ആലപ്പുഴ: മാവേലിക്കരയിലെ അഡീഷണല്‍ ഗവ.പ്ലീഡര്‍മാരുടെ ഓഫീസിന്റെ നിര്‍ണായകമായ ഇടപെടലിനെ തുര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് 67 ലക്ഷം രൂപ തിരികെ ലഭിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി നല്കിയ നഷ്ടപരിഹാര തുകയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ലഭിച്ച അധിക തുകയാണു മാവേലിക്കരയിലെ ഗവ. പ്ലീഡര്‍മാരുടെ ഓഫീസിന്റെ ഇടപെടലിനെത്തുടര്‍ന്ന് സര്‍ക്കാരിനു തിരികെക്കിട്ടിയത്.
ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം കക്ഷികള്‍ കോടതിയില്‍ എല്‍.എ.ആര്. കേസുകള്‍ ഫയല്‍ ചെയ്യുന്ന രീതിയാണ് ഇതോടെ പൊളിഞ്ഞത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചില കേസുകളില്‍ സബ്കോടതി വിധിപ്രകാരം തുക കോടതിയില്‍ നിക്ഷേപിക്കുകയും, വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി കൂടുതല്‍ തുക കൈപ്പറ്റുന്ന രീതിയാണിത്.
ഈ പ്രവണതക്കെതിരേയാണ് ഗവ പ്ലീഡര്‍മാരായ പി. സന്തോഷിന്റെയും, എസ്. സോളമന്റെയും ഓഫീസ് ശക്തമായി ഇടപെട്ടത്. സീനിയര്‍ ക്ലാര്‍ക്കായ രാജേഷിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തിയ ഇടപെടലിലൂടെ മാവേലിക്കര സബ് കോടതിയിലെ 41 കേസുകളില്‍ കക്ഷികള്‍ അമിതമായി കൈപറ്റിയ നഷ്ടപരിഹാര തുക അപ്പീല്‍ വിധി പ്രകാരം ആറു ശതമാനം വീതം പലിശ സഹിതം തിരികെ പിടിക്കുകയായിരുന്നു.
ഈ പ്രവര്‍ത്തനങ്ങളുടെ വിവരം ആലപ്പുഴ ജില്ല കലക്ടര്‍ എസ്. സുഹാസിനെ രേഖാമൂലം അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന സ്യൂട്ട് കോണ്‍ഫറന്‍സില്‍ രാജേഷിനെ പ്രശംസപത്രം നല്കി ആദരിച്ചു.