തൃപ്പൂണിത്തുറ - നിക്ഷേപം എട്ടര വര്‍ഷം കൊണ്ട് ഇരട്ടിയാക്കാം,വന്‍ തുകയുടെ മെഡിക്ലെയിം പോളിസികള്‍ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് 150 കോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസ്സില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറേയും സ്ഥാപനത്തിന്റെ ഡിവിഷണല്‍ മാനേജരായ യുവതിയെയും ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു.എസ്.കെ.എന്‍ കോര്പ്പ റേഷന്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരന് തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി കവല്ലൂര്‍ വീട്ടില്‍ കെ.എന്‍.സന്തോഷ് (56) ഇപ്പോള്‍ ചാലക്കുടിയില്‍ താമസിക്കുന്ന ചേര്‍ത്തല വാരനാട് മംഗലത്തുവെളിയില് നീന എസ്.ഗിരി (43) എന്നിവരെയാണ് ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ പി.എസ്.ഷിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ചാലക്കുടി,എറണാകുളം എന്നിവിടങ്ങളില്‍ നിന്നും പലരില്‍ നിന്നുമായി 150 കോടിയോളം രൂപ ഇവര്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറയുന്നു. എന്‍.കെ.സിംഗ് എന്ന നേപ്പാള്‍ സ്വദേശിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹോദര സ്ഥാപനം എന്ന നിലയിലാണ് എസ്.കെ.എന്‍ കോര്പ്പറേഷന് പ്രവര്‍ത്തിച്ചിരുന്നത്.നിക്ഷേപം ഇരട്ടിപ്പിച്ചു നല്കാമെന്നുംവലിയ തുകയുടെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നല്‍കാം എന്നും വാഗ്ദാനം നല്‍കിയായിരുന്നു വന്‍തുകകള്‍ സ്വീകരിച്ചിരുന്നത്.ഇരുപതിനായിരത്തോളം നിക്ഷേപകരില്‍ നിന്നുമായി 150 കോടി രൂപയോളം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 1992 ലാണ് കമ്പനി നിക്ഷേപത്തട്ടിപ്പ് തുടങ്ങിയത്. മുംബൈയിലാണ് കമ്പനിയുടെ ആസ്ഥാനം . സ്ഥാപനത്തിന് കേരളത്തില്‍ എറണാകുളം, ചാലക്കുടി, ആലുവ, കോട്ടയം തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഓഫീസുകളുമുണ്ട്. സ്ഥാപനത്തിലെ 14 പേര്‍ക്കെതിരെയാണ് കേസ്.തട്ടിപ്പുമായി ബന്ധപ്പെട്ട് ഫിനോമിലന് കമ്പനിയുടെ നാലു പേരെ മുമ്പ് അറസ്റ്റു ചെയ്തിരുന്നു.എന്‍.കെ.സിംഗ് ആണ് ഒന്നാം പ്രതി. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് മൊത്തം 65 ഓളം കേസ്സുകളുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ആദ്യ അറസ്റ്റാണിതെന്ന് ഇന്‍സ്പെക്ടര്‍ പി.എസ്.ഷിജു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എ.എസ്.ഐ.ഷാജു, വിനോദ് ,സി.പി ഒ. ഷിജു എന്നിവരും ഉണ്ടായിരുന്നു.ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അനേ്വഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.