൈദ്യൂതി കമ്പികള്‍ മുറിച്ചു മാറ്റി, പുതിയ കമ്പി വലിച്ച്‌ വൈകുന്നേരത്തോടെ വൈദ്യുതി പുനഃസ്‌ഥാപിക്കാനായി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ ചെറുതോണിയില്‍ തമ്പടിച്ചിരിക്കുകയാണ്‌. രാത്രി ഏഴോടെ ചെറുതോണി ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം അസ്‌ക ലൈറ്റുകള്‍ സ്‌ഥാപിച്ച്‌ വെളിച്ചമെത്തിച്ചു. തുടര്‍ന്ന്‌ സ്‌ഥലത്ത്‌ തടിച്ചുകൂടിയവരെ ഒഴിപ്പിച്ചു.
അടിമാലിയിലെ ദുരുന്തമേഖല
ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു

അടിമാലി: അടിമാലിയില്‍ മണ്ണിടിച്ചിലുണ്ടായ മേഖലകളില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിമാലിയിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്‌. അഞ്ചുപേരുടെ ജീവന്‍ കവര്‍ന്ന എട്ടുമുറിയിലെ മണ്ണിടിച്ചില്‍ മേഖലയിലും രണ്ടുപേരുടെ ജീവന്‍കവര്‍ന്ന കുരങ്ങാട്ടിയിലും ഉമ്മന്‍ചാണ്ടി നേരിട്ടെത്തി സ്‌ഥിഗതികള്‍ വിലയിരുത്തി.
അടിയന്തിര സാഹചര്യം കണക്കിലെടുത്തു ദുരിതബാധിതര്‍ക്കു സഹായം എത്തിച്ച നല്‍കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്‌ സന്ദര്‍ശന ശേഷം ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. എട്ടുമുറിയിലെ മണ്ണിടിച്ചിലില്‍ നിന്നും രക്ഷപ്പെട്ട്‌ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹസന്‍കുട്ടിയെ ഉമ്മന്‍ ചാണ്ടി ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു. എ.കെ. മണി, ഇബ്രാഹിം കുട്ടി കല്ലാര്‍, റോയി കെ.പൗലോസ്‌, ഡീന്‍ കുര്യാക്കോസ്‌ മാത്യു കുഴലനാടന്‍, ജോര്‍ജ്‌ തോമസ്‌, എം.ഐ. ജബ്ബാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കാണാതായവര്‍ക്കായുള്ള
തെരച്ചില്‍ നിര്‍ത്തി

മുരിക്കാശേരി: രാജപുരത്ത്‌ ഉരുള്‍പൊട്ടി ഒലിച്ചു പോയ കരികുളത്ത്‌ രാജന്‍, ഉഷ എന്നിവര്‍ക്കു വേണ്ടിയുളള തെരച്ചില്‍ ഇന്നലെ ഉച്ചയോടെ താല്‍ക്കാലികമായി നിര്‍ത്തി.
പോലീസും അഗ്നിശമനസേനയുടെ ഒരു യൂണിറ്റും ഇപ്പോഴും സ്‌ഥലത്തുണ്ടെങ്കിലും മഴ ശക്‌തിയായി പെയ്യുന്നതിനാല്‍ തെരച്ചില്‍ തുടരാനാകാതെ താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.
രാജപുരത്ത്‌ ഉരുള്‍പൊട്ടി ഒലിച്ച്‌ പോയ കരകുളത്ത്‌ മീനാക്ഷി(90)യുടെ മൃതദേഹം കമ്പിളികണ്ടത്തുളള മൂത്തമകന്‍ ബാലകൃഷ്‌ണന്റെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ കൂടി തുറന്നതോടെ പെരിയാറ്റില്‍ വലിയ വെള്ളമൊഴുക്ക്‌ ആയതിനാല്‍ തെരച്ചില്‍ നടത്താന്‍ കഴിയുന്നില്ല. ജെ.സി.ബി. ഉപയോഗിച്ചും ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരുടെ സഹകരണത്തോടെയും ഒലിച്ചുപോയ പറമ്പിലും സമീപത്തുമുള്ള മണ്ണിനടിയിലും നടത്തിയ തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. നാശനഷ്‌ടം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇവിടെ സന്ദര്‍ശനം നടത്തി.
ഏലച്ചെടികള്‍ നശിച്ചു

കുഞ്ചിത്തണ്ണി: ലക്ഷക്കണക്കിനു വിലയുള്ള ഏലച്ചെടികള്‍ നശിച്ചു. ബൈസണ്‍വാലിയില്‍ ഏലത്തോട്ടത്തില്‍ ഉരുള്‍പൊട്ടി ഒന്നരയേക്കര്‍ സ്‌ഥലത്തെ അഞ്ഞൂറോളം ഏലച്ചെടികള്‍ നശിച്ചത്‌.
വാഴയില്‍ സനില്‍, വെള്ളക്കുന്നേല്‍ അപ്പച്ചന്‍ എന്നിവരുടെ തോട്ടത്തിലെ ഏലച്ചെടികളാണു നശിച്ചത്‌. കായ്‌ഫലമുള്ള തോട്ടം ആയതിനാല്‍ ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്‌ടം ഉണ്ടായി. മുല്ലക്കാനം കുരങ്ങുപാറ റോഡില്‍ വന്‍മരം ഒടിഞ്ഞുവീണ്‌ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
മാറ്റിവച്ചു

മുരിക്കാശേരി: റോട്ടറി ക്ലബ്‌ ഓഫ്‌ മുരിക്കാശേരി ഇന്നു നടത്താന്‍ നിശ്‌ചയിച്ചിരുന്ന ദേശഭക്‌തിഗാന മത്സരം കനത്ത മഴയും, സ്‌കൂള്‍ അവധിയുംമൂലം മാറ്റിവച്ചു.

Ads by Google
Advertisement
Saturday 11 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW