വണ്ടിപ്പെരിയാര്‍: സ്വകാര്യ തോട്ടത്തിന്റെ അതിര്‍ത്തിലെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കൈയാങ്കളിയിലെത്തിയതോടെ പഞ്ചായത്തംഗത്തിനും തോട്ടം മാനേജര്‍ക്കും പരുക്കേറ്റു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം സുബാഷ് ധനരാജ്(26) സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും മാനേജര്‍ ടോണി(30) പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ നെല്ലിമലയിലെ തേയില തോട്ടം കമ്പനിയുടെ 12-ാം നമ്പര്‍ ഡിവിഷന് ഭാഗത്താണു സംഭവം. തോട്ടത്തോടു ചേര്‍ന്നുകിടക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പ്രദേശവാസികളും തോട്ടം അധികൃതരും വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതു സംബന്ധിച്ചു കോടതിയില്‍ കേസും നിലവിലുണ്ട്. രാവിലെ 10 ന് തോട്ടം മാനേജര്‍ തൊഴിലാളികളുമായി എത്തി ഭൂമി വേലികെട്ടി തിരിക്കാന്‍ ശ്രമിച്ചതു ചോദ്യം ചെയ്തപ്പോള്‍ ആക്രമിക്കുകയായിരുന്നെന്നു സുബാഷ് പറയുന്നു. പഞ്ചായത്തംഗത്തെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തോട്ടം അധികൃതരുടെ വാഹനങ്ങള്‍ തടഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തോട്ടം മനേജ്മെന്റ് തയാറായിട്ടില്ല.
മുമ്പ് ആര്.ബി.ടി. കമ്പനിയുടെ കൈവശത്തിലായിരുന്നപ്പോള് വില കൊടുത്തു വാങ്ങിയ ഭൂമിയാണെന്നും വര്‍ഷങ്ങളായി കൈവശത്തിലുള്ളതാണെന്നും പ്രദേശവാസികള്‍ പറയുന്നു.