Wednesday, September 19, 2018 Last Updated 37 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

കനത്തമഴ: റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു

uploads/news/2018/08/240373/1.jpg

ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന്‌ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ച്‌ ജില്ലാ കലക്‌ടര്‍ എസ്‌. സുഹാസ്‌ ഉത്തരവായി. പുഴകളിലും തോടുകളിലും ജലനിരപ്പ്‌ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും, വെളളക്കെട്ടിലും, ബീച്ചുകളിലും ഇറങ്ങാതിരിക്കാന്‍ പൊതുജനം ശ്രദ്ധിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.
എടത്വാ: പമ്പാ, കക്കി ഡാം തുറന്നതോടെ പമ്പ നദി കരകവിഞ്ഞു. അപ്പര്‍ കുട്ടനാട്ടിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വെള്ളത്തിന്റെ വരവ്‌ ശക്‌തിയര്‍ജ്‌ജിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തരാണ്‌. ഇന്നലെ ഉച്ചയോടെ എടത്വാ, തലവടി, തകഴി, വീയപുരം, പാണ്ടി, കരുവാറ്റ പ്രദേശങ്ങളിലെ താഴ്‌ന്ന സ്‌ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പാണ്ടി പുത്തനാറ്റില്‍ ശക്‌തമായ ഒഴുക്ക്‌ അനുഭവപ്പെട്ടു. ഇരുകരയിലുമുള്ള താമസക്കാര്‍ ഭയത്തോടാണ്‌ വീടുകളില്‍ താമസിക്കുന്നത്‌.
ഒറ്റപ്പെട്ട കുടുംബങ്ങളില്‍ താമസിക്കുന്നവര്‍ വീട്ടുപകരണങ്ങള്‍ ഉയര്‍ന്ന സ്‌ഥലങ്ങളിലേക്ക്‌ മാറ്റിയശേഷം വീടുകളില്‍ നിന്ന്‌ പലായനം ചെയ്യാന്‍ ഒരുങ്ങുകയാണ്‌. കഴിഞ്ഞ രണ്ടു ദിവസമായ പോലീസ്‌ സ്‌റ്റേഷന്‍ വഴി മൈക്കില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. എടത്വാ ഹരിപ്പാട്‌ റോഡില്‍ വെള്ളം കയറിയതോടെ ചെറുവണ്ടികളുടെ ഗതാഗതം ഭാഗികമായി നിലച്ചു. ഗ്രാമീന്ന വഴികള്‍ ഇന്നലെ വൈകിട്ടോടെ മുട്ടറ്റം വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇടവിട്ട്‌ മഴ ശക്‌തിപ്പെടുന്നതിനാല്‍ കഴിഞ്ഞ പ്രാവശ്യത്തെക്കാര്‍ വെള്ളം ഉയരുമെന്നാണ്‌ ജനങ്ങളുടെ ആശങ്ക.
വെള്ളം ഉയര്‍ന്നാല്‍ അപ്പര്‍ കുട്ടനാട്ടിലെ തുരുത്തുകള്‍ ഒറ്റപ്പെടും. 13നു ശേഷം കാലവര്‍ഷം ശക്‌തിപ്പെടുമെന്നു കാലാവസ്‌ഥാ ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുമ്പോള്‍ ജനജീവിതം തികച്ചും ദുരിത പൂര്‍ണമായി തീരാനാണു സാധ്യത. ലക്ഷങ്ങളുടെ കാര്‍ഷിക നഷ്‌ടമാണു രണ്ട്‌ വെള്ളപ്പൊക്കത്തോടെ സംഭവിച്ചത്‌.
വെള്ളപ്പൊക്ക കെടുതിയില്‍ നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നിരുന്നു. ഇനിയൊരു വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയാത്ത നിലയില്‍ കുട്ടനാട്ടുകാര്‍ തകരും.
പമ്പ നദിയിലും കൈവഴികളിലും മത്സ്യബന്ധനത്തിനോ പ്രാഥമികാവശ്യങ്ങള്‍ക്കോ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്‌. റവന്യു വകുപ്പ്‌ ഉദ്യോഗസ്‌ഥരും പോലീസും ജാഗരൂകരാണ്‌. അടിയന്തിരഘട്ടം തരണം ചെയ്യാന്‍ തയ്യാറായിട്ടാണ്‌ ഉദ്യോഗസ്‌ഥര്‍ നില്‍ക്കുന്നത്‌. പിരിച്ചുവിട്ട ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്നു മുതല്‍ സജീവമാകാനാണ്‌ സാധ്യത. വെള്ളം പടിവാതുക്കല്‍ എത്തിയതോടെ വിവിധ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ക്യാമ്പ്‌ തുടരാനുള്ള ആലോചന യോഗത്തിലാണ്‌. കുട്ടനാട്ടിലെ ഏതാനും പഞ്ചായത്തുകളില്‍ ക്യാമ്പ്‌ പിരിച്ചുവിട്ടിട്ടില്ല.
'ദുരന്തനിവാരണ സേനയുടെ
സേവനത്തിന്‌ കലക്‌ടറേറ്റില്‍
അറിയിക്കണം'

ആലപ്പുഴ: പമ്പ ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത്‌ മഴ തുടരുന്നതിനാല്‍ പമ്പ ഡാമിലേക്കുള്ള നീരൊഴുക്കു വര്‍ധിച്ചു. പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ വീയപുരം, ചെറുതന, പള്ളിപ്പാട്‌, കരുവാറ്റ, ചേപ്പാട്‌, തൃക്കുന്നപ്പുഴ, കുമാരപുരം വില്ലേജുകളിലും കുട്ടനാട്‌ താലൂക്കിലെ തകഴി, പുളിങ്കുന്ന്‌, കൈനകരി, എടത്വ, തലവടി, ചമ്പക്കുളം, രാമങ്കരി, മുട്ടാര്‍, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന എടനാട്‌, മുണ്ടങ്കാവ്‌, മംഗലം എന്നീ സ്‌ഥലങ്ങളിലും ചെങ്ങന്നൂര്‍ താലൂക്കിന്റെ കീഴില്‍ വരുന്ന പാണ്ടനാട്‌, തിരുവന്‍വണ്ടൂര്‍, കൊരട്ടിശേരി, മാന്നാര്‍ എന്നീ വില്ലേജുകളിലും ജലനിരപ്പ്‌ ഉയരുവാന്‍ സാധ്യതയുള്ളതായി തഹസീല്‍ദര്‍മാരും എസ്‌.ഇ.ഒ.സി, ഇറിഗേഷന്‍ വകുപ്പുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
ജില്ലാ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍.ഡി.ആര്‍.എഫ്‌ സേവനങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ കലക്‌ടറേറ്റില്‍ അറിയിക്കണം. ജില്ലയില്‍ കലക്‌ടറേറ്റിലും താലൂക്ക്‌ കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്‌. ഇനിപ്പറയുന്ന നമ്പരുകളില്‍ ആവശ്യമെങ്കില്‍ വിളിക്കാം. കലക്‌ടറേറ്റ്‌- 0477-2238630, അമ്പലപ്പുഴ- 0477-2253771, ചേര്‍ത്തല- 0478-2813103, കാര്‍ത്തികപ്പള്ളി- 0479-2412797, കുട്ടനാട്‌- 0477- 2702221, മാവേലിക്കര- 0479-2302216, ചെങ്ങന്നൂര്‍- 0479-2452334
ക്യാമ്പുകളില്‍ 760 പേര്‍:
ഭക്ഷണകേന്ദ്രങ്ങളില്‍
15716 പേര്‍

ആലപ്പുഴ: ജില്ലയില്‍ വിവിധ താലൂക്കുകളിലായി നിലവില്‍ ഒമ്പതു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ വിഭാഗം കണ്‍ട്രോള്‍ റൂം അറിയിച്ചു. 190 കുടുംബങ്ങളിലെ 760 പേരാണ്‌ ഈ ക്യാമ്പുകളില്‍ കഴിയുന്നത്‌. വിവിധയിടങ്ങളില്‍ ഡാമുകള്‍ തുറന്നെങ്കിലും ജില്ലയിലുള്ളവര്‍ പരിഭ്രാന്തരാകേണ്ട അവസ്‌ഥയില്ലെന്നും ദുരന്തനിവാരണ സേന അറിയിച്ചു. കക്കി ഡാം തുറന്നെങ്കിലും കുട്ടനാട്ടില്‍ പത്ത്‌ സെന്റിമീറ്റര്‍ മാത്രം വെള്ളമാണ്‌ ഉയര്‍ന്നതെന്നു കണ്‍ട്രോള്‍ റൂം വ്യക്‌തമാക്കി.
നിലവില്‍ അമ്പലപ്പുഴയില്‍ നാലു ക്യാമ്പുകളിലായി 426 പേരും ചേര്‍ത്തലയില്‍ രണ്ട്‌ ക്യാമ്പുകളിലായി 249 പേരും ചെങ്ങന്നൂരില്‍ രണ്ട്‌ ക്യാമ്പുകളിലായി 56 പേരും മാവേലിക്കരയില്‍ ഒരു ക്യാമ്പില്‍ 29 പേരുമാണുള്ളത്‌.
കുട്ടനാട്ടില്‍ നിലവില്‍ ക്യാമ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും തഹസില്‍ദാര്‍മാര്‍ അറിയിച്ചതായി കണ്‍ട്രോള്‍ റൂം പറഞ്ഞു. എന്നാല്‍ 137 ഭക്ഷണ കേന്ദ്രങ്ങളില്‍ 3823 കുടുംബങ്ങളിലെ 15716 പേര്‍ സഹായം തേടിയെത്തിയിട്ടുണ്ട്‌. അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ജില്ലാ ഭരണകൂടം സജ്‌ജമാണെന്നും അവര്‍ അറിയിച്ചു.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW