Sunday, April 21, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.40 AM

കൈയ്യും മെയ്യും മറന്ന്‌ ദുരന്തമുഖത്ത്‌ നാട്ടുകാരും അധികൃതരും

അടിമാലി:
ഇന്നലെയുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നേരിടാന്‍ കൈയും മെയ്യും മറന്നാണു നാട്ടുകാരും അഗ്നി രക്ഷാസേനാ പ്രവര്‍ത്തകരും പോലീസും രംഗത്തെത്തിയത്‌. പുലര്‍ച്ചെ മൂന്നോടെയാണ്‌ എട്ടുമുറിയില്‍ ദേശീയ പാതയിലേക്കു വന്‍ ഉരുള്‍പൊട്ടലുണ്ടായത്‌. സംഭവത്തിന്റെ സൂചന പുറം ലോകമറിഞ്ഞതോടെ കേട്ടവര്‍ കേട്ടവര്‍ കനത്ത മഴയെ അവഗണിച്ച്‌ ഇവിടേയ്‌ക്കെത്തി. ,
എത്രപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നറിയാതെ ആദ്യഘട്ടത്തില്‍ എല്ലാവരും ഒന്നു പകച്ചെങ്കിലും ഒരുനിമിഷം പോലും പാഴാക്കാതെ രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. ബുധനാഴ്‌ച വൈകിട്ട്‌ തന്നെ വൈദ്യുതി പൂര്‍ണമായി നിലച്ചതും ശക്‌തമായ മഴയും ചെളിയും രക്ഷാപ്രവര്‍ത്തനത്തിന്‌ വിഘാതമായി. നേരം പുലര്‍ന്നതോടെ ഗൃഹനാഥനായ ഹസന്‍കുട്ടിയെയും ഇവരുടെ വീട്ടില്‍ വിരുന്നെത്തിയ ബന്ധു സൈനുദ്ദീനെയും കണ്ടെത്തി ആശുപത്രിയിലേക്കു മാറ്റി.
ഇതിനോടകം മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പര്‍ ലോറികളുമെത്തിച്ചു രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. ടൗണിലെത്തിയ വ്യാപാരികള്‍ സ്‌ഥാപനങ്ങള്‍ തുറക്കാതെ തന്നെ സംഭവ സ്‌ഥലത്തേക്ക്‌ എത്തി.
വാഹനങ്ങള്‍ ഓടിക്കാതെ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം ആശുപത്രിയിലും ദുരന്തമുഖങ്ങളിലും സജീവമായി. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്‌തു. ഇതിനിടെയാണു കുരങ്ങാട്ടി ആദിവാസി കുടിയിലെ ഉരുള്‍പൊട്ടല്‍ വാര്‍ത്ത ജനമറിഞ്ഞത്‌. ഒരു വിഭാഗം ആളുകള്‍ ഇവിടേക്കു കുതിച്ചു. ഉരുള്‍പൊട്ടലില്‍ ആദ്യം ഒരാള്‍ മരിച്ചെന്ന വാര്‍ത്തയാണു പ്രചരിച്ചത്‌. പിന്നാലെയാണ്‌ മലയോര ജനതയെ കണ്ണീരിലാഴ്‌ത്തി ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ധിച്ചത്‌. മേഖലയില്‍ വൈദ്യുതി ഇല്ലാതിരുന്നത്‌ മൂലം ഒട്ടുമിക്ക ആളുകളുടെയും മൊബൈല്‍ ഫോണുകളും നിശ്‌ചലമായി. ഇതു രക്ഷാപ്രവര്‍ത്തനത്തിനിടെയുള്ള ആശയ വിനിമയത്തിന്‌ വിഘാതമായി. ഉച്ചയ്‌ക്കു മുന്‍പായി തന്നെ അടിമാലിയിലെ ഏഴു മൃതദേഹങ്ങളും താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ എത്തിച്ചു. ഇതിനിടെ കമ്പിളികണ്ടത്തുനിന്നും തങ്കമ്മയുടെ മൃതദേഹവും എത്തിച്ചു. ഇതോടെ ആശുപത്രി വളപ്പും ജനസാന്ദ്രമായി. ആശുപത്രിയിലെ ഡോക്‌ടര്‍മാരെല്ലാം തന്നെ പോസ്‌റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ പരിശ്രമിച്ചു.
ദേവികുളം സബ്‌ കലക്‌ടര്‍ വി.ആര്‍. പ്രേംകുമാര്‍, തഹസില്‍ദാര്‍ പി.കെ. ഷാജി, വില്ലേജ്‌ ഓഫീസര്‍ വി.ബി. ജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും സ്‌ഥലത്തെത്തി. ആദ്യം ആദിവാസിക്കുടിയില്‍ നിന്നുള്ള മോഹനന്‍- ശോഭന ദമ്പതികളുടെ പോസ്‌റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടു നല്‍കി. പിന്നാലെ തങ്കമ്മയുടേതും. ഒടുവില്‍ എട്ടുമുറി പുതിയകുന്നേല്‍ മുജീബ്‌, മാതാവ്‌ ഫാത്തിമ, ഭാര്യ ഷെമീനാ, മക്കളായ ദിയ, നിയ എന്നിവരുടെ മൃതദേഹങ്ങളും നടപടി പൂര്‍ത്തിയാക്കി വിട്ടുനല്‍കി. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ വാഹനത്തിലേക്കു കയറ്റിയതോടെ കണ്ടു നിന്നവരെല്ലാം ഉള്ളം പിടഞ്ഞ്‌ തേങ്ങുകയായിരുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യാ പൗലോസ്‌, എസ്‌. രാജേന്ദ്രന്‍ എം.എല്‍.എ, എ.കെ. മണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. മുരുകേശന്‍, കൊന്നത്തടി പഞ്ചായത്ത്‌ പ്രസിഡന്റ ജോര്‍ജ്‌ ജോസഫ്‌ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു.
ബിജു ലോട്ടസ്‌

Ads by Google
Advertisement
Friday 10 Aug 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW