കട്ടപ്പന: മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ഹര്‍ത്താല്‍ പ്രതീതി ഉളവാക്കി. ചിലയിടങ്ങളില്‍ സമരാനുകൂലികള്‍ നിരത്തിലിറങ്ങിയ ടാക്സി വണ്ടികള്‍ക്കൊപ്പം സ്വകാര്യ വാഹനങ്ങളും തടഞ്ഞു. നഗരത്തിലെ ഏതാനും വ്യാപാരികള്‍ മാത്രമാണ് തുറന്നത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. ഉടുമ്പന്‍ചോല താലൂക്കിലെ നെടുങ്കണ്ടം, ഉടുമ്പന്‍ചോല, തൂക്കുപാലം, കൂട്ടാര്‍, കമ്പംമെട്ട് എന്നിവിടങ്ങളില്‍ ടാക്സി തൊഴിലാളികള്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനിടയാക്കി. നെടുങ്കണ്ടം താലൂക്ക് ഓഫീസില്‍ 70 ശതമാനം ഹാജര്‍ നിലയുണ്ടായിരുന്നു. തൊഴിലാളികളും പണിമുടക്കിയതോടെ തോട്ടം മേഖലയും സ്തംഭിച്ചു.
അതിര്‍ത്തി മേഖലയില്‍ പണിമുടക്ക് ജനം വലഞ്ഞു. കുമളിയിലെ ഏതാനും കടകള്‍ മാത്രമാണ് തുറന്നത്. സഞ്ചാരികളുമായി തേക്കടിയിലേക്കു വന്നതും തിരികെ പോയതുമായ വാഹനങ്ങള്‍ സമരാനുകൂലികള്‍ 15 മിനിറ്റോളം തടഞ്ഞു. അതേസമയം അതിര്‍ത്തിയിലെ തമിഴ്നാട് ബസ് സ്റ്റാന്‍ഡ് പതിവുപോലെ സജീവമായിരുന്നു. ബസുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളും സര്‍വീസ് നടത്തി. ഇന്നലെ കമ്പത്ത് പച്ചക്കറി ചന്തയായിരുന്നതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ കൂട്ടത്തോടെ തമിഴ്നാട്ടിലെത്തി.
വണ്ടിപ്പെരിയാറിലെ ടാക്സി തൊഴിലാളികള്‍ പണിമുടക്ക് ദിനം ജനസേവനത്തിനായി വിനിയോഗിച്ചു. ചുരക്കുളത്തെ ലോറി സ്റ്റാന്‍ഡിലെ 40 തൊഴിലാളികളാണ് ടൗണിന്റെ വിവിധ ഭാഗങ്ങള്‍ ശുചീകരിച്ചത്. മണ്ണു മാന്തിയത്രം കൊണ്ട് ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന വാഹനങ്ങള്‍ സ്ഥലത്തുനിന്നു മാറ്റി കാല്‍നടയാത്ര സുഗമമാക്കി.
കല്ലും മണ്ണും എന്നിച്ച് റോഡിലെ കുഴികള്‍ നികത്തി. കൂടാതെ കാടുപിടിച്ചുകിടന്ന സ്ഥലവും വൃത്തിയാക്കി. രാജകുമാരി, രാജാക്കാട്, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ വാഹന പണിമുടക്ക് പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്കൂളുകളില്‍ പഠനം മുടങ്ങി. കെ.എസ്.ആര്.ടി.സി. ഉള്‍പ്പെടെ നിരത്തിലിറങ്ങാത്തതോടെ യാത്രക്കാരും വലഞ്ഞു. തമിഴ്നാട്ടില്‍നിന്നും തൊഴിലാളികള്‍ എത്താത്തതുമൂലം തോട്ടംമേഖലയും നിശ്ചലമായി.
വിവിധ സംഘടനകളുടെ പണിമുടക്കിനോടെ വ്യാപാരികളും സഹകരിച്ചതാണ് ഹര്‍ത്താലായി മാറുവാന്‍ കാരണം. ഹോട്ടലുകള്‍ ഉള്‍പ്പെടെ അടഞ്ഞുകിടന്നത് സ്വകാര്യ വാഹന യാത്രികര്‍ക്കും ഏറെ ബുദ്ധിമുട്ടാണുണ്ടാക്കി.
സ്വകാര്യ സ്കൂള്‍ ബസുകളും നിരത്തിലിറങ്ങാതെ വന്നത് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചു. പ്രധാന ടൗണുകളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു.
എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. തൊടുപുഴയില്‍ ഇരുചക്ര വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. ഓട്ടോറിക്ഷകള്‍ മിക്കതും സര്‍വീസ് നടത്തിയില്ല. വ്യാപാര സ്ഥാപനങ്ങള്‍ പലതും പ്രവര്‍ത്തിച്ചില്ല.
പോലീസ് ക്യാന്റീന് ഉള്‍പ്പടെയുള്ള ഹോട്ടലുകളിലെ ഉച്ച ഭക്ഷണം നേരത്തേ തീര്‍ന്നു. ഗ്രാമപ്രദേശങ്ങളിലെ ഹോട്ടലുകള്‍ ഒന്നും തന്നെ തുറന്നില്ല. തൊടുപുഴ താലൂക്ക് ഓഫീസില്‍ ആകെയുള്ള 89 പേരില്‍ 49 പേര് മാത്രമാണ് ജോലിക്കെത്തിയത്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ കുറവായിരുന്നു.