നെടുങ്കണ്ടം: കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന കര്ക്കിടകോത്സവത്തില് തനതു നാടന്‍ വിഭവങ്ങളുടെ സംഗമം. ഹൈറേഞ്ചിന്റെ രുചിക്കൂട്ടുകളില്‍ മനംനിറഞ്ഞ് കനേഡിയന്‍ അധ്യാപികയും. കര്‍ക്കിടക മാസത്തിലെ സസ്യഭോജനത്തിന്റെയും ഔഷധസേവയുടെയും മാഹാത്മ്യം വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്താനാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ക്കൊപ്പം അധ്യാപകരും വീടുകളില്‍ പാകം ചെയ്ത നാടന്‍ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണു നടന്നത്.
കാനഡ ടൊറന്റോയിലെ സിനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ സാന്ദ്ര ഫോക്സീനിയോയാണ് ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മൂന്നാറില്‍നിന്നു തേക്കടിയിലേക്കുള്ള യാത്രയ്ക്കിടെ സ്കൂളിലെത്തിയത്.മത്സ്യവും മാംസവും ഇല്ലാത്ത ഔഷധവിധി പ്രകാരം വീടുകളില്‍ പാകം ചെയ്തും അല്ലാതെയും കൊണ്ടുവന്ന നൂറിലധികം വിഭവങ്ങള്‍ ഞൊടിയിടയില്‍ വിറ്റുപോയി. പ്രഥമാധ്യാപകന് കെ.ആര്. ഉണ്ണികൃഷ്ണന് നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വില്‍പ്പനയിലൂടെ ലഭിച്ച പണം സ്കൂളിന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കും.
കടല്‍ കടന്നെത്തിയ അതിഥി സ്കൂളിലെ പ്രദര്‍ശനം കാണാന്‍ എത്തിയത് വിദ്യാര്‍ഥികള്‍ക്കും കൗതുകമായി. ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ വിദ്യാലയം കാണുകയായിരുന്നു സാന്ദ്ര ഫോക്സീനിയോയുടെ ലക്ഷ്യം. ഉന്നത നിലവാരത്തിലേക്കു ഉയരുന്ന സ്കൂളിലെ സ്മാര്‍ട്ട് മുറികള്‍ സന്ദര്‍ശിച്ച അവര്‍ കുട്ടികളോടു സംവദിച്ചു.
ഇംഗ്ലീഷ് ഭാഷയിലെ കുട്ടികളുടെ പ്രാവീണ്യം തിരിച്ചറിഞ്ഞതോടെ അവരെ കാനഡയിലേക്കു ക്ഷണിച്ചു. കാനഡയിലെ തന്റെ വിദ്യാലയത്തിലെ കുട്ടികളുമായി കല്ലാര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റിലൂടെയും തപാല്‍ മുഖേനയും ആശയ വിനിമയം ചെയ്യാനായി അവസരമൊരുക്കുമെന്നറിയിച്ചാണു സാന്ദ്ര ഫോക്സീനിയോ മടങ്ങിയത്.