Saturday, September 15, 2018 Last Updated 14 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.53 AM

നെല്ല്‌ പുഴുങ്ങല്‍ വീണ്ടും സജീവമാകുന്നു

വൈക്കം: നെല്ലറകളാല്‍ സമ്പന്നമായ വൈക്കം പഴമയുടെ പെരുമയിലേക്കു മടങ്ങുന്നു.
ഉല്‍പാദിപ്പിക്കുന്ന നെല്ലിന്‌ കര്‍ഷകര്‍ ആഗ്രഹിക്കുന്ന വില കിട്ടാത്തതും സപ്ലൈക്കോ ഉള്‍പ്പെടെയുള്ള അധികാരികളുടെ ചൂഷണവുമാണ്‌ ഇവരെ പഴമയുടെ നെല്ല്‌ പുഴുങ്ങലിലേക്ക്‌ കൊണ്ടെത്തിക്കുന്നത്‌. ആരംഭത്തില്‍ വടയാര്‍ മേഖലയാണ്‌ ഏറ്റവും സജീവം. വലിയ ചെമ്പ്‌ പാത്രം പലരും വാങ്ങിക്കഴിഞ്ഞു. വീട്ടുമുറ്റത്ത്‌ അടുപ്പ്‌ കൂട്ടി രാത്രിയില്‍ ചെമ്പ്‌ പാത്രത്തില്‍ നെല്ല്‌ പാതിവേവിക്കുന്നു.
പുലര്‍ച്ചെ വീണ്ടും തീ അടുപ്പില്‍ നെല്ല്‌ പൂര്‍ണമായി പുഴുങ്ങുന്നു. ഇതിനുശേഷം വെയിലില്‍ ഉണക്കി നെല്ല്‌ കുത്ത്‌ മില്ലുകളില്‍ കൊണ്ടുചെന്ന്‌ അരിയാക്കുന്നു. ഒരുകാലത്ത്‌ ഗ്രാമീണ മേഖലകളുടെ അഭിമാനമായിരുന്ന നെല്ല്‌ കുത്ത്‌ മില്ലുകള്‍ പലതും വിസ്‌മൃതിയിലാണ്‌. ഈ മില്ലുകളെ സജീവമാക്കാന്‍ ഇപ്പോള്‍ പലതരത്തിലുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രതിസന്ധിയിലും എഴുമാന്തുരുത്തിലും വടയാറിലും തേവലക്കാട്ടും തോട്ടുവക്കത്തുമെല്ലാം നെല്ല്‌കുത്ത്‌ മില്ലുകള്‍ പിടിച്ചുനിന്നിരുന്നു. ഇപ്പോള്‍ ഉണക്കിയെടുക്കുന്ന നെല്ല്‌ ഈ മില്ലുകളെ ആശ്രയിച്ചാണ്‌ കര്‍ഷകര്‍ അരിയാക്കുന്നത്‌.
ഗ്രാമീണ മേഖലയില്‍ ഉണ്ടാക്കുന്ന അരിക്ക്‌ ആരോഗ്യപ്രശ്‌നങ്ങള്‍ തീരെ കുറവാണെന്ന്‌ ആയുര്‍വേദവും അലോപ്പതിയും അടിവരയിടുന്നതാണ്‌ ഇപ്പോള്‍ നെല്ല്‌ പുഴുക്കല്‍ മേഖലയെ സജീവമാക്കാനുള്ള പ്രധാനകാരണം.
വൈക്കത്തിന്റെ നെല്ലറകളായ വെച്ചൂരും വടയാറും മുണ്ടാറും ഈ മേഖലയില്‍ സജീവമായാല്‍ വലിയ ആവേശമായിരിക്കും കാര്‍ഷിക മേഖലയില്‍ ഉണ്ടാകാന്‍ പോവുക. അതുപോലെ വൈക്കത്തിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്ക്‌ ഗ്രാമീണമേഖലയിലുണ്ടാക്കുന്ന കുത്തരികള്‍ പായ്‌ക്കറ്റുകളിലാക്കി വില്‍പന നടത്തുവാന്‍ പ്രാദേശിക സംവിധാനങ്ങള്‍ ഒരുങ്ങണം. പ്രദേശിക ഭരണകൂടങ്ങള്‍ കര്‍ഷകര്‍ക്ക്‌ പ്രയോജനമായി രംഗപ്രവേശനം ചെയ്‌താല്‍ കാര്‍ഷികമേഖലയുടെ പുരോഗതിക്കും ഒരു താങ്ങാകും. വൈക്കത്തെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വെച്ചൂരില്‍ ആരംഭിച്ച മോഡേണ്‍ റൈസ്‌ മില്ല്‌ വേണ്ടരീതിയിലുള്ള പ്രയോജനം ഈ മേഖലയില്‍ ഉണ്ടാക്കുന്നില്ല.
കാരണം ഇവിടെനിന്ന്‌ ഉല്‍പാദിപ്പിക്കുന്ന അരി ഗുണനിലവാരം ഉള്ളതാണെങ്കിലും ആവശ്യക്കാര്‍ക്ക്‌ ലഭിക്കുന്നില്ല. വൈക്കത്തെ ഒരു കടകളിലും കുട്ടനാട്‌ റൈസ്‌ ലഭ്യമല്ല. ഇത്‌ വാങ്ങണമെങ്കില്‍ മോഡേണ്‍ റൈസ്‌ മില്ലില്‍ തന്നെ ചെല്ലണം. ഇവിടെ ചെന്നാല്‍ അരി കിട്ടണമെങ്കില്‍ കാത്തുനില്‍ക്കേണ്ട അവസ്‌ഥയാണ്‌. ഇതിനെല്ലാം മാറ്റമുണ്ടാക്കുന്ന രീതിയിലാണ്‌ ഇപ്പോള്‍ കര്‍ഷകരുടെ നീക്കങ്ങള്‍. ഇതിനു താങ്ങാകാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിഞ്ഞാല്‍ വരുംതലമുറക്ക്‌ ഓര്‍മയാകുന്ന ഒരു മേഖല തന്നെ പുനര്‍ജനിക്കും.

Ads by Google
Advertisement
Thursday 09 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW