കട്ടപ്പന: ലയൂട്ടല്‍ വാരാചരണം നാടെങ്ങും നടക്കുന്നതിനിടെ തന്റെ മുലയൂട്ടല്‍ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമാകട്ടെ എന്നു കരുതിയാണ് ബിജിലി ജേക്കബ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് വൈറലാകുകയും നിരവധി അമ്മമാര്‍ക്കു പ്രചോദനമാകുകയും ചെയ്തതോടെ സമൂഹമാധ്യമത്തില്‍ താരമായി മാറിയിരിക്കുകയാണു നെടുങ്കണ്ടം മാവടി സ്വദേശിനിയായ ഈ വീട്ടമ്മ.
മുലയൂട്ടലിന്റെ പ്രാധാന്യവും മുലപ്പാലില്ലാത്തതിനാല്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സ്വീകരിച്ച മാര്‍ഗങ്ങളുമാണ് കുറിപ്പിലുള്ളത്. എന്റെ ബ്രെസ്റ്റ് ഫീഡിങ് അനുഭവങ്ങള്‍ എന്നു വേണമെങ്കില്‍ ഇതിനു പേരിടാം മുഖവുരയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് മകള്‍ തന്നു ജനിച്ചപ്പോള്‍ കുട്ടിക്കു തൂക്കക്കുറവുണ്ടായിരുന്നതിനാല് മുലയൂട്ടാന്‍ കഴിഞ്ഞിരുന്നില്ല. പാല് പിഴിഞ്ഞു നല്കാന് ശ്രമിച്ചെങ്കിലും ആവശ്യത്തിനു ലഭിച്ചില്ല. ഈ സാഹചര്യം പല അമ്മമാരും നേരിടുന്നതാണ്. ഇതോടെ മുലപ്പാല്‍ കുറവെന്ന കുറ്റപെടുത്തലുകളും പലയിടത്തുനിന്നും ഉണ്ടാകും. ഇതു അമ്മയെ മാനസിക സമ്മര്ദ്ദത്തിലാഴ്ത്തുന്നതോടെ മുലപ്പാല്‍ ലഭിക്കാത്ത സാഹചര്യവും ഉണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ താമശകളും പറഞ്ഞും സിനമികളിലെ കോമഡി രംഗങ്ങള്‍ ആസ്വദിച്ചും സമ്മര്‍ദം കുറയ്ക്കാന്‍ ശ്രമിച്ചു. ഇതോടെ കുട്ടിക്കാവശ്യമായ മുലപ്പാല്‍ പിഴിഞ്ഞെടുക്കാനായെന്നും ബിജിലി കുറിച്ചു. മുലപ്പാല്‍ കൃത്യമായി നല്കാന് കഴിഞ്ഞതോടെ ജനിച്ചപ്പോള്‍ 1.8 കിലോഗ്രാം മാത്രമായിരുന്ന കുട്ടിക്കു ആറു മാസമായപ്പോള്‍ 5.6 കിലോഗ്രാം ഭാരമായി.
മുലപ്പാല്‍ ഇല്ലാത്ത അമ്മമാരെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് ധൈര്യം നല്‍കുകയാണ് വേണ്ടതെന്നു ബിജിലിയുടെ കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു.
പോസ്റ്റ് വൈറലായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമ്മമാര്‍ക്കാണ് പ്രചോദനമായത്. 340 പേര് ബിജിലിയുടെ പോസ്റ്റ് പങ്കുവച്ചു. 250 പേര് പോസ്റ്റിനു മറുപടി സന്ദേശങ്ങള്‍ അറിയിച്ചു. നെടുങ്കണ്ടം സ്വദേശിയും വാളകം പ്രൈമറി ഹെല്‍ത്ത് സെന്ററിലെ അസിസ്റ്റന്റ് സര്‍ജനുമായ ഡോ. കിരണ്‍ നാരായണന്റെ ഭാര്യയാണു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥിനി കൂടിയായ ബിജിലി. എറണാകുളത്താണ് താമസം. തന്നുവിനു കൂടുതല്‍ ശ്രദ്ധ നല്‍കാനായി പഠനം പോലും താല്‍ക്കാലികമായി മാറ്റിവച്ചിരിക്കുകയാണ് ഈ വീട്ടമ്മ.