ഉടുമ്പന്‍ചോല: പേമാരിയില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ കനത്തനാശം. 20 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 50-ല്‍പ്പരം വീടുകള്‍ തകര്‍ന്നു. മാവടിയില്‍ വീടിനു മുകളിലേക്കു ഉരുള്‍പൊട്ടി വീട്ടമ്മ മണ്ണിനടിയില്‍ പെട്ടു. കട്ടക്കാല, മാവടി, മേലേചെമ്മണ്ണാര്‍, കാരക്കുന്ന്, ഏഴരയേക്കര്‍, മാവടി, പാറത്തോട്, പാമ്പുപാറ, പള്ളിക്കുന്ന്, മാവറസിറ്റി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. കട്ടക്കാല പുല്ലേട്ട് പി.വി അനീഷിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 12.30നാണ് ഉരുള്‍പൊട്ടലുണ്ടായത്. അരയേക്കറോളം സ്ഥലവും വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ഒലിച്ചുപോയി. ബുധനാഴ്ച രാത്രി കനത്തമഴയില്‍ മണ്ണും വെള്ളവും ഒഴുകിവന്നതോടെ അനീഷും കുടുംബാംഗങ്ങളും അയല്‍വീട്ടിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഉരുള്‍പൊട്ടല്‍. 2015-ല്‍ വന്‍ പാറക്കഷണം അടര്‍ന്നുവീണ് ഇവരുടെ വീട് തകര്‍ന്നിരുന്നു. പിന്നീട് നിര്‍മിച്ച പുതിയ വീടിനാണ് ഇപ്പോള്‍ കേടുപാടുകള്‍ സംഭവിച്ചത്.
പുലര്‍ച്ചെ മൂന്നോടെ വീടിനു മുകളിലേക്കു ഉരുള്‍പൊട്ടി വയോധിക മണ്ണിനടിയില്‍പ്പെട്ടു. മാവടി കൈതോലില്‍ സജിയുടെ വീടിനു മുകളിലേക്കാണ് ഉരുള്‍പൊട്ടിയത്. ഒഴുകി വന്ന മണ്ണും ചെളിയും സജിയുടെ മാതാവ് ത്രേസ്യാമ്മ കിടന്നിരുന്ന മുറിയിലേക്കാണു പതിച്ചത്. നാട്ടുകാര്‍ ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തി ത്രേസ്യാമ്മയെ നിസാര പരുക്കുകളോടെ രക്ഷപ്പെടുത്തി. മഞ്ഞപാറ-പൊന്നാമല റോഡ് തകര്‍ന്ന് ഗതാഗതം നിലച്ചതോടെ മേഖലയിലെ നൂറുകണക്കിനു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ചെമ്മണ്ണാര്‍ ആട്ടുപാറ പെരുമാങ്കുളം മലയടിവാരത്തുണ്ടായ ഉരുള്‍പൊട്ടലാണു മേഖലയില്‍ നാശം വിതച്ചത്. കൂടാതെ പാമ്പുപാറ, പള്ളിക്കുന്ന്, ഏഴരയേക്കര്‍, മാവറസിറ്റി തുടങ്ങിയ സ്ഥലങ്ങളിലും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളുണ്ടായി.
ചെമ്മണ്ണാര്‍ അഞ്ചുമനക്കല്‍ ബിന്‍സന്റെ ഒരേക്കര്‍ സ്ഥലം ഉരുള്‍പൊട്ടി ഒലിച്ചുപോയി. ഉരുള്‍പൊട്ടിവന്ന കൂറ്റന്മാറ ദിശമാറിപ്പോയതിനാല്‍ കുടുംബത്തിലെ 20 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷപെട്ടു. ചെമ്മണ്ണാര്‍ കുന്നേല്‍ ബെന്നിയുടെ അരയേക്കര്‍ സ്ഥലം ഒലിച്ചുപോയി. മണ്ണും ചെളിയും വീണ് കിണറും കുളവും മൂടി. ബെന്നിയുടെ വീടിനും ഭാഗികമായി കേടുപാടു സംഭവിച്ചു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് നെടുംകല്ലേല്‍ ജോസിന്റെ കാര്‍ ഒലിച്ചുപോയി. കൊച്ചുപുരയ്ക്കല്‍ റോയി, സാബു, നെല്ലിയേക്കുന്നേല്‍ കുട്ടിയച്ചന്‍, കല്ലംപ്ലാക്കല്‍ ജോര്‍ജുകുട്ടി, കൊന്നയാങ്കല് മൈക്കിള്‍ എന്നിവരുടെ ഏക്കറുകണക്കിനു സ്ഥലം ഉരുള്‍പൊട്ടലില്‍ നശിച്ചു. പുന്നക്കുന്നേല്‍ സുരേഷിന്റെ വീട് ഇടിഞ്ഞുതാഴ്ന്നു. ചെമ്മണ്ണാര്‍-കുത്തുങ്കല്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മേഖലയിലെ സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനും റവന്യു വിഭാഗം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ഉടുമ്പന്‍ചോല ശിങ്കാരിക്കണ്ടത്ത് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മേഖലയിലെ 62 കുടുംബങ്ങളെ സമീപത്തെ വീടുകളിലേക്കു റവന്യൂ വിഭാഗം മാറ്റി പാര്‍പ്പിച്ചു. രാവിലെ ജലനിരപ്പ് താഴ്ന്നതോടെ ഇവര്‍ തിരികെ വീടുകളിലേക്കു മടങ്ങി. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.എസ്. ഭാനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മേഖലയില്‍ ക്യാമ്പ് ചെയ്തു രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
കല്ലാര്‍ പുഴ കരകവിഞ്ഞൊഴുകി ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കല്ലാര്‍ ഡൈവേര്ഷന് ഡാം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്നും താഴ്വാരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി. അധികൃതര്‍ മുന്നറിയിപ്പു നല്കി.