Friday, September 14, 2018 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

തൊഴിലുറപ്പ്‌ തൊഴിലാളികള്‍ക്ക്‌ വേതനം ലഭിച്ചിട്ട്‌ മാസങ്ങള്‍

ആലക്കോട്‌: വേതനം ലഭിക്കാത്തതില്‍ പ്രതിക്ഷേധിച്ച്‌ തൊഴിലുറപ്പു തൊഴിലാളികള്‍ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ ഇളംദേശം ബ്ലോക്ക്‌ ഓഫീസ്‌ ഉപരോധിച്ചു. പഞ്ചായത്തിലെ സ്‌കില്‍ഡ്‌ തൊഴിലാളികള്‍ക്ക്‌ ഏഴുമാസവും അല്ലാത്ത തൊഴിലാളികള്‍ക്ക്‌ നാലുമാസമായിട്ടും വേതനം ലഭിച്ചിട്ടില്ലെന്നു തൊഴിലാളികള്‍ പറഞ്ഞു.
പണം കിട്ടുമെന്ന വിശ്വാസത്തില്‍ മഴയെ പോലും അവഗണിച്ചാണു പലരും ജോലി ചെയ്‌തിരുന്നത്‌. തൊഴിലുറപ്പിന്റെ ജില്ലാ മേധാവിയെ വിവരം അറിയിച്ചപ്പോള്‍ ഫണ്ട്‌ വന്നില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നുപറഞ്ഞ്‌ ഒഴിവാകുകയായിരുന്നു. ബ്ലോക്ക്‌ ഓഫീസില്‍ അന്വേഷിച്ചപ്പോളും അതേ മറുപടിയാണു ലഭിച്ചത്‌.
പട്ടിക വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തിലെ ഭൂരിഭാഗം തൊഴിലാളി കുടുംബങ്ങളും ഇപ്പോള്‍ പട്ടിണിയിലാണ്‌. വീട്ടു സാധനങ്ങള്‍ വാങ്ങുന്ന കടക്കാര്‍ ഇപ്പോള്‍ സാധനങ്ങള്‍ കടംകൊടുക്കാത്ത സ്‌ഥിതിയാണ്‌. ഫണ്ടിന്റെ കാര്യം പറഞ്ഞ്‌ കേന്ദ്രസര്‍ക്കാരും സംസ്‌ഥാനസര്‍ക്കാരും പരസ്‌പരം പഴിചാരി വഞ്ചിക്കുകയാണെന്നു തൊഴിലാളികള്‍ ആരോപിച്ചു.
ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും ഇതേ സ്‌ഥിതിയാണ്‌. യഥാര്‍ഥപ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും തൊഴില്‍ മേഖലയില്‍ എഴുപതു ശതമാനം കുറവുവന്നത്‌ പരിഹരിക്കണമെന്നും വേതനം സമയബന്ധിതമായി നല്‍കണമെന്നും ഉപരോധ സമരം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍ മോഹന്‍ദാസ്‌ പുതുശേരി പറഞ്ഞു.
അല്ലാത്ത പക്ഷം കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പടുത്തി തിരുവോണദിവസം ബ്ലോക്ക്‌ ഓഫീസിനു മുന്‍പില്‍ ഉപവാസ സമരം നടത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു. വേതന കാര്യങ്ങള്‍ ചൂണ്ടി കാണിച്ചു പ്രധാനമന്ത്രി, മുഖ്യമന്ത്രി, വകുപ്പു മന്ത്രി തുടങ്ങിയവര്‍ക്ക്‌ പരാതി നല്‍കാന്‍ ഒരുങ്ങുകയാണു തൊഴിലാളികള്‍.
ഉപരോധസമരത്തിന്‌ പഞ്ചായത്തംഗങ്ങളായ ലളിതമ്മ വിശ്വനാഥന്‍, ലാലി ജോസി, മേറ്റ്‌ മാരായ ഫിലോമിന സെബാസ്‌റ്റിയന്‍, ജയ ഗോപി, സുധാ സോമന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൊഴിലാളികളുടെ വേതന കാര്യത്തില്‍ ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും യാതൊരു വീഴ്‌ചയും ഉണ്ടായിട്ടില്ലെന്നും ഫണ്ട്‌ ലഭിക്കുന്നപക്ഷം എത്രയും വേഗം തൊഴിലാളികള്‍ക്കു വേതനം നല്‍കാന്‍ നടപടിയെടുക്കുമെന്നും ഇളംദേശം ബ്ലോക്ക്‌ പ്രസിഡന്റ്‌ ഷൈനി അഗസ്‌റ്റിന്‍ പറഞ്ഞു.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW