ചെങ്ങന്നൂര്‍: ആറുമാസത്തിനുള്ളില്‍ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ സീറോ വേസ്റ്റ് ചെങ്ങന്നൂരില്‍ നടപ്പാക്കും. ഇതിനായി ശില്‍പ്പശാല നടത്തി. നിയോജകമണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്കരണത്തിനു ശാസ്ത്രീയമായ പുതിയ മാര്‍ഗങ്ങള്‍ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു.
ഹരിതകേരളാ മിഷന്, ശുചിത്വമിഷന്, കില, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗം എന്നീ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നഗരത്തിലെ പെരുങ്കുളം പാടം, നഗരസഭാ കാര്യാലയ പരിസരം, ശാസ്താംപുറം ചന്ത എന്നിവിടങ്ങളിലും മാലിന്യം വ്യാപകമായി തള്ളുന്ന കേന്ദ്രങ്ങളിലും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്.
നഗരത്തില്‍ മാത്രമായി പ്രതിദിനം എട്ടു ടണ്‍ മാലിന്യവും താലൂക്കാകെ 22 ടണ്‍ മാലിന്യവും തള്ളുന്നുണ്ട്. ഇതിനു പരിഹാരമായി ഉറവിടങ്ങളില്‍ തന്നെ പരമാവധി മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം തയാറാക്കും. പദ്ധതി നടപ്പാക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിക്കും.
പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ജല, വായു മലിനീകരണം നേരിടുന്ന നഗരസഭയുടെ പെരുങ്കുളം പാടത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു നിര്‍ത്തും. ഇതിനു പകരം മാലിന്യം വീടുകളില്‍ തന്നെ സംസ്കരിക്കാന്‍ ബോധവല്‍ക്കരണം നടത്തും. മാലിന്യം സംസ്കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വീടുകളില്‍ എത്തി ഇവ ശേഖരിക്കാനും മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തിക്കാനും ക്രമീകരണമുണ്ടാക്കും. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി ഘട്ടംഘട്ടമായി 50 എയ്റോബിക് യൂണിറ്റുകള്‍ സ്ഥാപിക്കും. ഗ്രാമപഞ്ചായത്തുകളിലും ഇവ സ്ഥാപിക്കും. ജൈവ അജൈവ മാലിന്യം വേര്‍തിരിച്ച് പ്ലാസ്റ്റിക് മാലിന്യം പ്രത്യേകം തരംതിരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ബോധവല്‍ക്കരണത്തിനായി കുടുംബശ്രീ, സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, യുവജന, സന്നദ്ധ സംഘടനകള്‍ എന്നിവരെ സജ്ജരാക്കും.
അടുത്ത മാസം 15 ന് മുതല്‍ ബോധവല്‍ക്കരണ പ്രചാരണം ആരംഭിക്കും. ബോധവല്‍ക്കരണത്തിനുള്ള കാലാവധിക്കു ശേഷവും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി നഗരസഭയിലെ സമീപ ഗ്രാമപഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കാനും നദികളിലും തോടുകളിലും മാലിന്യം വലിച്ചെറിയുന്നതു തടയാന്‍ ഈ സ്ഥലങ്ങളില്‍ സേഫ്റ്റി ഗാര്‍ഡുകള്‍ നിര്‍മിക്കാനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന നിലയില്‍ ഒരു കോടി രൂപ ചെലവഴിച്ചു നഗരസഭയിലും മാന്നാറിലും നഗരസൗന്ദര്യവല്‍ക്കരണം നടപ്പാക്കും. നഗരത്തിലെ തെരുവുവിളക്കുകളുടെ നിലവാരം ഉയര്‍ത്തും.
നിയോജകമണ്ഡലത്തിലെ കുളങ്ങളും തോടുകളും മറ്റു ജലാശയങ്ങളും ശുദ്ധീകരിക്കും. നഗരത്തിലെ ഓടകള്‍ വൃത്തിയാക്കും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്കൂളുകള്‍ എന്നിവടങ്ങളിലെ ശുചിമുറികളും പരിസരവും അറ്റകുറ്റപ്പണികള്‍ നടത്തും. ശില്‍പ്പശാല സജിചെറിയാന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
തണല്‍ പദ്ധതി ഡയറക്ടര്‍ ഷിബു കെ.നായര്‍ ക്ലാസെടുത്തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സുധാമണി, വൈസ് പ്രസിഡന്റ് ജി.വിവേക്, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂര്‍, ജെബിന് പി.വര്‍ഗീസ്, ജോജിചെറിയാന്, ശോഭാവര്‍ഗീസ്, വി.വി.അജയന്, കെ.കെ.രാധമ്മ, ടി.ടി. ഷൈലജ, രശ്മി രവീന്ദ്രന്, ഏലിക്കുട്ടി കുര്യാക്കോസ്, ലെജുകുമാര്‍, ശിവന്‍കുട്ടി ഐലാരത്തില്‍, വി.കെ.ശോഭ, പുഷ്പലതാമധു തുടങ്ങിയവര്‍ പങ്കെടുത്തു.