Friday, September 14, 2018 Last Updated 14 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.49 AM

ജല അതോറിറ്റിയുടെ പഴയപ്ലാന്റ്‌ ഉപേക്ഷിക്കാന്‍ നീക്കം

തൊടുപുഴ: ജല അതോറിറ്റിയുടെ പുതിയ പ്ലാന്റിന്റെ പണികള്‍ തീരുന്നതോടെ പഴയ പ്ലാന്റ്‌ ഉപേക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. നഗരത്തിലേയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണു പുതിയ പ്ലാന്റിനായി കാത്തിരിക്കുന്നത്‌. 15 എം.എല്‍.ഡിയുടെ പുതിയ പ്ലാന്റും പഴയ 12 എം.എല്‍.ഡിയുടെ പ്ലാന്റും സംയുക്‌തമായി പ്രവര്‍ത്തിക്കുന്നതോടെ കുടിവെള്ള വിതരണം സുഗമമായി നടക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു എല്ലാവരും.
എന്നാല്‍ 12 എം.എല്‍.ഡിയുടെ പ്ലാന്റ്‌ നിര്‍ത്തിക്കളയാനുള്ള നീക്കങ്ങളാണു ജല അതോറിറ്റിയില്‍ നടക്കുന്നത്‌. ഇതിന്റെ മുന്നോടിയായി കഴിഞ്ഞദിവസം പ്ലാന്റിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കാനുള്ള ഉത്തരവിറങ്ങി. എന്നാല്‍ ജീവനക്കാരുടെ സംഘടനയുടെ പ്രതിഷേധത്തെത്തുടര്‍ന്ന്‌ ഉത്തരവ്‌ തല്‍ക്കാലം മരവിപ്പിക്കുകയായിരുന്നു. പ്ലാന്റ്‌ പ്രവര്‍ത്തന യോഗ്യമല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താതെ തള്ളിനീക്കുകയാണ്‌.
ഇക്കാരണത്താല്‍ പലപ്പോഴും ജനങ്ങള്‍ക്കു ശുദ്ധീകരിച്ചു വെള്ളം നല്‍കാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. മഴക്കാലമായതോടെ പുഴവെള്ളം മലിനമാകുമ്പോള്‍ ശുദ്ധീകരിക്കാന്‍ ആലവും കുമ്മായവും ആവശ്യപ്പെടുമ്പോള്‍ ഉദ്യോഗസ്‌ഥര്‍ ജീവനക്കാരോട്‌ തട്ടിക്കയറുന്ന സമീപനമാണു സ്വീകരിക്കുന്നത്‌. ഇത്‌ ചോദ്യം ചെയ്‌ത ജീവനക്കാരുടെ അവധി ദിവസ വേതനം തടഞ്ഞുവച്ചിരിക്കുകയാണ്‌. പഴയ പ്ലാന്റിനെ പാടെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നത്‌ ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ തന്നെയാണ്‌. 26 വര്‍ഷത്തോളം പ്രവര്‍ത്തന പരിചയമുള്ള ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച്‌ കരാര്‍ അടിസ്‌ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ തിടുക്കം കാട്ടുകയാണ്‌. അതും പ്ലാന്റുകളില്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ്‌ നിലനില്‍ക്കെ.
വെള്ളം ശുദ്ധീകരിക്കുന്ന ഫില്‍റ്റര്‍ ബെഡ്‌ മാറിയിട്ട്‌ പത്തുവര്‍ഷത്തിലേറെയായി. ഇക്കാരണത്താല്‍ മിക്കപ്പോഴും കലക്കവെള്ളമാണു ജനങ്ങള്‍ക്കു വിതരണം ചെയ്യുന്നത്‌. പുതിയ പ്ലാന്റില്‍ ആധുനിക സൗകര്യം ഒരുക്കുന്നുണ്ടെന്ന വിശദീകരണമാണ്‌ ഈ പ്രതിസന്ധിക്കു മറുപടിയായി ഉദ്യോഗസ്‌ഥര്‍ നല്‍കുന്നത്‌. അഞ്ചു പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കൊണ്ടുവന്ന ആലക്കോട്‌ പദ്ധതി അട്ടിമറിക്കാന്‍ അതോറിറ്ററിയിലെ ഉദ്യോഗസ്‌ഥര്‍ ശ്രമിക്കുന്നുണ്ട്‌. ഇതിന്റെ ഫലമായിട്ടാണ്‌ ഇപ്പോഴും മൂന്ന്‌ ഷിഫ്‌റ്റ്‌ പൂര്‍ണമായും പമ്പ്‌ ചെയ്യാന്‍ ശ്രമിക്കാത്തത്‌. പുതിയ പ്ലാന്റും പഴയ പ്ലാന്റും ഒരുപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ തൊടുപുഴയിലെ ഇരു കരകളിലേയും ജനങ്ങള്‍ക്ക്‌ എല്ലാ ദിവസവും വെള്ളമെത്തിക്കാന്‍ കഴിയൂ.

Ads by Google
Advertisement
Thursday 09 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW