Tuesday, June 18, 2019 Last Updated 15 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.12 AM

സൗമ്യനായ കൊലയാളി

uploads/news/2018/08/239665/2.jpg

അടിമാലി: തൊടുപുഴയ്‌ക്കു സമീപം വണ്ണപ്പുറം കമ്പകക്കാനത്ത്‌ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നാലംഗ കുടുംബത്തെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായി പോലീസ്‌ തെരയുന്ന അടിമാലി കൊരങ്ങാട്ടി സ്വദേശി അനീഷ്‌ സുഹൃദ്‌ ബന്ധങ്ങളില്ലാത്തയാളെന്നു നാട്ടുകാര്‍. ഇയാളെ കണ്ടാല്‍ സൗമ്യനാണെങ്കിലും വെട്ടുകേസിലെ പ്രതിയായിരുന്നു.
മൂന്നുവര്‍ഷം മുന്‍പാണ്‌ അടുത്ത ബന്ധുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഇയാള്‍ ദേവികുളം സബ്‌ജയിലില്‍ കഴിഞ്ഞിരുന്നത്‌. കൊരങ്ങാട്ടിക്കു സമീപം നൂറാംകരയിലേക്കുള്ള വഴിയില്‍ പിതാവ്‌ കോളംകുടിയില്‍ കുട്ടിയോടും മാതാവിനോടുമൊപ്പമാണ്‌ ഇയാള്‍ താമസിച്ചിരുന്നത്‌. മാസങ്ങള്‍ക്കു മുന്‍പുവരെ അനീഷ്‌ വണ്ണപ്പുറത്തെ കൊല്ലപ്പെട്ട കൃഷ്‌ണന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. ശേഷം തിരികെ നാട്ടിലെത്തി പെയിന്റിങ്‌ തൊഴിലാളിയായി പോവുകയായിരുന്നു.
സ്വന്തമായുള്ള ബജാജ്‌ ബൈക്കില്‍ പതിവായി രാവിലെ വീട്ടില്‍നിന്നും പോകുന്ന അനീഷ്‌ രാത്രിയാണു തിരികെ വീട്ടിലെത്തിയിരുന്നത്‌. ഇടയ്‌ക്ക്‌ ടൈല്‍ ജോലിക്കും പോയിരുന്നു. നാട്ടിലെ ഉത്സവവേളകളിലോ ആഘോഷങ്ങളിലൊ ഇയാള്‍ നാട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. കഴിഞ്ഞയാഴ്‌ച കൊല നടത്തിയശേഷവും ഇയാള്‍ ഒരുദിവസം അടിമാലി മേഖലയില്‍ പെയിന്റിങ്‌ ജോലിക്കെത്തിയിരുന്നു.
സംഭവങ്ങള്‍ പുറംലോകം അറിഞ്ഞതിന്റെ പിറ്റേന്നാണു കൊരങ്ങാട്ടിയിലെ ഇയാളുടെ വീട്ടില്‍ പൂജ നടത്തിയത്‌. പിടിയിലായ ലിബീഷും പൂജയില്‍ പങ്കെടുത്തിരുന്നു. കൊലപാതകക്കേസില്‍ പിടിയിലാകാതിരിക്കാനായിരുന്നു പ്രത്യേക പൂജ സംഘടിപ്പിച്ചത്‌. കൊലപാതകം നടന്ന ദിവസം ടൈല്‍ ജോലിക്കെന്നു പറഞ്ഞാണു വിട്ടില്‍നിന്നും പോയത്‌. പിറ്റേന്നും ഇയാള്‍ വീട്ടില്‍ വരാതിരുന്നതിനാലാണ്‌ പോലീസിനു തെളിവുകളിലേക്ക്‌ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത്‌.
കൊലപാതകത്തിനുശേഷം കൊരങ്ങാട്ടിയിലേക്കു വന്നതിനെത്തുടര്‍ന്നു ബിനീഷില്‍ നിന്നും തൊടുപുഴയില്‍ അടിയുണ്ടായതായി വിവരം ചോര്‍ന്നിരുന്നു. ഈ വിവരമാണ്‌ അടിമാലി സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ എ.എസ്‌.ഐയ്‌ക്കു ലഭിച്ചത്‌. തുടര്‍ന്ന്‌ ഉന്നത പോലീസുമായി ബന്ധപ്പെട്ടശേഷം ഇവിടുത്തെ പോലീസ്‌ സംഘം അനീഷിനെ അന്വേഷിച്ചു വേഷംമാറി വീട്ടിലെത്തിയെങ്കിലും അതിനോടകം ഇയാള്‍ കടന്നു കളഞ്ഞതായി അന്വേഷണസംഘം പറയുന്നു.
ഇതിനിടെ മറ്റു രണ്ടുപേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തശേഷം വിട്ടയച്ചു. ഇവരില്‍നിന്നു കിട്ടിയ വിവരമാണ്‌ തൊടുപുഴയിലെ ലിബീഷിന്റെ അടുത്തേയ്‌ക്ക്‌ പോലീസ്‌ സംഘത്തെ എത്തിച്ചത്‌. രണ്ടുദിവസമായി കൊരങ്ങാട്ടി, മാങ്കുളം, പ്ലാമലക്കുടി മേഖലകളില്‍ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.
അനീഷിന്റെ കൈവശം 200 രൂപ മാത്രമാണുള്ളതെന്നും ജില്ല വിട്ടുപോകാന്‍ സാധ്യതയില്ലെന്നുമാണു വിലയിരുത്തുന്നത്‌. ഉള്‍മേഖല വഴി പോകാന്‍ സാധ്യതയുള്ള ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനയ്‌ക്കു ക്രമീകരണമൊരുക്കിയിട്ടുണ്ട്‌. കുടികളില്‍നിന്നും പോലീസ്‌ വിവരങ്ങള്‍ ശേഖരിച്ചു. കാട്ടാനകളുടെ ആക്രമണ സാധ്യതയുള്ള മേഖലയായതിനാലും വനാന്തരങ്ങളില്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ മൊബൈല്‍ റേഞ്ച്‌ കിട്ടാത്തതും സംഘത്തിനു തിരിച്ചടിയാണ്‌. പ്ലാമലക്കുടിക്കു സമീപം ആനക്കാടിനടുത്തായി അനീഷിന്റെ കുടുംബത്തിനുണ്ടായിരുന്ന കൃഷിഭൂമിയടക്കം പോലീസ്‌ നിരീക്ഷിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചാണ്‌ അനീഷ്‌ കടന്നു കളഞ്ഞിരുന്നത്‌.
ഇതിനിടെ, കള്ളനോട്ട്‌ സംഘവുമായി കൊല്ലപ്പെട്ട കൃഷ്‌ണനും അനീഷിനും ബന്ധമുണ്ടായിരുന്നതായുള്ള വിവരങ്ങളുടെ പശ്‌ചാത്തലത്തില്‍ പോലീസ്‌ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌.
പോലീന്റെ കൈയില്‍ കിട്ടിയ അനീഷ്‌ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നും കഴിഞ്ഞ ഫെബ്രുവരി 26നാണ്‌ അവസാനമായി കൃഷ്‌ണനും അനീഷും പരസ്‌പരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്‌. എന്നാല്‍ മറ്റു സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നോ എന്നതടക്കം പരിശോധിച്ചു വരികയാണ്‌.

Ads by Google
Advertisement
Wednesday 08 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW