Thursday, June 20, 2019 Last Updated 46 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.11 AM

ദുരിതാശ്വാസം ശാസ്‌ത്രീയമായും സമഗ്രമായും സംഘടിപ്പിക്കാനായതായി മന്ത്രി സുധാകരന്‍

uploads/news/2018/08/239182/2.jpg

ആലപ്പുഴ: ശാസ്‌ത്രീയമായും സമഗ്രമായും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതാണ്‌ കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ വ്യതിരിക്‌തമാക്കുന്നതെന്ന്‌ പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍. മെഡിക്കല്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ദുരിതാശ്വാസ അവലോകന യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
ജില്ലയില്‍ 18നു ക്യാമ്പുകള്‍ തുടങ്ങി. 900 ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേരുണ്ടായിരുന്നു. ഇത്തരമൊരു സംഭവം കേരളത്തില്‍ ആദ്യമാണ്‌. കുട്ടനാട്ടിലെ 3.5 ലക്ഷത്തോളം പേരുള്‍പ്പടെ ജില്ലയിലെ 6.5 ലക്ഷം ജനങ്ങള്‍ ദുരിതബാധിതരായി. ഒരു ലക്ഷത്തോളം വീടുകളും സ്‌ഥാപനങ്ങളും വെള്ളത്തിലായി. പക്ഷേ സര്‍ക്കാരിന്റെ സമയോചിതമായ നടപടികള്‍ മൂലം ഒരു വയറിളക്കരോഗം പോലും ഉണ്ടാകാതെ നോക്കാനായതായി അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ 1000 കോടിയിലേറെ രൂപയുടെ നഷ്‌ടമാണ്‌ ഉണ്ടായത്‌. ആലപ്പുഴ ജില്ലയിലെ റോഡുകള്‍ക്കു മാത്രം 300 കോടിയോളം രൂപയുടെ നഷ്‌ടമുണ്ടായിട്ടുണ്ട്‌. പാചകവാതകം ക്യാമ്പുകളില്‍ ആദ്യമായി എത്തിച്ചു എന്നത്‌ ഒരു പ്രത്യേകതയാണ്‌. ഓഗസ്‌റ്റ്‌ അവസാനം വരെയുള്ള കര്‍മപരിപാടി തയാറാക്കിയാണ്‌ ആരോഗ്യമേഖലയുള്‍പ്പടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്‌.
ആലപ്പുഴ-ചങ്ങനാശേരി റോഡ്‌ 70 കോടി രൂപ ചെലവില്‍ ഉയര്‍ത്തി പണിയും. ദുരന്തമുഖത്ത്‌ എങ്ങിനെയായിരിക്കണം ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നതിന്റെ ഉദാഹരണമായിരുന്നു കുട്ടനാട്ടില്‍ കണ്ടത്‌. മനുഷ്യസാധ്യമായതെല്ലാം അവിടെ ചെയ്യാന്‍ കഴിഞ്ഞു. വെള്ളപ്പൊക്കം നിയന്ത്രിക്കുകയെന്നതാണ്‌ കുട്ടനാട്ടിലെ പ്രധാന പ്രശ്‌നമെന്നും കുട്ടനാട്‌ പാക്കേജ്‌ നടപ്പാക്കിയത്‌ ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.ഏതുതരത്തിലുള്ള ദുരന്തങ്ങളെയും നേരിടാന്‍ സംസ്‌ഥാനം തയാറാണെന്ന്‌ തെളിയിക്കുന്ന തരത്തിലാണ്‌ ആലപ്പുഴയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന്‌ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ആര്‍ക്കും കാര്യമായ രോഗബാധ ഇല്ലാതെ ഇതുവരെ മുന്നോട്ടു പോകാന്‍ കഴിഞ്ഞത്‌ വലിയ കാര്യമാണ്‌. നാട്ടുകാരില്‍നിന്ന്‌ റവന്യൂ ജീവനക്കാര്‍ക്കുള്‍പ്പടെ എല്ലാ ജീവനക്കാര്‍ക്കും ആവശ്യമായ സഹകരണം ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.
അപ്പര്‍കുട്ടനാട്‌ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പത്തനംതിട്ടയിലെ 90 ക്യാമ്പുകളിലായി 8000 പേര്‍ ഉണ്ടായിരുന്നതായി ജലവിഭവമന്ത്രി മാത്യു ടി. തോമസ്‌ പറഞ്ഞു. തോട്ടപ്പള്ളി സ്‌പില്‍വേയും അന്ധകാരനഴി പൊഴിയും തണ്ണീര്‍മുക്കം ബണ്ടും കൃത്യസമയത്ത്‌ തന്നെ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ കടലിലെ ജലനിരപ്പ്‌ ഉയര്‍ന്നിരുന്നതിനാല്‍ ഇതിന്റെ പ്രയോജനം കിട്ടിയില്ല.
അന്ധകാരനഴി പൊഴി പലതവണ തുറന്നു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നാല്‌ ലക്ഷം രൂപ അനുവദിച്ചാണ്‌ മൂന്നാമതും പൊഴി തുറന്നത.്‌ എസി റോഡിലെ ജലനിരപ്പ്‌ താഴ്‌ത്തുന്നതിനായി ഒന്നാമത്തെ മട 29ന്‌ പൂര്‍ത്തിയാക്കി. രണ്ടാമത്തേതും ഇപ്പോള്‍ അടച്ചു പമ്പിങ്‌ നടത്തുന്നതായി അദ്ദേഹം പറഞ്ഞു. ജലശുദ്ധീകരണത്തിന്‌ ക്രമീകരണം നടത്തുന്നുണ്ടെന്നും സ്വകാര്യ കുടിവെള്ള കമ്പനികളുടെ സഹായത്താല്‍ 25,000 ലിറ്റര്‍ കുപ്പിവെള്ളം വിതരണം ചെയ്‌തതായും അദ്ദേഹം പറഞ്ഞു.
മരുന്നുകള്‍ക്ക്‌ ഒരു കുറവും വരുത്താതെ മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ചതായും അത്യാവശ്യ മരുന്നുകള്‍ കരുതലായി വയ്‌ക്കാനും ആരോഗ്യവകുപ്പിന്‌ കഴിഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വെള്ളം ഇറങ്ങുന്നതോടെ പകര്‍ച്ചവ്യാധികള്‍ക്ക്‌ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലില്‍ താഴേത്തലം വരെ വ്യാപിക്കുന്ന കര്‍മപരിപാടിക്കാണ്‌ രൂപം നല്‍കിയിട്ടുള്ളത്‌. ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണവകുപ്പ്‌, റവന്യു, മറ്റ്‌ ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ ചെയ്യും. വെള്ളം പരിശോധിക്കുന്നതിന്‌ ഭക്ഷ്യസുരക്ഷ വകുപ്പ്‌ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്‌.
ഭക്ഷ്യവസ്‌തുക്കള്‍ എത്തിക്കുന്നതിന്‌ ഭക്ഷ്യവകുപ്പ്‌ പൂര്‍ണ്ണ സജ്‌ജമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഒരു തരത്തിലുള്ള പരാതിയും ഇതു സംബന്ധിച്ചുണ്ടായിട്ടില്ല.
80 റേഷന്‍കടകളിലെയും ആറു മാവേലി സേ്‌റ്റാറുകളിലേയും അരിയുള്‍പ്പടെയുള്ള ഭക്ഷ്യധാന്യം വെള്ളപ്പൊക്കം മൂലം മാറ്റേണ്ടി വന്നിട്ടുണ്ട്‌. ഇവയേയെല്ലാം അതിജീവിച്ചാണ്‌ ക്യാമ്പുകളിലേക്ക്‌ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടനാടിനെ അടിയന്തരമായി പുനസ്‌ഥാപിക്കുകയാണ്‌ സര്‍ക്കാര്‍ ലക്ഷ്യമെന്ന്‌ ധനമന്ത്രി പറഞ്ഞു.
റോഡുകള്‍ പുനസ്‌ഥാപിക്കുന്നതിന്‌ മുന്‍ഗണന നല്‍കും. പമ്പിങ്‌ സബ്‌സിഡി കുടിശികയായി കിടന്നിരുന്ന 17.5 കോടി രൂപ സര്‍ക്കാര്‍ ഇതിനകം നല്‍കിക്കഴിഞ്ഞു.
തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക്‌ മൂന്നുലക്ഷം രൂപ വരെ പ്ലാന്‍ ഫണ്ടില്‍ നിന്ന്‌ ഉപയോഗിക്കാന്‍ അനുമതി നല്‍കി. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ പശ്‌ചാത്തലത്തില്‍ കുട്ടനാട്ടില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കണം.
സുനാമി ഷെല്‍ട്ടര്‍ പോലെ വെള്ളം കയറാത്ത വിധം ഉയരത്തില്‍ വിവിധോദ്ദേശ്യ കേന്ദ്രങ്ങള്‍ ആരംഭിക്കും. അടുക്കള ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.
പുളിങ്കുന്ന്‌ ആശുപത്രി 75 കോടി രൂപ ചെലവഴിച്ച്‌ പുതിയ കെട്ടിടം വെള്ളം കയറാത്ത വിധം ഉയര്‍ത്തി പണിയും. ഇതിനായി ശാസ്‌ത്രീയ സംവിധാനങ്ങള്‍ അവലംബിക്കും. മുഖ്യമന്ത്രിയുടെ യോഗം കുട്ടനാട്‌ വികസനത്തിന്‌ പുതിയൊരു കാഴ്‌ചപ്പാട്‌ നല്‍കിയതായും മന്ത്രി യോഗത്തില്‍ പറഞ്ഞു.

Ads by Google
Advertisement
Monday 06 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW