Wednesday, November 21, 2018 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.16 PM

ശനിദശമാറാതെ തകഴി എടത്വാ സംസ്‌ഥാനപാത

uploads/news/2018/08/239421/2.jpg

എടത്വാ: നവീകരണം കഴിഞ്ഞിട്ടും തകഴി എടത്വാ സംസ്‌ഥാന പാതയുടെ ശനിദശ ഒഴിയുന്നില്ല. ജല അഥോറിറ്റി തന്നെയാണു വീണ്ടും വില്ലനാകുന്നത്‌. തകഴി പാലം മുതല്‍ കേളമംഗലം കലുങ്ക്‌ പാലം വരെ പല സ്‌ഥലങ്ങളിലാണ്‌ ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ ഭീമന്‍ പൈപ്പ്‌ ലൈന്‍ പൊട്ടി റോഡ്‌ ഒലിച്ചുപോകുന്നത്‌. കേളമംഗലം പാലത്തിനു സമീപം മൂന്നുവട്ടമായി പൈപ്പ്‌ പൊട്ടി റോഡ്‌ തകര്‍ന്നിരുന്നു.
റോഡ്‌ ഒലിച്ചുപോയതു കൂടാതെ സമീപത്തെ കച്ചവട സ്‌ഥാപനങ്ങള്‍ക്കു കനത്ത നഷ്‌ടവും എസ്‌.എന്‍.ഡി.പി. ഗുരുമന്ദിരത്തിനു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തിരുന്നു. ഇക്കഴിഞ്ഞ ദിവസം തകഴി പാലത്തിനു കിഴക്കുവശം കാണിക്ക മണ്ഡപത്തിനു മുന്നില്‍ പൈപ്പ്‌ പൊട്ടി റോഡിന്റെ മുക്കാല്‍ഭാഗത്തോളം തകരുകയും ഇടയ്‌ക്കിടെ ഗതാഗതം നിലയ്‌ക്കുകയും ചെയ്‌തിരുന്നു.
ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിയതോടെ യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡിലാണു പൈപ്പ്‌ പൊട്ടി ഗതാഗതം തടസപ്പെടുന്നത്‌. അടിയന്തിര ഘട്ടത്തില്‍ ആംബുലന്‍സ്‌ പോലും കടന്നു പോകാന്‍ കഴിയാത്ത തരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഗതാഗതക്കുരുക്ക്‌. കഴിഞ്ഞദിവസം കുഴി മൂടിയെങ്കിലും വെള്ളത്തിന്റെ സമ്മര്‍ദ്ദം കൂടുമ്പോള്‍ വീണ്ടും പൊട്ടാന്‍ സാധ്യതയുണ്ട്‌. കേളമംഗലം പാലത്തിനു സമീപം റോഡ്‌ കുഴിച്ച്‌ ഇപ്പോഴും പണികള്‍ നടക്കുകയാണ്‌. നൂറുവര്‍ഷത്തെ ഗ്യാരണ്ടിയില്‍ സ്‌ഥാപിച്ച പൈപ്പ്‌ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ തുടര്‍ച്ചയായി പൊട്ടുമ്പോള്‍ വരുന്ന കാലങ്ങളില്‍ പൈപ്പ്‌ പൊട്ടലും റോഡ്‌ തകര്‍ച്ചയും തുടര്‍ക്കഥയാകുമെന്നു യാത്രക്കാര്‍ ആശങ്കപ്പെടുന്നു.
ജല അഥോറിറ്റിക്കെതിരേ പ്രതിഷേധിച്ചാല്‍ കോടതി കയറേണ്ടി വരുമെന്നുള്ളതിനാല്‍ രാഷ്‌ട്രീയക്കാരും യാത്രക്കാരും കണ്ണടയ്‌ക്കുകയാണ്‌. മുന്‍പു നടന്ന പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത പലരും കേസില്‍ പെടുകയും ഒന്നും രണ്ടും തവണ നഷ്‌ടപരിഹാരം അടയ്‌ക്കേണ്ടി വരികയും ചെയ്‌തിട്ടുണ്ട്‌.
പൊതുമരാമത്തു വകുപ്പ്‌ കോടികള്‍ മുടക്കി നിര്‍മിച്ച റോഡ്‌ മിനിറ്റുകള്‍ക്കകമാണ്‌ ഒലിച്ചുപോകുന്നത്‌. തകര്‍ന്ന റോഡിന്റെ പുനര്‍ നിര്‍മാണത്തിനു ഫണ്ട്‌ അനുവദിക്കുന്നതില്‍ ആശയക്കുഴപ്പവും നിലനില്‍ക്കുകയാണ്‌. നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌ഥലത്ത്‌ വീണ്ടും പുനര്‍നിര്‍മിക്കില്ലെന്ന്‌ കരാറുകാരായ ഊരാലുങ്കല്‍ സൊസൈറ്റി നിലപാടെടുത്തതായും അറിയുന്നു.

Ads by Google
Advertisement
Monday 06 Aug 2018 09.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW