Monday, July 22, 2019 Last Updated 47 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.40 AM

നെഹ്‌റുട്രോഫി വള്ളംകളി ഒരാഴ്‌ചത്തേക്കു മാറ്റി

uploads/news/2018/08/240098/1.jpg

ആലപ്പുഴ: കാലവര്‍ഷം കനത്ത പശ്‌ചാത്തലത്തില്‍ നാളെ നടക്കേണ്ട നെഹ്‌റുട്രോഫി വള്ളംകളി ഒരാഴ്‌ചത്തേക്കു മാറ്റാന്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി ഭരണസമിതിയോഗം തീരുമാനിച്ചതോടെ ബോട്ട്‌ ക്ലബ്ബുകള്‍ക്കു വന്‍ സാമ്പത്തിക നഷ്‌ടം.
രണ്ടാഴ്‌ചയിലേറെ വരെ പരിശീലനം നടത്തിയ ക്ലബ്ബുകള്‍ക്ക്‌ ഇതിനോടകം 25-30 ലക്ഷം രൂപ ചെലവു വന്നിട്ടുണ്ട്‌. തുഴച്ചില്‍ക്കാരുടെ കൂലി, ഭക്ഷണം തുടങ്ങിയ ഇനങ്ങളിലാണു പണം ചെലവഴിച്ചത്‌. വള്ളംകളി മാറ്റിവച്ചതില്‍ ബോട്ട്‌ ക്ലബ്ബുകള്‍ പ്രതിഷേധത്തിലുമാണ്‌. മേള അനിശ്‌ചിതമായി നീട്ടിക്കൊണ്ടു പോയാല്‍ പങ്കെടുക്കില്ലെന്ന്‌ ആയാപറമ്പ്‌ വലിയ ദിവാന്‍ഞ്ചി ചുണ്ടനില്‍ മത്സരിക്കുന്ന കൊല്ലം ജീസസ്‌ ബോട്ട്‌ ക്ലബ്ബ്‌ ഭാരവാഹികള്‍ പ്രതികരിച്ചു. മറ്റു പല ക്ലബ്ബുകളും ഇതേ നിലപാടിലാണ്‌. മാത്രമല്ല ബോട്ട്‌ റേസ്‌ ലീഗിനെയും ബാധിക്കും. നെഹ്‌റു ട്രാഫി മേളയില്‍ ആദ്യ ഒമ്പതു സ്‌ഥാനങ്ങളില്‍ എത്തുന്ന ചുണ്ടനുകള്‍ക്കാണ്‌ ലീഗിലെ മറ്റു മത്സരങ്ങളില്‍ മത്സരിക്കാന്‍ യോഗ്യത ഉണ്ടാകുക. അതേസമയം മുഖ്യാതിഥിയായി പങ്കെടുക്കാമെന്നേറ്റിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ സൗകര്യം കൂടി നോക്കിയാവും പുതിയ തീയതി നിശ്‌ചയിക്കുകയെന്നു ധനമന്ത്രി തോമസ്‌ ഐസക്‌ വ്യക്‌തമാക്കി. ഈ മാസം 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും തീയതിയില്‍ വള്ളംകളി നടത്താനാണ്‌ തീരുമാനമെന്ന്‌ അദ്ദേഹം പറഞ്ഞു.
ടിക്കറ്റ്‌ ഓണ്‍ലൈന്‍ വഴിയും നേരിട്ടും വാങ്ങിയവര്‍ക്ക്‌ ആവശ്യമെങ്കില്‍ തിരിച്ചു നല്‍കും. പുതിയ തീയതിയില്‍ കളി കാണാന്‍ ഇതേ ടിക്കറ്റുപയോഗിക്കാന്‍ അനുവാദമുണ്ടാകും.
ചാമ്പ്യന്‍സ്‌ ബോട്ട്‌ ലീഗിന്‌ ഈ വര്‍ഷം തുടക്കം കുറിക്കുന്നതിനാല്‍ കര്‍ശനമായ അച്ചടക്കം പാലിച്ചാവും മല്‍സരം. നിയമവിരുദ്ധമായ ഏതു പ്രവൃത്തിയും വീഡിയോ സഹായത്തോടെ അച്ചടക്കസമതി പരിശോധിച്ചു നടപടിയെടുക്കും. ഇവിടെ അയോഗ്യരാക്കപ്പെടുന്നവര്‍ക്ക്‌ പിന്നീട്‌ ലീഗിലെ എല്ലാ കളികളും നഷ്‌ടപ്പെടുമെന്നും മന്ത്രി പറഞ്ഞു.
വള്ളംകളിക്കുള്ള ഒരുക്കം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ കാലവര്‍ഷം വീണ്ടും ശക്‌തമായതിനാല്‍ വള്ളങ്ങള്‍ക്കു പരിശീലനത്തിന്‌ ധനസഹായം നല്‍കുന്നത്‌ പരിഗണിക്കും. ഇതിനകം 30 ലക്ഷം രൂപ സൊസൈറ്റിക്കു ചെലവായിട്ടുണ്ട്‌. പുതുതായി സര്‍ക്കാരില്‍നിന്നു ധനസഹായം പ്രതീക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രായോജകരെ കണ്ടെത്തി ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാണു ശ്രമമെന്നു ധനമന്ത്രി പറഞ്ഞു.
പരമ്പരാഗത സ്‌റ്റാര്‍ട്ടിങ്‌ സംവിധാനത്തിനു പുറമേ പുതിയ ഓട്ടോമാറ്റിക്‌ സംവിധാനം ഇക്കുറി പ്രയോഗത്തില്‍ വരും. മൂന്നു തലത്തിലുള്ള ഈ സംവിധാനം കഴിഞ്ഞ ദിവസം പരിശോധിച്ച്‌ റേസ്‌ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്‌. വള്ളംകളി നീട്ടിയ സാഹചര്യത്തില്‍ സ്‌റ്റാര്‍ട്ടിങ്‌ പോയിന്റില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ക്ക്‌ സുരക്ഷ ശക്‌തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇതുവഴിയുള്ള ഹൗസ്‌ബോട്ടുകളുടെ സഞ്ചാരം വഴിതിരിച്ചുവിടും. ഇക്കാര്യത്തിന്‌ പോര്‍ട്ട്‌ കണ്‍സര്‍വേറ്റര്‍, ടൂറിസം വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.
കളിവള്ളങ്ങളിലെ തുഴച്ചിലുകാരില്‍ 25 ശതമാനം പുറത്തുനിന്നുള്ളവരാകാമെന്ന നിബന്ധന കര്‍ശനമായി പാലിക്കുന്നെന്നുറപ്പാക്കും. ഹോളോഗ്രാം പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളാണ്‌ കളിക്കാര്‍ക്കായി നല്‍കുന്നത്‌. ഇതിനുപുറമേ വീഡിയോ നിരീക്ഷണവും ഉണ്ടാകും. സംശയമുള്ള വള്ളങ്ങളെ പ്രത്യേകം നിരീക്ഷിക്കുമെന്നും സൊസൈറ്റി ചെയര്‍മാനായ ജില്ലാ കലക്‌ടര്‍ എസ്‌.സുഹാസ്‌ പറഞ്ഞു.
സൊസൈറ്റി ഉപാധ്യക്ഷനായ ജില്ലാ പോലീസ്‌ ചീഫ്‌ എസ്‌.സുരേന്ദ്രന്‍, സെക്രട്ടറിയായ സബ്‌ കലക്‌ടര്‍ വി.ആര്‍.കൃഷ്‌ണതേജ, റേസ്‌ കമ്മിറ്റി കണ്‍വീനറായ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയര്‍ കെ.പി.ഹരന്‍ബാബു, പ്രചരണസമിതി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 10 Aug 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW