Sunday, June 16, 2019 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.40 AM

കലിതുള്ളിയ കാലവര്‍ഷത്തില്‍ അടിമാലി മേഖല നടുങ്ങി

അടിമാലി: കലിതുള്ളിയ കാലവര്‍ഷത്തില്‍ അടിമാലി മേഖല നടുങ്ങി. എട്ടു ജീവനുകള്‍ക്കു പിന്നാലെ കോടികളുടെ നാശമാണ്‌ ഉണ്ടായത്‌. നിരവധി വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ബുധനാഴ്‌ച രാത്രി പത്തു മണിയോടെ വെള്ളത്തൂവല്‍ മാങ്ങാപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാലുവീടുകള്‍ തകര്‍ന്നു. പുത്തന്‍പുരയില്‍ സാമുവല്‍, മുളയ്‌ക്കമാലില്‍ സെബാസ്‌റ്റ്യന്‍, കൊളമ്പക്കരയില്‍ സജി, ഈറക്കഴയില്‍ പൗലോസ്‌ എന്നിവരുടെ വീടുകളാണ്‌ തകര്‍ന്നത്‌. കൊന്നത്തടിയില്‍ പുല്ലു കണ്ടത്ത്‌ പ്രവര്‍ത്തിച്ചിരുന്ന അംഗണവാടി കെട്ടിടം നാമാവശേഷമായി. കുരിശുകൂത്തിയില്‍ പുതിയാം പേട്ടയില്‍ പരേതനായ രാജുവിന്റെ വീടും തകര്‍ന്നു.
കല്ലാര്‍ കുരിശുപാറയില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ചായക്കടയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന്‌ കെട്ടിടത്തില്‍ കുടുങ്ങിയ ദമ്പതികളെ മണിക്കൂറുകള്‍ക്കു ശേഷം നാട്ടുകാര്‍ രക്ഷപെടുത്തി. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്‌. കൊച്ചി-ധനുഷ്‌കോടി 85, അടിമാലി കുമളി 185 ദേശീയപാതകളില്‍ വിവിധ ഇടങ്ങളില്‍ മലയിടിച്ചില്‍ തുടരുകയാണ്‌. ബുധനാഴ്‌ച രാത്രിയില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍വരെയും അടിമാലി മുതല്‍ പനംകൂട്ടി വരെയുള്ള ദേശീയ പാതയില്‍ മുപ്പതോളം ഇടങ്ങളില്‍ മണ്ണിടിച്ചില്‍ മൂലവും മരം വീണും അപകടമുണ്ടായി. ആളപായം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധി വാഹനങ്ങള്‍ മണ്ണിനടിയിലായി. തോക്കുപാറയില്‍ യോഗം കഴിഞ്ഞ്‌ അടിമാലിയിലേക്കു വരികയായിരുന്ന വൈദികര്‍ സഞ്ചരിച്ച രണ്ടുവാഹനങ്ങളുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീണു. വാഹനങ്ങളിലുണ്ടായിരുന്ന ഫാ. പി.വി. റെജി പാലക്കാടന്‍, ഫാ. എല്‍ദോസ്‌ പുളിഞ്ചോട്ടില്‍, ഫാ. ബേസില്‍ പുളിഞ്ചോട്ടില്‍ എന്നിവരുടെ നേതൃത്വത്തിലുള്ളവര്‍ അത്ഭുതകരമായി രക്ഷപെട്ടു.
രാത്രിയില്‍ വിവിധ ഭാഗങ്ങളിലായി അന്‍പതോളം വാഹനങ്ങളും നാനൂറോളം യാത്രക്കാരും റോഡില്‍ അകപ്പെട്ടു പോയി. ബുധനാഴ്‌ച വൈകുന്നേരത്തോടെ നിലച്ച വൈദ്യുതി ഇനിയും പുനര്‍ സ്‌ഥാപിക്കാനായില്ല. അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന 11 കെ.വി. സബ്‌സ്‌റ്റേഷനില്‍ അടക്കം വന്‍തോതില്‍ വെള്ളം കയറിയിരിക്കുകയാണ്‌. അടിമാലി, ഇരുമ്പുപാലം ടൗണുകളിലെ അടി നിലയിലുള്ള ഒട്ടുമിക്ക വ്യാപാര സ്‌ഥാപനങ്ങളിലും ഈസേ്‌റ്റണ്‍ കറി പൗഡര്‍ കമ്പനിയിലും വെള്ളം കയറി കോടികളുടെ നഷ്‌ടമാണ്‌ രണ്ടുദിവസം കൊണ്ടുണ്ടായത്‌. മന്നാംകാല, ചാറ്റുപാറ, പൊളിഞ്ഞപാലം, പൂഞ്ഞാര്‍കണ്ടം, കരിംകുളം തുടങ്ങി ഒട്ടുമിക്ക മേഖലകളിലും നൂറുകണക്കിന്‌ വീടുകളില്‍ അരയ്‌ക്കൊപ്പം വെള്ളം കയറി വിലപ്പെട്ട രേഖകളും വീട്ടുപകരണങ്ങളും വ്യാപകമായി നശിച്ചു. നാലു പതിറ്റാണ്ടിനിടയില്‍ ഉണ്ടാകാത്ത വിധത്തിലുള്ള വെള്ളപ്പൊക്കവും മഴയുമാണു രണ്ടുദിവസമായി തുടരുന്നത്‌. ഇന്നലെ മേഖലയില്‍ സര്‍വീസ്‌ ബസുകളടക്കമുള്ള വാഹനങ്ങള്‍ ഓടിയില്ല. കടകമ്പോളങ്ങളും ഓഫീസുകളും ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചില്ല. കൊച്ചി-ധനുഷ്‌ കോടി ദേശീയപാതയില്‍ ഗതാഗതം താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്‌. മലയിടിച്ചില്‍ തുടരുന്ന പശ്‌ചാത്തലത്തിലാണ്‌ നടപടി. നേര്യമംഗത്തും അടിമാലിയിലും പോലീസ്‌ രംഗത്തിറങ്ങിയാണ്‌ വാഹനങ്ങള്‍ തടയുന്നത്‌. രാത്രി കാലങ്ങളില്‍ യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്നാണു നിര്‍ദേശം.

മഴയും ഇരുട്ടും
രക്ഷാപ്രവര്‍ത്തത്തിന്‌ തടസമായി

മുരിക്കാശേരി: രാജപുരത്ത്‌ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനു വിഘാതമായതു കനത്തമഴയും ഇരുട്ടും. രാജപുരം കരികുളത്ത്‌ മീനാക്ഷിയുടെ വീടാണ്‌ പൂര്‍ണമായും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്‌. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിലാണ്‌ പെരിയാറിനു സമീപം തോടിനോടു ചേര്‍ന്നു മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്‌. ഇവരുടെ മക്കളായ രാജനും ഉഷക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്‌. ഇന്നലെ പുലര്‍ച്ച 4.30 നാണ്‌ ഉരുള്‍പ്പൊട്ടലുണ്ടായത്‌.
വാത്തിക്കുടി പഞ്ചായത്തില്‍ മുരിക്കാശേരി ടൗണില്‍നിന്നും ഏകദേശം നാലര കിലോമീറ്റര്‍ അകലെയാണ്‌ ഈ സംഭവം ഉണ്ടായത്‌. ശക്‌തമായ മഴയില്‍ വലിയ ഒച്ച കേട്ടുകൊണ്ടാണ്‌ അയല്‍വാസികള്‍ ഉറക്കമുണര്‍ന്നത്‌. നോക്കിയപ്പോള്‍ വീട്‌ പൂര്‍ണമായും ഒഴുകിപോയിരുന്നു. ഉടന്‍തന്നെ അയല്‍വാസികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. രാത്രിയില്‍ തന്നെ തിരച്ചില്‍ തുടങ്ങി. എന്നാല്‍ ശക്‌തമായ മഴയും ഇരുട്ടും മൂലം കാര്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രയാസമായിരുന്നു. വിവരമറിഞ്ഞ ഉടന്‍ തന്നെ മുരിക്കാശേരി, പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ സി.ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘവും സ്‌ഥലത്തെത്തി. പോലീസ്‌ വിവരമറിയിച്ചതനുനസരിച്ച്‌ ഇടുക്കില്‍നിന്നും ഫയര്‍ഫോഴ്‌സും രാവിലെ 7 മണിയോടെ സ്‌ഥലത്തെത്തി. വീടിന്റെ താഴ്‌ഭാഗത്തുകൂടി ഒരു തോട്‌ ഒഴുകുന്നുണ്ട്‌. ഈ തോട്‌, അധികം ദൂരത്തിലല്ലാത്ത പെരിയാറിലേക്കു ചെന്നുചേരുകയാണ്‌. ശക്‌തമായ മഴവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടു പേരുടെ ദേഹം തോട്ടിലൂടെ പെരിയാറ്റിലേക്ക്‌ ഒഴുകിപ്പോയിട്ടുണ്ടോ എന്നും നാട്ടുകാര്‍ക്ക്‌ സംശയമുണ്ട്‌. വീടിന്റെ സമീപത്തുണ്ടായിരുന്ന ഒരു കിണര്‍ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും നികന്നു. കാണാതായവരുടെ ശരീരം ഇതില്‍ പെട്ടിട്ടുണ്ടോ എന്നും സംശയിക്കുന്നു. ഒരു നാടിനെയാകെ ദുഖത്തിലാഴ്‌ത്തുന്ന വാര്‍ത്ത കേട്ടാണു രാജപുരം പ്രദേശവാസികള്‍ ഇന്നലെ ഉറക്കമുണര്‍ന്നത്‌.

Ads by Google
Advertisement
Friday 10 Aug 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW