Tuesday, June 18, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.49 AM

വിലയിടിവും ഇറക്കുമതിയും; നട്ടെല്ലൊടിഞ്ഞ്‌ ഏലംകര്‍ഷകര്‍

uploads/news/2018/08/239967/1.jpg

മലയോര കര്‍ഷകന്റെ പ്രധാന നാണ്യവിളകളില്‍ ഒന്നാണ്‌ ഏലം. ലോക സുഗന്ധ വ്യഞ്‌ജന വിപണിയില്‍ ഇടുക്കിക്കു സ്‌ഥാനം നേടാന്‍ വഴിയൊരുക്കിയതും ഏലമാണ്‌. വരുമാനത്തിന്റെ നട്ടെല്ലായി മാറിയ ഏലം ഇന്നു വിപണിയില്‍ വാട്ടം നേരിടുകയാണ്‌. വിലയിടിവും ഇറക്കുമതിയും ഏലത്തെ ആഭ്യന്തരവിപണിയില്‍ ഒതുക്കിനിര്‍ത്തുകയാണ്‌.

വനവിഭവത്തില്‍നിന്ന്‌
നാണ്യവിളയിലേക്ക്‌

നിബിഡ വനത്തിലെ സ്വാഭാവിക ആവാസവ്യവസ്‌ഥയില്‍ വളര്‍ന്നുനിന്നിരുന്ന ഏലം പിന്നീട്‌ നാണ്യവിളയായി മാറിയതിനു പിന്നില്‍ വിദേശികളുടെ പരിശ്രമം ഉണ്ടെന്നതു ചരിത്രരേഖകളില്‍ കാണാം. ആമസോണ്‍ വനങ്ങളിലെ വൃക്ഷമായ റബറിനെ തിരുവിതാംകൂറില്‍ എത്തിച്ചു കൃഷിയാരംഭിച്ചതു മര്‍ഫി സായിപ്പാണെങ്കില്‍ ഏലത്തെയും തോട്ടങ്ങളില്‍ കൃഷി ചെയ്‌ത്‌ വിളവെടുക്കാമെന്ന അറിവു കര്‍ഷകര്‍ക്കു പകര്‍ന്നു നല്‍കിയതു ഹെന്‍ട്രി മിഡില്‍ടണ്‍ ആണ്‌.
1856 വരെ തിരുവാതാംകൂര്‍ രാജാക്കന്‍മാര്‍ വനവിഭവമായ ഏലത്തെ ശേഖരിച്ചും വിപണനം ചെയ്‌തും വന്നു. ഇതിനുശേഷം പശ്‌ചിമഘട്ട മലനിരകളില്‍ കര്‍ണാടകം മുതല്‍ തിരുവിതാംകൂറിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ വരെ ഏലം ശാസ്‌ത്രീയമായി കൃഷി ചെയ്യാനാരംഭിച്ചത്‌ ഈസ്‌റ്റ്‌ ഇന്ത്യാ കമ്പനിയുടെ മേല്‍നോട്ടത്തിലാണ്‌. ശാസ്‌ത്രീയമായ ഏലം കൃഷി ബൈസണ്‍വാലിയിലും ആനമുടിയിലും ആരംഭിച്ചു. ഹൈറേഞ്ചില്‍ വിളവെടുത്തിരുന്ന ഏലം തൊടുപുഴ വഴി ആലപ്പുഴയിലെത്തിച്ചാണ്‌ കയറ്റി അയച്ചിരുന്നത്‌. ഇപ്രകാരമാണ്‌ ആലപ്പി ഏലം എന്ന പേര്‌ വിദേശവിപണിയില്‍ പ്രചാരം നേടിയത്‌.
ഏലമലക്കാടുകള്‍

പേരുപോലെ തന്നെ ഏലം വ്യാപകമായി കൃഷി ചെയ്‌തു വന്ന വനപ്രദേശമുള്‍പ്പെടുന്ന വിസ്‌തൃതമായ ഭുപ്രദേശമാണ്‌ ഏലമലക്കാടുകള്‍. തണലില്‍ വളരുന്ന ചെടിയായതുകൊണ്ടു തന്നെ ഏലം കൃഷിക്കായി കണ്ടെത്തിയ പ്രദേശങ്ങളിലെ അടിക്കാടുകള്‍ വെട്ടിനീക്കി പകരം സ്വാഭാവികമായി വളര്‍ന്നു നിന്ന വന്‍ മരങ്ങള്‍ തണലിനുവേണ്ടി നിലനിര്‍ത്തുകയും ചെയ്‌തു. 1952 നുശേഷമുണ്ടായ കുടിയേറ്റ കര്‍ഷകര്‍ക്ക്‌ ഏലം കൃഷിക്കായി തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ വിട്ടുനല്‍കിയ സ്‌ഥലമാണ്‌ ഇന്നത്തെ ഏലമലക്കാടുകള്‍.
ഇതിന്റെ യഥാര്‍ത്ഥ അതിര്‍ത്തി സംബന്ധിച്ച്‌ കൃത്യമായ നിശ്‌ചയം ഇല്ലെങ്കിലും പടിഞ്ഞാറ്‌ ദിക്കിലെ അതിര്‍ത്തി പടിഞ്ഞാറേ കോടിക്കുളവും കിഴക്കെ അതിര്‍ത്തി മൂന്നാറും തെക്കെ അതിര്‍ത്തി വണ്ടിപ്പെരിയാര്‍ വരെയുമാണെന്നാണു കരുതുന്നത്‌. എന്നാല്‍ പിന്നീട്‌ ഇതിന്റെ വ്യാപ്‌തി കുറഞ്ഞുവരികയും ഏലം കൃഷിയെ റബര്‍ കീഴ്‌പ്പെടുത്തുകയുമായിരുന്നു.
സ്‌പൈസസ്‌ ബോര്‍ഡ്‌ എന്ന കീടബാധ

1967 ല്‍ ഏലം കൃഷിയെ വികസിപ്പിക്കാനും വിളവും വിപണിയും കര്‍ഷകര്‍ക്ക്‌ കൂടുതല്‍ ഗുണകരമാക്കി മാറ്റാനുമായി കാര്‍ഡമം ബോര്‍ഡ്‌ നിലവില്‍ വന്നു. കൂടാതെ 1978ല്‍ മയിലാടുംപാറയില്‍ കാര്‍ഡമം റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടും സ്‌ഥാപിച്ചു. ഏലം ഗവേഷണമായിരുന്നു ലക്ഷ്യം. കൃത്യമായി പരിശോധിക്കുമ്പോള്‍ ഈ കാലഘട്ടമാണ്‌ ഏലത്തിന്റെ സുവര്‍ണ കാലം. ഒരു കിലോ അരിക്ക്‌ മൂന്നുരൂപ വിലയുണ്ടായിരുന്ന കാലത്ത്‌ ഒരുകിലോ ഏലത്തിന്‌ 800 മുതല്‍ 1000 രൂപ വരെ ലഭിച്ചിരുന്നു.
ഏലം കൃഷിയിലേക്ക്‌ ഒട്ടനവധി കര്‍ഷകര്‍ കടന്നു വന്നതും കൃഷി കൂടുതല്‍ വ്യാപകമായതും ഈ കാലഘട്ടത്തിലാണ്‌.
അധ്വാനത്തിന്‌ ആനുപാതികമായ വില കര്‍ഷകനു ലഭിച്ചിരുന്നത്‌ 1967 മുതല്‍ 1986 വരെയുള്ള കാലഘട്ടത്തിലാണ്‌. മാത്രവുമല്ല വിദേശനാണ്യം ഏറ്റവുമധികം രാജ്യത്തിന്റെ ഖജനാവിലേക്ക്‌ എത്തിയതും ഇക്കാലത്താണ്‌. എന്നാല്‍ 1986 ല്‍ കാര്‍ഡമം ബോര്‍ഡും കാര്‍ഡമം റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടും ഒരുമിച്ചു ചേര്‍ത്ത്‌ സ്‌പൈസസ്‌ ബോര്‍ഡ്‌ സ്‌ഥാപിതമായി. ഇതോടെ ഏലത്തിന്റെ കഷ്‌ടകാലം ആരംഭിച്ചു. കാര്‍ഷി ഗവേഷണം, വികസനം, വിപണി കണ്ടെത്തല്‍, കയറ്റുമതി പ്രോത്സാഹിപ്പിക്കല്‍ എന്നിവയായിരുന്നു സ്‌പൈസസ്‌ ബോര്‍ഡ്‌ സ്‌ഥാപിച്ചതിനു പിന്നിലെ ലക്ഷ്യം. എന്നാല്‍ സംഭവിച്ചത്‌ നേര്‍വിപരീതമായാണ്‌.
സ്‌പൈസസ്‌ ബോര്‍ഡ്‌
വരുത്തിവച്ച വിന

സ്‌പൈസസ്‌ ബോര്‍ഡ്‌ നിലവില്‍ വന്നതോടെ ഏലം വിപണനത്തിനു ലൈസന്‍സിങ്‌ സമ്പ്രദായം ഏര്‍പ്പെടുത്തി. ലേലകേന്ദ്രങ്ങള്‍ പൂട്ടി. ഇതോടെ ഉല്‍പ്പാദകര്‍ക്ക്‌ മികച്ച വില ലഭിച്ചിരുന്ന സുതാര്യവിപണി ഇല്ലാതായി.
വന്‍തുക നല്‍കി ലൈസന്‍സ്‌ സ്വന്തമാക്കാന്‍ സാധാരണക്കാരായ വ്യപാരികള്‍ക്കു കഴിയാതെ വന്നതോടെ വിപണി വടക്കേ ഇന്ത്യന്‍ ലോബികള്‍ക്കു സ്വന്തമായി. ബോര്‍ഡിന്റെയും മാര്‍വാടി കച്ചവടക്കാരുടെയും അവിശുദ്ധ കൂട്ടുകെട്ടിന്റെ കഥകളാണു പിന്നീട്‌ ഉയര്‍ന്നുകേട്ടത്‌.
മണ്ണിനു ദോഷം വരാതെ കൃഷി നടത്തിയിരുന്ന കര്‍ഷകരിലേക്ക്‌ ഉല്‍പ്പാദന വര്‍ധനവെന്ന അപ്പക്കഷണം വച്ചുനീട്ടിയ ബോര്‍ഡ്‌, കീടനാശിനികളുടെയും രാസവളത്തിന്റെയും ഉപയോഗം വ്യാപിപ്പിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചു.
എന്നാല്‍ 1987 ഉല്‍പ്പാദിപ്പിച്ച ഞള്ളാനി ഏലം കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായതോടെ ഉല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടായി. 25000 മെട്രിക്‌ ടണ്‍ വരെ ഉല്‍പ്പാദനം വര്‍ധിച്ചു. 1986ല്‍ ബോര്‍ഡ്‌ നിലവില്‍ വരുമ്പോള്‍ ഉണ്ടായിരുന്നതായി ബോര്‍ഡ്‌ അവകാശപ്പെടുന്ന 13000 മെട്രിക്‌ ടണ്‍ ഉല്‍പ്പാദനം ഇതിനുശേഷം 4000-5000 മെട്രിക്‌ ടണ്‍ ആയി കുറഞ്ഞു. മുപ്പത്തഞ്ചു വര്‍ഷം കൊണ്ട്‌ ഭീമമായ കുറവാണു കയറ്റുമതിയിലും ഉല്‍പ്പാദനത്തിലും വിലയിലും ഉണ്ടായത്‌. ഇറക്കുമതി ആരംഭിക്കുക കൂടി ചെയ്‌തതോടെ മികച്ച ഗുണനിലവാരമുള്ള ഹൈറേഞ്ചിലെ ഏലം ആഭ്യന്തര വിപണിയിലേക്ക്‌ ഒതുങ്ങി.
1982-83 കാലയളവില്‍ 800-900 രൂപ വില ലഭിച്ചിരുന്ന ഏലത്തിന്‌ 35 വര്‍ഷങ്ങള്‍ക്കുശേഷം ലഭിക്കുന്ന വില 1000 രൂപയില്‍ താഴെയാണ്‌. ഇതോടെ സ്‌പൈസസ്‌ ബോര്‍ഡ്‌ പിരിച്ചുവിട്ട്‌ സ്വതന്ത്ര വിപണി വേണമെന്ന ആവശ്യം കര്‍ഷകരില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയിലും ബോര്‍ഡിന്റെ പകല്‍ക്കൊള്ള തുടരുന്നു.
ഇടുക്കിയില്‍ 35000
ഹെക്‌ടറില്‍ ഏലം

നിലവില്‍ ഒരേക്കറിലെ കൃഷിക്കായി മൂന്നു തൊഴിലാളികള്‍ വേണം. പണിക്കൂലി നല്‍കുന്നതിലെ ബുദ്ധിമുട്ട്‌ ഒഴിവാക്കാന്‍ പലപ്പോഴും ഭൂവുടമയും കുടുംബാംഗങ്ങളും കൃഷിപ്പണി നടത്തുകയാണ്‌ ചെയ്യുന്നത്‌. ഒരു തൊഴില്‍ ദിനത്തില്‍ ദിവസക്കൂലിയെന്നോണം 1300 രൂപ നല്‍കേണ്ടതായി വരും. വര്‍ഷത്തില്‍ 275 തൊഴില്‍ദിനങ്ങള്‍ ആവശ്യമായി വരുന്നു. പ്രതിവര്‍ഷം 40000 രൂപ വളത്തിനും കീടനാശിനികള്‍ക്കുമായി ചെലവഴിക്കണം.
കീടനാശിനി ഉപയോഗിച്ചാല്‍ ഉല്‍പ്പാദനം വര്‍ധിക്കും. ഇപ്രകാരമാണെങ്കില്‍ കിലോയ്‌ക്ക്‌ 1500-2000 രൂപ ലഭിച്ചാല്‍ മതിയാകും. എന്നാല്‍ ഇതു പ്രകൃതിക്ക്‌ ആഘാതം വരുത്തി വയ്‌ക്കും. പരമ്പരാഗത രീതിയില്‍ കൃഷിചെയ്‌ത് ഉല്‍പ്പാദിപ്പിക്കുന്ന ഏലത്തിന്‌ 2000-2500 രൂപ കിലോയ്‌ക്കു ലഭിച്ചാല്‍ മാത്രമേ കാലാനുസൃതമായി ലാഭകരമെന്നു പറയാനാകൂ എന്ന്‌ കര്‍ഷകര്‍ വ്യക്‌തമാക്കുന്നു. എല്ലാ കാര്‍ഷിക വിളകളെയും പോലെ തന്നെ മണ്ണ്‌ കനിഞ്ഞിട്ടും മനുഷ്യന്‍ കനിയാത്തതുമൂലം പ്രതിസന്ധി നേരിടുകയാണ്‌ ഏലം കൃഷി.
തുടരും...

Ads by Google
Advertisement
Thursday 09 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW