Saturday, July 20, 2019 Last Updated 40 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.16 PM

ഇരുട്ടടിയായി വിലയിടിവും കൃഷി നാശവും

uploads/news/2018/08/239429/1.jpg

ഇടുക്കിയുടെ മണ്ണിന്‌ എന്നും നനവാണ്‌. തോരാമഴയില്‍ കുതിര്‍ന്നാലും പിന്നാലെ എത്തുന്ന വേനലില്‍ മലയോരങ്ങളിലെ മണ്ണിന്‌ നനവു നിലനില്‍ക്കും. കാലങ്ങളായി തോരാതെ തുടരുന്ന കര്‍ഷകന്റെ കണ്ണീരും വിയര്‍പ്പുമാണ്‌ ഈ നനവ്‌ നിലനില്‍ക്കാന്‍ കാരണം. അധ്വാനത്തിന്‌ അതിര്‍ത്തി നിര്‍ണയിക്കാന്‍ മനസു വരാത്ത മലയോരങ്ങളിലെ കര്‍ഷകര്‍ക്ക്‌ മണ്ണിലിറങ്ങിയ കാലം മുതല്‍ വിയര്‍പ്പിനും കണ്ണീരിനും തമ്മില്‍ ഭേദം കല്‍പ്പിക്കേണ്ടി വന്നിട്ടില്ല.
കുടിയേറ്റകാലത്ത്‌ അന്നത്തിന്‌ മുട്ടുവരാതെ കാത്തത്‌ മണ്ണാണ്‌. എന്നാല്‍ ഇതേ മണ്ണില്‍ പകലന്തിയോളം കഷ്‌ടപ്പെട്ടാലും ഫലം കിട്ടില്ലെന്ന ദുരവസ്‌ഥയെ നേരിട്ടുകൊണ്ടിരിക്കുകയാണ്‌ മലയോര കര്‍ഷക ജനത. ആദ്യകാലങ്ങളില്‍ പ്രകൃതിയോട്‌ മല്ലിട്ട്‌ മണ്ണിനെ തങ്ങള്‍ക്കിണങ്ങുംവിധം മെരുക്കിയ കര്‍ഷകരുടെ പിന്‍തലമുറകളാണ്‌ ഇന്നും ഇവിടെയുള്ളത്‌.
മണ്ണ്‌ മനുഷ്യനു നല്‍കിയ ഉറപ്പ്‌ ഇന്നും പാലിക്കുന്നുണ്ടെങ്കിലും മനുഷ്യര്‍ പരസ്‌പരം നല്‍കിയ വ്യവസ്‌ഥകള്‍ ലംഘിച്ചതോടെ മണ്ണില്‍ നിന്നും കിട്ടുന്നതിന്‌ മൂല്യമില്ലാതായി. മണ്ണ്‌ വാക്കുപാലിച്ചെങ്കിലും മനുഷ്യര്‍ പരസ്‌പരം വാക്കുപാലിച്ചില്ല. മനുഷ്യരുടെ ഇടപെടല്‍ മൂലം മണ്ണിനും ഭാവമാറ്റങ്ങളുണ്ടായി. മാറുന്ന പ്രകൃതിക്കനുസരിച്ച്‌ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയാറെടുത്തെങ്കിലും കാര്‍ഷിക മേഖലയും കര്‍ഷക പ്രശ്‌നങ്ങളും പലര്‍ക്കും വില്‍പന ചരക്കായി മാറി. കാലാവസ്‌ഥാ മാറ്റങ്ങള്‍ക്കൊപ്പം കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായി. കൃഷി രീതികള്‍ പലതും പ്രയോഗിച്ചു നോക്കിയെങ്കിലും പ്രകൃതി ഇണങ്ങാന്‍ തയാറായില്ല. വിപണിയും മുഖം തിരിച്ചു.
ഇതോടെ നിലനില്‍പ്പ്‌ പരുങ്ങലിലായ കര്‍ഷകര്‍ക്ക്‌ സര്‍ക്കാര്‍ സഹായം പലവിധത്തില്‍ എത്തിച്ചെങ്കിലും ലഭിച്ചതാകട്ടെ ചെറിയൊരു ശതമാനത്തിനു മാത്രം. ജീവിതാവശ്യങ്ങള്‍ക്കായി ഭൂമി പണയപ്പെടുത്തേണ്ടി വന്ന പലര്‍ക്കും ബാങ്ക്‌ ജപ്‌തി നടപടികള്‍ നേരിടേണ്ടതായും വന്നു. മണ്ണുണ്ടെങ്കില്‍ പൊന്നുവിളയിക്കാമെന്ന ആത്മവിശ്വാസമുള്ള കര്‍ഷകര്‍ പക്ഷേ കാലിന്‍ ചുവട്ടിലെ മണ്ണ്‌ ഒലിച്ചു പോകുന്ന അവസ്‌ഥയെ നേരിടുകയാണ്‌. നഷ്‌ടം നികത്താന്‍ പലരും കൃഷി കൈവിട്ടു തുടങ്ങി.
മറ്റുചിലര്‍ പരമ്പരാഗത വിളകള്‍ അപ്പാടെ വെട്ടിമാറ്റി മുടക്കുമുതല്‍ കുറഞ്ഞ കൃഷിയിലേക്ക്‌ തിരിഞ്ഞു. പതിറ്റാണ്ടുകളായി നിലനിന്ന മലയോര കാര്‍ഷിക മേഖലയുടെ മുഖച്‌ഛായ ഇതോടെ മാറി. സമസ്‌ത മേഖലകളിലും മാറ്റങ്ങള്‍ പ്രകടമാകുമ്പോഴും കര്‍ഷകരുടെ പ്രശനങ്ങള്‍ പുതിയതും സങ്കീര്‍ണവുമായ പ്രശ്‌നങ്ങളിലേക്കാണ്‌ എത്തിപ്പെടുന്നത്‌.
മറ്റെങ്ങും കാണാത്ത
വൈവിധ്യം

ഇടുക്കിയുടെ മലയോര മേഖലയ്‌ക്ക്‌ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചുള്ള ഏറെ എടുത്തുപറയേണ്ട പ്രത്യേകതകളില്‍ ഒന്നാണ്‌ കാര്‍ഷിക വിഭവങ്ങളുടെ വൈവിധ്യം. ഏലം, കുരുമുളക്‌, കാപ്പി, മരച്ചീനി, കൊക്കോ, റബര്‍ തുടങ്ങി നിരവധി വിളകള്‍ ഇവിടെ കൃഷി ചെയ്‌തു വരുന്നു. കൊച്ചുകുട്ടികള്‍ക്ക്‌ ആവശ്യമായ കൂവ മുതല്‍ പാചകാവശ്യങ്ങള്‍ക്കാവശ്യമായ കാന്താരി മുളകു വരെ ചെറുതും വലുതുമായ തോതില്‍ കൃഷി ചെയ്യുന്നുണ്ട്‌.
പച്ചക്കറിക്കൃഷിയുടെ കലവറയായ വട്ടവടയും കാന്തല്ലൂരും ഇവിടെയാണ്‌. കൂടാതെ കശുവണ്ടി, തെരുവ, കരിമ്പ്‌ തുടങ്ങി വ്യത്യസ്‌ത ഭൂവിഭാഗങ്ങളില്‍ കൃഷിചെയ്യുന്നതായി കാണപ്പെടുന്ന വിളകള്‍ എല്ലാം തന്നെ മലോയര പ്രദേശങ്ങളിലുമുണ്ട്‌. ഹൈറേഞ്ചില്‍ പലയിടത്തും കരനെല്ല്‌ കൃഷിയുമുണ്ട്‌.
പഴങ്ങളുടെ കാര്യത്തിലും ഇത്‌് പ്രകടമാണ്‌. ഒരുതുണ്ട്‌ ഭൂമി കിട്ടിയാല്‍ മതി കൃഷി ചെയ്‌ത്‌ വിളവെടുക്കാന്‍ സന്നദ്ധരാണെന്നു പ്രഖ്യാപിക്കുന്ന കര്‍ഷക ജനത ഇടുക്കിയിലുണ്ടെന്നാണ്‌ ഇതില്‍നിന്നും വ്യക്‌തമാകുന്നത്‌. എന്നാല്‍ ഇതു തിരിച്ചറിയാതെ പോകുന്ന അധികാര കേന്ദ്രങ്ങള്‍ പ്രതികൂല സാഹചര്യങ്ങളില്‍ സഹായം നല്‍കാതെ ഇത്തരം കര്‍ഷകരുടെ ആത്മവിശ്വാസത്തെ നഷ്‌ടപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.

Ads by Google
Advertisement
Monday 06 Aug 2018 09.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW