Friday, September 14, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.28 PM

കര്‍ഷകര്‍ക്ക്‌ സിവില്‍ സപ്ലൈസ്‌ വക 'ഓണത്തല്ല്‌ '

uploads/news/2018/08/239451/1.jpg

മുളന്തുരുത്തി: ഓണത്തിന്‌ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മണ്ണില്‍ പൊന്ന്‌ വിളയിച്ച കര്‍ഷകന്‌ കുമ്പിളില്‍ കഞ്ഞി എന്ന അവസ്‌ഥയാണുള്ളത്‌. കലക്‌ടറുടെ നേരിട്ടുള്ള പരിശ്രമത്തില്‍ നെല്‍കൃഷിയിറക്കി നൂറ്‌മേനി വിളവ്‌ നേടിയ കര്‍ഷകരാണ്‌ അധികൃതരുടെ അനാസ്‌ഥ മൂലം ദുരിതത്തിലായിരിക്കുന്നത്‌.കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ കര്‍ഷകരില്‍നിന്നും സംഭരിച്ചനെല്ലിന്റെ വില ഇതുവരെ നല്‍കാന്‍ സിവില്‍ സപ്ലൈസ്‌ തയാറാകാത്തതാണ്‌ കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായിരിക്കുന്നത്‌.
കൊച്ചിയുടെ നെല്ലറയായ തോട്ടറ പുഞ്ച ഉള്‍പ്പെടെ മുളന്തുരുത്തി, ആമ്പല്ലൂര്‍, എടയ്‌ക്കാട്ടുവയല്‍ പഞ്ചായത്തുകളിലെ നൂറ്‌ കണക്കിന്‌ കര്‍ഷകരാണ്‌ അദ്ധ്വാനത്തിന്റെ പ്രതിഫലം തേടി അലയുന്നത്‌. കിലോക്ക്‌ 29 രൂപ നിരക്കിലാണ്‌ കര്‍ഷകരില്‍ നിന്നും നെല്ല്‌ സംഭരിച്ചത്‌. വളരെ കുറച്ച്‌ പേര്‍ക്ക്‌ മാത്രമാണ്‌ പണം ലഭിച്ചിട്ടുള്ളൂ. അഞ്ഞൂറിലധികം കര്‍ഷകര്‍ക്ക്‌ തുക കിട്ടാനുണ്ട്‌. കാര്‍ഷികവൃത്തിയില്‍ മാത്രം ആശ്രയിക്കുന്നവരും പാട്ടത്തിനെടുത്ത്‌ കൃഷി ചെയ്‌തവരുമാണ്‌ കര്‍ഷകരിലധികം പേരും.
വര്‍ഷങ്ങള്‍ തരിശായി കിടന്ന പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ കലക്‌ടര്‍ മുഹമദ്‌ വൈ.സഫീറുള്ളയുടെ നേതൃത്വത്തില്‍ പരിശ്രമം നടത്തി വിജയം കണ്ടിരുന്നു. എന്നാല്‍ വിളവെടുപ്പും കഴിഞ്ഞ്‌ സിവില്‍ സപ്ലൈസ്‌ കര്‍ഷകരില്‍ നിന്ന്‌ നെല്ല്‌ സംഭരണവും നടത്തി പോയി അഞ്ച്‌ മാസം കഴിഞ്ഞിട്ടും പണം നല്‍കിയില്ല. പ്രതിഫലം തേടി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി കര്‍ഷര്‍ക്ക്‌ മടുത്തതല്ലാതെ അര്‍ഹതപ്പെട്ട പണം നല്‍കേണ്ടവര്‍ തന്നെ കര്‍ഷകരെ കൈയൊഴിഞ്ഞു.
അടുത്ത പ്രാവശ്യം കൃഷിയിറക്കാന്‍ പണമില്ലെന്നു മാത്രമല്ല അനുദിന ചെലവുകള്‍ പോലും നടക്കാത്ത സ്‌ഥിതിയാണെന്നും കര്‍ഷകര്‍ പറയുന്നു. ബാങ്ക്‌ വായ്‌പയെടുത്തും കടം വാങ്ങിയുമാണ്‌ കൃഷിയിറക്കിയത്‌. പണം ലഭിക്കാതെ വന്നതോടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു. ഒരു വശത്ത്‌ കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെടുകയും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ കൃഷിയിറക്കി വിളവെടുത്ത ശേഷം കര്‍ഷകര്‍ക്ക്‌ കൂലിനല്‍കാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും കര്‍ഷകര്‍ പറഞ്ഞു. ഓണത്തിന്‌ മുമ്പ്‌ സിവില്‍ സപ്ലൈസ്‌ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക്‌ നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 06 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW