Saturday, November 17, 2018 Last Updated 38 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.29 PM

സ്‌കൂള്‍ ഉച്ചഭക്ഷണം സമൃദ്ധം; പാചക തൊഴിലാളികള്‍ക്ക്‌ അവഗണന

കോഴിക്കോട്‌:സ്‌കൂള്‍ ഉച്ചഭക്ഷണം സമൃദ്ധമായെങ്കിലും പാചകത്തൊഴിലാളികള്‍ക്കു മാന്യമായ പരിഗണന കിട്ടുന്നില്ലെന്നു പരാതി.അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അഞ്ചാം തിയ്യതിക്കുള്ളില്‍ ശമ്പളം ലഭിക്കുമ്പോള്‍ പാചകത്തൊഴിലാളികള്‍ക്കു പത്താം തിയ്യതിയായിട്ടും ഓണറേറിയം ലഭിക്കാത്ത അവസ്‌ഥയാണ്‌.
ഇവരുടെ ഓണറേറിയം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നൂണ്‍മീല്‍ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ പൊതു വിദ്യാഭ്യാസ ഡയറക്‌ടറില്‍നിന്നു ഇ-ട്രാന്‍സ്‌ഫര്‍ വഴി ലഭിക്കുകയാണു ചെയ്യുന്നത്‌. തുടര്‍ന്ന്‌ സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങള്‍ പരിശോധിച്ച്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഓരോ മാസത്തേയും അര്‍ഹമായ തുക പാചകത്തൊഴിലാളികളുടെ ബാങ്ക്‌ അക്കൗണ്ടുകളിലേക്കു നേരിട്ടു ഇ- ട്രാന്‍സ്‌ഫര്‍ ചെയ്യുന്നു. എന്നാല്‍ അധ്യാപകരുടേയും ്‌അനധ്യാപകരുടേയും ശമ്പളം നല്‍കുന്ന ജാഗ്രതയോടെ പാചകത്തൊഴിലാളികളുടെ തുച്ചമായ ഓണറേറിയം നല്‍കുന്നതില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്നാണു പരാതി.നേരത്തെ ഹെഡ്‌മാസ്‌റ്റര്‍മാര്‍ ഇവരുടെ വേതനം തിരിമറി ചെയ്യുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണു ബാങ്ക്‌ അക്കൗണ്ടിലേക്കു നേരിട്ടു കൈമാറുന്ന സംവിധാനം നിലവില്‍ വന്നത്‌.
150 കുട്ടികള്‍ വരെ ഉച്ചഭക്ഷണം കഴിക്കുന്ന സ്‌കൂളുകളില്‍ പാചക തൊഴിലാളികള്‍ക്കും പ്രതിദിനം 400 രൂപയാണു നല്‍കുക. 151 മുതല്‍ 500 വരെയുള്ള സ്‌കൂളില്‍ കുറഞ്ഞ പ്രതിദിന വേതനം 400 രൂപയും 150 ല്‍കൂടുതലുള്ള ഓരോ കുട്ടിക്കും 25 പൈസ എന്നതോതില്‍ കണക്കാക്കി പരമാവധി 475 രൂപയുമാണു നല്‍കുന്നത്‌. 500നുമേല്‍ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന സ്‌കൂളില്‍ രണ്ടു പാചകത്തൊഴിലാളികളെ നിയമിക്കാം. 300 കുട്ടികള്‍ക്കു മുകളില്‍ ഒരു കുട്ടിക്ക്‌ 25 പൈസനിരക്കില്‍ പരമാവധി 475 രൂപ വീതം ഇവര്‍ക്കു നല്‍കും.
പാചകത്തൊഴിലാളികളുടെ കുറഞ്ഞ പ്രതിദിന ഓണറേറിയും 400 രൂപയും പരമാവധി 475 രൂപയുമാണ്‌.സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിനായി ചില സ്‌കൂളില്‍ പാചകത്തൊഴിലാളികളെ പിരിച്ചുവിടുന്ന രീതിക്ക്‌ പുതിയ സര്‍ക്കാര്‍ തടയിട്ടിട്ടുണ്ട്‌. വ്യക്‌തമായ കാരണമില്ലാതെ തൊഴിലാളിയെ ഇപ്പോള്‍പിരിച്ചു വിടാനാവില്ല.ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടേയും നൂണ്‍മീല്‍ ഓഫീസറുടേയോ സാന്നിധ്യത്തില്‍ ചേരുന്ന സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റിക്കാണു പിരിച്ചു വിടാന്‍അധികാരം.ആരോഗ്യ കാരണം ചൂണ്ടിക്കാട്ടിയാണു സാധാരണയായി പാചകത്തൊഴിലാളികളെ പിരിച്ചു വിടാറുള്ളത്‌. ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം തൊഴിലാളികള്‍ ഹെല്‍ത്ത്‌ കാര്‍ഡ്‌ ഹാജരാക്കുന്നുണ്ട്‌. ഇതിനു ചില പ്രദേശങ്ങളില്‍ 1000 രൂപ വരെ ചെലവുവരുന്നതിനാല്‍ കാര്‍ഡിന്റെ കാലാവധി ഒരുവര്‍ഷമാക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു.
ഉച്ചഭക്ഷണത്തിനു ചോറിനൊപ്പം ഒരു കറിയും രണ്ടു വിഭവങ്ങളും നല്‍കണമെന്ന നിര്‍ദ്ദേശം നടപ്പാക്കിയതോടെ തൊഴിലാളികള്‍ക്കു ജോലി ഭാരം വര്‍ധിച്ചിട്ടുണ്ട്‌. ചില തദ്ദേശ ഭരണ സ്‌ഥാപനങ്ങള്‍ പാചകത്തൊഴിലാളികള്‍ക്കു യൂണിഫോം നല്‍കുന്നുണ്ടെങ്കിലും ഇതിന്‌ ഏകീകൃതമായ രൂപം കൈവന്നിട്ടില്ല.

Ads by Google
Advertisement
Monday 06 Aug 2018 09.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW