Saturday, September 15, 2018 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.24 AM

കുമരകത്തു നിന്ന്‌ അഞ്ച്‌ ചുണ്ടന്‍ വള്ളങ്ങള്‍

uploads/news/2018/08/239221/1.jpg

കോട്ടയം: അഞ്ചാം നാള്‍ പുന്നമടക്കായലില്‍ മത്സരം അവസാനിക്കുമ്പോള്‍ കുമരകത്തിന്റെ ചുണക്കുട്ടികള്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിടുമോ. പ്രതീക്ഷകള്‍ ഏറെ സമ്മാനിച്ച്‌ അഞ്ചു ചുണ്ടന്‍ വള്ളങ്ങളാണ്‌ ഇത്തവണ കുമരകത്തു മത്സരത്തിനായി ഒരുങ്ങുന്നത്‌.കുമരകത്തു വിവിധയിടങ്ങളിലായി തീവ്രമായ പരിശീലനം നടന്നു വരികയാണ്‌.
ഇരുപതു ചുണ്ടനുകള്‍ മത്സരിക്കുന്ന നെഹ്‌റു ട്രോഫിയിലേയ്‌ക്കായി അഞ്ചു ടീമുകളും കിരീട പ്രതീക്ഷയോടെയാണു മത്സരത്തിനിറങ്ങുക. കുമരകത്തെ ആദ്യ ക്ലബും കിരീടങ്ങള്‍ ഏറെ നേടിയിട്ടുമുള്ള കുമരകം ബോട്ട്‌ ക്ലബ്‌ കാരിച്ചാലിലാണ്‌ ഇത്തവണ മത്സരത്തിനിറങ്ങുക. ടൗണ്‍ബോട്ട്‌ ക്ലബ്‌ നടുഭാഗം ചുണ്ടനിലും വേമ്പനാട്ട്‌ ബോട്ട്‌ക്ലബ്‌ ദേവസ്‌ ചുണ്ടനിലും നവധാര ബോട്ട്‌ ക്ലബ്ബ്‌ ശ്രീ വിനായകന്‍ ചുണ്ടനിലുമാണ്‌ മത്സരിക്കുക. കുമരകം എന്‍.സി.ഡി.സി. ചമ്പക്കുളം ചുണ്ടനില്‍ പോരിനിറങ്ങും.
നിരവധി കിരീടങ്ങള്‍ നേടിയിട്ടുള്ള കുമരകം ബോട്ട്‌ ക്ലബും കാരിച്ചാല്‍ ചുണ്ടനും ഒന്നിക്കുന്നു എന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള ടീമുകളിലൊന്നാണു കുമരകം ബോട്ട്‌ ക്ലബിന്റേത്‌. കുമരകം ടൗണ്‍ ബോട്ട്‌ ക്ലബിലും നടുഭാഗം ചുണ്ടനിലും ആരാധകര്‍ ഏറെ പ്രതീക്ഷ വയ്‌ക്കുന്നു. ദേവസ്‌ ചുണ്ടനില്‍ മത്സരിക്കാനിറങ്ങുന്ന വേമ്പനാട്ട്‌ ക്ലബാണ്‌ മത്സരത്തിനെത്തുന്ന ഏറ്റവും ശക്‌തമായ ടീമെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. നവധാര, എന്‍.സി.ഡി.സി. ക്ലബുകളും കിരീട പ്രതീക്ഷയിലാണു പരിശീലനം ഊര്‍ജിതമാക്കിയിരിക്കുന്നത്‌.
ഇന്നലെ എല്ലാ ക്ലബുകളും കുമരകത്ത്‌ അവസാന ഞായറാഴ്‌ചയിലെ പരിശീലനത്തിനിറങ്ങി. നാലു ക്ലബുകള്‍ ഒരേസമയം മുത്തേരിമട കായലില്‍ പരിശീലനത്തിനെത്തിയത്‌ ആരാധകരില്‍ ആവേശം സൃഷ്‌ടിച്ചു. ഇരുകരകളിലുമായ നൂറുകണക്കിനു പേര്‍ പരിശീലനം വീക്ഷിക്കാന്‍ എത്തിയിരുന്നു.
ഹീറ്റ്‌സിലെ ഒന്നാം സ്‌ഥാനത്തിനപ്പുറം മികച്ച സമയത്തോടെ ഫിനിഷ്‌ ചെയ്യുന്ന ഒമ്പതു ടീമുകളെയാണ്‌ സംസ്‌ഥാന ലീഗ്‌ മത്സരത്തിന്‌ തിരഞ്ഞെടുക്കുക. അതു കൊണ്ട്‌ തന്നെ സ്‌റ്റോപ്പ്‌ വാച്ച്‌ വെച്ച്‌ സമയം മെച്ചപ്പെടുത്തിയുള്ള പരിശീലനമാണ്‌ ടീമുകള്‍ നടത്തുന്നത്‌. ഐ.പി.എല്‍ ലീഗ്‌ മാതൃകയില്‍ ടൂറിസം വകുപ്പ്‌ ആദ്യമായി സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ്‌ ലീഗില്‍ പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കാമെന്നതും ക്ലബുകള്‍ക്കു പ്രതീക്ഷ പകരുന്നു.

Ads by Google
Advertisement
Monday 06 Aug 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW