Wednesday, July 17, 2019 Last Updated 59 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.48 AM

താളം മുറുകി; വേഗം കൂടി

uploads/news/2018/08/239958/1.jpg

ആലപ്പുഴ:വള്ളംകളിക്കു പണ്ടേ വഞ്ചിപ്പാട്ടിന്റെ ഈണമായിരുന്നു. നതോന്നത വൃത്തത്തിന്റെ ഈണത്തില്‍ നയമ്പുവീശി തുഴഞ്ഞുപോകുന്ന കളിത്തോണികള്‍ കുട്ടനാടിന്റെ ദൃശ്യ -ശ്രാവ്യ വിരുന്നായിരുന്നു. സാംസ്‌കാരിക തനിമയുടെ അടിയൊഴുക്കായി കളിക്കാരും കാണികളുമെല്ലാം മനസില്‍ വഞ്ചിപ്പാട്ട്‌ മൂളി. രാമപുരത്ത്‌ വാര്യരുടെ കുലേചവൃത്തവും കുമാരനാശാന്റെ കരുണയുമെല്ലാം വഞ്ചിപ്പാട്ടിന്റെ ഈരടികളായി അവര്‍ക്ക്‌ കാണാപ്പാഠം.
ഇന്നിപ്പോള്‍ താളത്തിന്റെ രീതി മാറി. തുഴയുന്നവര്‍ക്കും കാണികള്‍ക്കും മത്സര വീര്യത്തിലാണു കമ്പം. പാട്ടുമത്സരം നെഹ്‌റുട്രോഫി മേളയുടെ മുന്നോടിയായുള്ള സാംസ്‌കാരിക പരിപാടികളിലും സ്‌കൂള്‍ യൂത്ത്‌ ഫെസ്‌റ്റിവല്‍ മത്സര ഇനങ്ങളിലുമായി ഒതുങ്ങി. ആചാരമുറയായതിനാല്‍ ആറന്മുള ജലോത്സവത്തിന്‌ ഇന്നും വഞ്ചിപ്പാട്ടുണ്ട്‌. ഇപ്പോള്‍ കളിവള്ളങ്ങളില്‍ പരിശീലനത്തിനു പ്രാര്‍ഥനാ ഗാനങ്ങള്‍ ആലപിക്കാറുണ്ട്‌. പോരിനിറങ്ങുമ്പോള്‍ ഇലത്താളവും ആഫ്രിക്കയില്‍ നിന്നെത്തിയ വുവുസേലയുടെ ശബ്‌ദവുമാണു കേള്‍ക്കാനാകുക.
ഇടിത്തടിയില്‍ ബാന്‍ഡ്‌വച്ച്‌ താളത്തിനുപയോഗിക്കുന്നതും വ്യാപകമായി. എതിരാളിയുടെ മനോവീര്യം കെടുത്താന്‍ ശബ്‌ദഘോഷം ദുരുപയോഗിക്കുന്ന ക്ലബുകളുമുണ്ട്‌. നെഹ്‌റുട്രോഫിയില്‍ വള്ളങ്ങളുടെ പ്രദര്‍ശന മത്സരത്തിലേക്കു വഞ്ചിപ്പാട്ടിന്റെ സ്‌ഥാനം ചുരുങ്ങി. താളത്തിലും വേഗത കൈവന്നു.
ചെറുവള്ളങ്ങളുടെ മത്സരവും തീപാറുന്നതാണ്‌. അതിനുമുണ്ട്‌ ആരാധനാ സംഘങ്ങള്‍ ഏറെ. പക്ഷേ, പുന്നമട മേളയിലെ ദിവ്യമുഹൂര്‍ത്തം ചുണ്ടന്‍ ഫൈനല്‍ തന്നെ. നാല്‌ കരിനാഗങ്ങള്‍ അതിവേഗം പാഞ്ഞുവരുന്നതിന്റെ മിന്നല്‍ നിമിഷങ്ങളാണു ഫൈനല്‍. തുഴയെറിയുന്നവരും കാണികളുമെല്ലാം സ്വയംമറന്ന്‌ ആര്‍പ്പുവിളിച്ച്‌ ആവേശം വിതറുന്ന വേള.
നാലുവള്ളങ്ങളും തമ്മില്‍ നെല്ലിട വ്യത്യാസമില്ലാതെ ഒപ്പത്തിനൊപ്പമാണു ഫിനിഷിങ്‌ പോയിന്റുവരെ കുതിച്ചെത്തുന്നതെങ്കില്‍ ആകാശംപോലും ത്രസിച്ചുപോകും. വള്ളംകളിയുടെ വിരസതയെല്ലാം അകന്നു പോരാട്ടവീര്യത്തിലായിരിക്കും എല്ലാവരും. മെയ്യനങ്ങാതെ നടകൊണ്ട്‌ പാലത്തിലും വള്ളത്തിലും ബോട്ടിലുമൊക്കെ കയറി പവലിയനുകളിലെത്തി ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന സായിപ്പും മദാമ്മയും പോലും ആ ജ്വര മുഹൂര്‍ത്തത്തില്‍ സ്വയം മതിമറന്നു തുള്ളിച്ചാടുന്നു.
കായികമേളകളില്‍ ലോകത്തെങ്ങും ഇല്ലാത്ത ചേതോഹരമായ കാഴ്‌ചയാണ്‌ മാസ്‌ ഡ്രില്‍. പുന്നമടയിലെ വി.ഐ.പി പവലിയന്‌ അഭിമുഖമായി ചുണ്ടന്‍ വള്ളങ്ങള്‍ ചിട്ടയോടെ തുല്യ അകലം പാലിച്ചുകിടക്കുന്നു. താരങ്ങള്‍ നയമ്പ്‌ ഉയര്‍ത്തിപ്പിടിച്ചും വശങ്ങളിലേക്ക്‌ നിവര്‍ത്തിക്കാട്ടിയും മാസ്‌റ്റര്‍ ഓഫ്‌ സെറിമണിയുടെ നിര്‍ദേശപ്രകാരം ഒരേ താളത്തില്‍ ഡ്രില്‍ നടത്തുകയാണ്‌. അവസാനം മൂന്നുവട്ടം ആര്‍പ്പോ ഇര്‍റോ എന്നു ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ പോലെ ഏറ്റു ചൊല്ലുന്നു. അതി വിസ്‌തൃതമാണ്‌ ഈ ദൃശ്യത്തിന്റെ കാന്‍വാസ്‌. ആകാശ കാഴ്‌ചയാകട്ടെ ബഹുകേമവും.
ഫിറ്റ്‌നസ്‌ എന്ന
വിജയമന്ത്രം

കുട്ടനാടിന്റെയും കുമരകത്തിന്റെയും വള്ളംകളി ആധിപത്യത്തിനു വെല്ലുവിളിയുയര്‍ത്തി കൊല്ലത്തുനിന്നു ജീസസ്‌ ബോട്ട്‌ എത്തിയത്‌ 2006 ലാണ്‌. കുട്ടനാട്ടുകാരനും പ്രവാസി വ്യവസായിയുമായ ജിജി ജേക്കബ്‌ പൊള്ളയില്‍ 2008ല്‍ കാരിച്ചാല്‍ വള്ളത്തില്‍ ക്ലബിനെ കളിപ്പിക്കാന്‍ തീരുമാനിച്ചതോടെ വള്ളംകളിയിലെ പ്രഫഷണലിസത്തിനും തുടക്കമായി.
പരിശീലനത്തിനായി പള്ളാത്തുരുത്തിയില്‍ ഉയര്‍ന്ന പന്തല്‍ അന്ന്‌ മറ്റുള്ളവര്‍ക്കു കൗതുകമായിരുന്നു. ആദ്യഘട്ടത്തില്‍ 12 ദിവസം തുഴച്ചില്‍ക്കാര്‍ ഒന്നിച്ചു താമസം, വ്യായാമം, സമീകൃതാഹാരം. രണ്ടുനേരം പരിശീലനം എന്നിങ്ങനെ തുടര്‍ന്നു. കഠിനമായ പരിശീലനത്തിനൊടുവില്‍ അവര്‍ നെഹ്‌റു ട്രോഫി നേടുകയും ചെയ്‌തു.
2010 ല്‍ ജീസസ്‌ ബോട്ട്‌ ക്ലബിനായി ജിജി ജേക്കബ്‌ ക്യാമ്പ്‌ ഒരുക്കിയതു കുമളിയിലായിരുന്നു. തടാകത്തില്‍ 80 പേര്‍ക്ക്‌ ഇരുന്നു തുഴഞ്ഞു പരിശീലിക്കാന്‍ റെയ്‌ലിങ്‌, റണ്ണിങ്‌ ട്രാക്ക്‌, ജിംനേഷ്യം, മെഡിക്കല്‍ ടീം തുടങ്ങി രാജ്യാന്തര കായിക രംഗത്തെ പ്രഫഷണല്‍ ടീമുകളോട്‌ കിടപിടിക്കുന്ന സന്നാഹങ്ങള്‍. പക്ഷേ, ഹീറ്റ്‌സില്‍ മൂന്നാമതായി. എന്നാലിപ്പോഴും ടീമുകള്‍ പിന്തുടരുന്ന പരിശീലന രീതിക്ക്‌ അടിസ്‌ഥാനമായത്‌ ജിജിയുടെ നേതൃത്വത്തില്‍ അന്നുനടത്തിയ പടൊയൊരുക്കം തന്നെ.
അഞ്ചുമിനിറ്റില്‍ താഴെമാത്രം സമയത്തേക്കു നടക്കുന്ന മത്സരയിനമായതിനാല്‍ തുഴച്ചില്‍ക്കാരുടെ ശാരീരികവും മാനസികവുമായ ഊര്‍ജം പൂര്‍ണമായും ആവശ്യമാണ്‌. ആരോഗ്യക്ഷമത ഉറപ്പുവരുത്താനായി തുഴച്ചില്‍ക്കാരെ പുകവലിക്കുന്നതില്‍നിന്ന്‌ കര്‍ശനമായി വിലക്കാറുണ്ട്‌. മദ്യപാനവും അനുവദിക്കാറില്ല. ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ക്ക്‌ പ്രതിദിന വേതനം 1000-1200 രൂപ വരെയാണ്‌. ഉറക്കമുണര്‍ന്നാല്‍ ഉടന്‍ പാലും മുട്ടയും ഏത്തപ്പഴവും. യോഗയും വ്യായാമവും കഴിഞ്ഞ്‌ പുഴയില്‍ നീന്തിക്കുളി. അതിനു ശേഷമാണ്‌ പ്രഭാതഭക്ഷണം. ദോശ, അപ്പം, പൊറോട്ട, ഇടിയപ്പം ഇവയിലേതെങ്കിലുമൊരിനം. മുട്ടയോ വെജിറ്റബിള്‍ കറിയോ ഒപ്പം. പിന്നീട്‌ ഒരു മണിക്കൂറോളം രാവിലത്തെ പരിശീലനത്തുഴച്ചിലാണ്‌്.
കൊടുംവെയിലത്ത്‌ പരിശീലനമില്ല. ഉച്ചഭക്ഷണം ചോറും കറികളും മാംസവിഭവവും. വിനോദ വിശ്രമവേളയാണു തുടര്‍ന്ന്‌. മൂന്നിനു വീണ്ടും ട്രയല്‍. മൂന്ന്‌ - നാലുമണിക്കൂര്‍ നീളും. ഇടവേളയില്‍ ലഘുഭക്ഷണം. ചിലപ്പോള്‍ പൊറോട്ടയും ഇറച്ചിയും. ക്യാമ്പ്‌ കലവറയില്‍ ഇനങ്ങളെല്ലാം എപ്പോഴും റെഡി. രാത്രി ഭക്ഷണത്തിന്‌ ചോറ്‌, മീന്‍കറി ആവശ്യാനുസരണം. വയറു സുഖത്തിന്‌ വേണ്ടവര്‍ക്കു കഞ്ഞിയും. ഈ മെനു ഭേദപ്പെട്ട ക്ലബുകളുടേതാണ്‌. അവര്‍ക്ക്‌ വൈദ്യസഹായവും പ്രാര്‍ഥനയും വ്യക്‌തിത്വവികസന ക്ലാസും എല്ലാം തരാതരം.
സാമ്പത്തികശേഷി കുറഞ്ഞ ക്ലബുകളില്‍ ആളൊന്നുക്ക്‌ കൂലി 500നും 750നും മധ്യേ. തീര്‍ത്തും അമച്വറായിട്ടുളള നിഷ്‌കാമ കര്‍മികളുടെ ക്ലബുകളും അപൂര്‍വമായുണ്ട്‌. പണ്ടത്തെ പാരമ്പര്യം അവര്‍ കാക്കുന്നു. ലാഭവും നഷ്‌ടവുമൊന്നും അവര്‍ കണക്കുകൂട്ടാറില്ല.
ഇത്തവണ നെഹ്‌റുട്രോഫിക്ക്‌ 25 ചുണ്ടനുകളാണ്‌. എ ഗ്രേഡില്‍ 20. ഉയര്‍ന്ന തുക ചെലവാക്കി മത്സരത്തിനെത്തുന്നത്‌ അതില്‍ 12 ക്ലബുകള്‍. ഇവര്‍ക്കെല്ലാവര്‍ക്കും കൂടി മേളയൊരുക്കത്തിന്‌ ചെലവാകുന്ന തുക ഏഴുകോടിയോളം. മറ്റ്‌ ചുണ്ടനുകളെല്ലാംകൂടി ചെലവ്‌ 50 ലക്ഷം രൂപ.
ചെറുവളളങ്ങളുടെ മത്സരത്തിന്‌ ഇത്തവണ ചുരുളന്‍ എ ഗ്രേഡ്‌, ഇരുട്ടുകുത്തി എ, ബി ഗ്രേഡ്‌, വെപ്പ്‌ എ, ബി ഗ്രേഡ്‌ ഇനങ്ങളിലായി പങ്കെടുക്കുന്ന 41 വള്ളങ്ങള്‍ക്കും കൂടി ഒരുക്കച്ചെലവ്‌ രണ്ടുകോടിരൂപ. അങ്ങനെ ആകെയുള്ള 61 വള്ളങ്ങള്‍ക്ക്‌ ആകെ ചെലവ്‌ 10 കോടിയോളം രൂപ. സംഘാടക സമിതിയുടെ ബജറ്റ്‌ അടക്കം 14 കോടി രൂപയുടെ മാമാങ്കമാണ്‌ പുന്നമടയില്‍ ഇത്തവണ നടക്കുക.
(തുടരും)

Ads by Google
Advertisement
Thursday 09 Aug 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW