Tuesday, July 23, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.11 AM

ഇനി എല്ലാം പ്രഫഷണല്‍

uploads/news/2018/08/239654/1.jpg

ആലപ്പുഴ: ജലമേളകളുടെ മുഖഛായ മാറുകയാണ്‌. പാരമ്പര്യ തനിമയെ വകഞ്ഞുമാറ്റി തുഴച്ചില്‍ക്കാരെ ഇറക്കുമതി ചെയ്‌തും കളിത്തോണികളുടെ രൂപഘടനയില്‍ ആവശ്യാനുസരണം മാറ്റംവരുത്തിയുമാണ്‌ സമീപ കാലത്ത്‌ പ്രഫഷണലിസം കുതിച്ചുപാഞ്ഞത്‌. ഇത്തവണയത്‌ വള്ളംകളികളുടെ സംഘാടനത്തിലേക്കുമെത്തുന്നു. ഐ.പി.എല്‍ മാതൃകയില്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന കേരളാ ബോട്ട്‌ റേസ്‌ ലീഗിലൂടെ ലക്ഷ്യം വള്ളംകളിയുടെ രാജ്യാന്തര പ്രശസ്‌തി തന്നെ. കോല്‍ക്കണക്കു പ്രകാരമാണ്‌ ചുണ്ടന്‍, വെപ്പ്‌, ഓടി, ചുരളന്‍ വള്ളങ്ങളുടെ നീളം.
കോല്‍ക്കണക്കിലും അംഗുലത്തിലും അളന്ന്‌ തിട്ടപ്പെടുത്തിയാണ്‌ വള്ളത്തിന്റെ രൂപഘടന ആകെയും. ഇപ്പോള്‍ വള്ളത്തില്‍ ആവശ്യാനുസരണം വ്യത്യാസങ്ങള്‍ വരുത്തിയാണ്‌ വീറുറ്റ പോരാട്ടം നടത്തുന്ന മിക്ക ക്ലബുകളും മത്സരത്തിനെത്തുന്നത്‌. നീളം കുറച്ച്‌ തുഴച്ചില്‍ക്കാരുടെ എണ്ണം ക്രമപ്പെടുത്തി വള്ളങ്ങളെ സജ്‌ജമാക്കുന്നവരുമുണ്ട്‌. ഇതേ പ്രഫഷണലിസമാണ്‌ ക്ലബ്ബുകള്‍ തുഴക്കാരെ തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധിക്കുന്നത്‌. കൈക്കരുത്തും അതിവേഗം തുഴയാന്‍ സ്‌റ്റാമിനയുമുള്ള പട്ടാളക്കാരെയും മറ്റ്‌ കരുത്തുറ്റവരെയും കഴിഞ്ഞ ഏഴ്‌ വര്‍ഷമായി രംഗത്തിറക്കിവരുന്നു. കൈനകരി യു.ബി.സിയാണ്‌ മുട്ടേല്‍ കൈനകരി (ഇപ്പോള്‍ മഹാദേവന്‍) ചുണ്ടനില്‍ ആദ്യമായി പട്ടാളപ്പടയുമായി നെഹ്‌റുട്രോഫി ജലമേളയ്‌ക്ക്‌ എത്തിയത്‌. 2010ല്‍. അക്കൊല്ലം കപ്പ്‌ ഉയര്‍ത്താനായില്ലെങ്കിലും പട്ടാളഭ്രമം പിന്നീട്‌ മറ്റ്‌ ക്ലബുകള്‍ ഏറ്റെടുത്തു. ഇത്തവണയും വിവിധ ക്ലബ്ബുകള്‍ പട്ടാളക്കരുത്തിനെ ആശ്രയിച്ചിരിക്കുകയാണ്‌. മണിപ്പൂര്‍, ആസാം തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌ മലയാളികളായ സൈനികര്‍ക്കൊപ്പം തുഴയാനിറങ്ങുന്നത്‌.
കുട്ടനാട്ടിലെ കരുമാടിക്കുട്ടന്മാരോട്‌ കിടപിടിക്കുന്ന വേഗപ്പൊലിമയാണ്‌ ഈ പ്രഫഷണല്‍ താരങ്ങള്‍ കാട്ടാറുള്ളത്‌. അതുപോലെ കുട്ടനാടിന്റെ ജലപ്പരപ്പില്‍ നിന്നും കൊല്ലത്തേക്കും എറണാകുളത്തേക്കും നെഹ്‌റുട്രോഫിയുടെ പെരുമ പെരുകിയതോടെ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന കൈയ്യൂക്ക്‌ കളിവള്ളങ്ങളിലേക്കും പ്രകടമാകുകയായിരുന്നു. അങ്ങനെ പുന്നമടയില്‍ കൊല്ലത്തിന്റേയും വൈക്കത്തിന്റേയുമൊക്കെ വെല്ലുവിളി കൈനകരിക്കാരെയും കുമരകംകാരെയും കീഴ്‌പ്പെടുത്തുന്നതായി വളര്‍ന്നു.
പട്ടാളച്ചിട്ടയോടെ വള്ളംകളിക്കിറങ്ങുന്ന പ്രഫഷണല്‍ ക്ലബുകളാണ്‌ ഇന്നു കൂടിവരുന്നത്‌. കേരളാ പോലീസും ഇത്തവണ ബോട്ട്‌ ക്ലബ്ബായി കന്നിയങ്കത്തിനുണ്ട്‌. പ്രത്യേക ക്യാമ്പുകളൊരുക്കി മാസങ്ങള്‍നീണ്ട പരിശീലനം നടത്തിയെത്തുന്ന ഇത്തരം ക്ലബുകള്‍ക്ക്‌ കരകള്‍ക്ക്‌ അപ്പുറം ആരാധകരേറെ.
നെഹ്‌റു ട്രോഫി ജലോത്സത്തില്‍ സമയം അടിസ്‌ഥാനമാക്കിയപ്പോള്‍ മത്സരത്തിനു വീറും വാശിയും ഏറുക കൂടിയായിരുന്നു. പരിഷ്‌കാരം നടപ്പിലാക്കാനെടുത്ത ജാഗ്രത വള്ളംകളിയുടെ സംഘാടനത്തില്‍ വഴിത്തിരിവുണ്ടാക്കി.
സ്‌റ്റാര്‍ട്ടിംഗ്‌ പോയിന്റില്‍ വിസില്‍ മുഴങ്ങിയാല്‍ ഫിനിഷിങ്‌ പോയിന്റ്‌ ആദ്യം കടക്കുന്നവര്‍ ഒന്നാമതെത്തുന്ന രീതിക്കാണ്‌ തിരുത്ത്‌ വന്നത്‌. അഞ്ചു ട്രാക്കുകകളിലായി മത്സരിച്ചു വരുന്ന ചുണ്ടനുകളില്‍ ഏറ്റവും കുറഞ്ഞ സമയത്ത്‌ ഫിനിഷ്‌ ചെയ്‌ത ആദ്യ നാലു ക്ലബുകളാണ്‌ ഇപ്പോള്‍ ഫൈനലില്‍ പ്രവേശിക്കുന്നത്‌.
കൃത്യമായ സ്‌റ്റാര്‍ട്ടിങ്‌, സമയക്രമത്തിലെ സൂക്ഷ്‌മത എന്നിവ ഉറപ്പാക്കാനാണ്‌ ഇത്തവണത്തെ തീരുമാനം. കുറ്റമറ്റ സ്‌റ്റാര്‍ട്ടിങ്‌ സംവിധാനത്തിനൊപ്പം ഒളിമ്പിക്‌സില്‍ ഉപയോഗിക്കുന്ന സമയം കണക്കാക്കുന്ന ഫിനിഷിങ്‌ സംവിധാനവും ഇത്തവണ പരീക്ഷിക്കുന്നു.
(തുടരും)

Ads by Google
Advertisement
Wednesday 08 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW