Wednesday, April 24, 2019 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.11 AM

കുട്ടനാടിന്റെ രക്ഷയ്‌ക്ക്‌ അടിയന്തര കര്‍മപദ്ധതികള്‍: മുഖ്യമന്ത്രി

uploads/news/2018/08/239181/1.jpg

ആലപ്പുഴ: കുട്ടനാടിന്റെ രക്ഷയ്‌ക്ക്‌ അടിയന്തര കര്‍മ്മപദ്ധതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടനാട്‌ ദുരിതാശ്വാസ നടപടികള്‍ അവലോകനം ചെയ്യാന്‍ മെഡിക്കല്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരു ടെയും യോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. കുട്ടനാട്‌ പാക്കേജ്‌ പൂര്‍ണമായും നടപ്പാക്കാന്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. ജലസ്രോതസുകളുടെ സംരക്ഷണത്തോടൊപ്പം ഇവ ആഴംകൂട്ടി സംരക്ഷിക്കല്‍, പഞ്ചായത്തുകളില്‍ സംഭരണകേന്ദ്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുക എന്നിവയ്‌ക്കായുള്ള രൂപരേഖ തയ്യാറാക്കിയാകും സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളം നിലവിട്ട്‌ ഉയരുന്ന സാഹചര്യത്തില്‍ ആളുകളെ പാര്‍പ്പിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി വിവിധയിടങ്ങളില്‍ വിവിധോദ്യേശ്യ കെട്ടിടങ്ങള്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കും. ജലനിരപ്പ്‌ ഉയരുമ്പോള്‍ കെട്ടിടങ്ങളില്‍ വെള്ളം കയറാത്ത വിധത്തിലുള്ള നിര്‍മാണ സംവിധാനം കുട്ടനാട്ടില്‍ പരിഗണിക്കും. ഇതിനായി ആവശ്യമെങ്കില്‍ നിയമഭേദഗതി കൊണ്ടുവരും. പ്രളയ സമയങ്ങളില്‍ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെടാതിരിക്കാന്‍ സൗരോര്‍ജ്‌ജ പദ്ധതിയും പരിഗണിക്കും. കുട്ടനാട്ടിലെ പ്രശ്‌നത്തിന്‌ ശാശ്വതപരിഹാരം കാണത്തക്കവിധത്തില്‍ ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. വരുന്ന മന്ത്രിസഭയോഗം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ വകുപ്പിലും സ്‌പെഷല്‍ ഓഫീസറെ നിയമിക്കണം. റവന്യുവകുപ്പ്‌ ജില്ലാതലത്തില്‍ ഇത്‌ ഏകോപിപ്പിക്കും. നഷ്‌ടമായ അധ്യയന ദിനങ്ങള്‍ തിരിച്ചുപിടിക്കാന്‍ വിശദമായ രൂപരേഖ തയാറാക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്‌ടറെ ചുമതലപ്പെടുത്തി. കുട്ടനാട്ടിലെ അടിയന്തര സേവന ഓഫീസുകളെ വെള്ളപ്പൊക്കം ബാധിക്കാത്ത നിലയില്‍ ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്ക മുന്നറിയിപ്പു സംവിധാനം കുട്ടനാട്ടില്‍ സ്‌ഥാപിക്കുന്നത്‌ പരിഗണിക്കും. വെള്ളപ്പൊക്കത്തില്‍ വിവിധ രേഖകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ അവ ലഭ്യമാക്കാന്‍ പഞ്ചായത്ത്‌, താലൂക്ക്‌ തലത്തില്‍ അദാലത്ത്‌ നടത്തണം. ദുരിതബാധിതര്‍ക്ക്‌ വായ്‌പ ലഭ്യമാക്കാന്‍ ബാങ്കുകളുടെ സഹായം തേടാന്‍ മുഖ്യമന്ത്രി ജില്ലാ കലക്‌ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.
ജില്ലാതല ബാങ്കിങ്‌ സമതി വിളിച്ച്‌ ഇക്കാര്യം ചര്‍ച്ച ചെയ്യണം. കൂടുതല്‍ വിശദാംശങ്ങള്‍ മന്ത്രിസഭയില്‍ പരിഗണിക്കും. ഏറെ പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാര്‍ക്ക്‌ പ്രത്യേകം വായ്‌പ നല്‍കുന്നത്‌ കെ.എഫ്‌.സി.യും സഹകരണ ബാങ്കുകളും പരിഗണിക്കണമെന്നും കാര്‍ഷിക വായ്‌പകള്‍ക്ക്‌ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത്‌ മന്ത്രിസഭ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയബാധിത മേഖലകള്‍ക്ക്‌ അനുയോജ്യമായ കെട്ടിടനിര്‍മ്മാണ സാധ്യത പരിഗണിക്കണം വെള്ളം ഒഴുകിപ്പോകാന്‍ പാകത്തില്‍ അടഞ്ഞ ചാലുകള്‍ തുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. കുട്ടനാടിന്റെ പ്രകൃതിയുടെ പ്രത്യേകത അനുസരിച്ച്‌ ശുചിമുറികള്‍ നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണം.
ഇപ്പോള്‍ പലയിടങ്ങളിലും ഭക്ഷ്യവസ്‌തുക്കളും ദുരിതാശ്വാസ വസ്‌തുക്കളും എത്തിക്കുന്നതിന്‌ പാലങ്ങള്‍ തടസ്സം സൃഷ്‌ടിക്കുന്നുണ്ട്‌. ഇത്തരം പാലങ്ങള്‍ ഉയരം കൂട്ടി പുനര്‍നിര്‍മിക്കാന്‍ നബാര്‍ഡ്‌ പദ്ധതികള്‍ ഉപയോഗപ്പെടുത്തും കുട്ടനാട്ടില്‍ ഉള്‍പ്പടെ കൂടുതല്‍ ജല ആംബുലന്‍സ്‌ ആവശ്യമാണ്‌. കന്നുകാലികള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ നടപടിയുണ്ടാകും.
ഭാവിയില്‍ ഇവയുടെ സംരക്ഷണത്തിനാവശ്യമായ പ്രത്യേക നടപടികള്‍ മൃഗസംരക്ഷംവകുപ്പ്‌ സ്വീകരിക്കണം. വൈദ്യുതി, വെള്ളക്കരം എന്നിവ അടയ്‌ക്കുന്നതിനു സാവകാശം നല്‍കണമെന്നാണ്‌ സര്‍ക്കാര്‍ കാണുന്നത്‌. ഇക്കാര്യം മന്ത്രിസഭയില്‍ തീരുമാനിക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കി.
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണം. വെള്ളമിറങ്ങുന്നതോ ടെ വരാവുന്ന അപകടം മുന്‍കൂട്ടി കണ്ട്‌ കൂടുതല്‍ ജാഗ്രത ആരോഗ്യമേഖലയില്‍ പുലര്‍ത്തണം. പാമ്പുകടിയേറ്റാല്‍ ചികിത്‌സയ്‌ക്ക്‌ മെഡിക്കല്‍ കോളജില്‍ ഉള്‍പ്പടെ ആശുപത്രികളില്‍ സംവിധാനം ഒരുക്കണമെന്നും ആവശ്യത്തിന്‌ മരുന്ന്‌ കരുതിയിരിക്കണ മെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌. കുടിക്കുന്ന വെള്ളം ശുദ്ധമായിരിക്കണം എന്നതാണ്‌ പ്രധാന വിഷയം. ഇക്കാര്യത്തില്‍ ജലഅതോറിറ്റി പ്രത്യേക പ്രാധാന്യം നല്‍കണം. ആവശ്യമായ ഇടങ്ങളിലെല്ലാം കുടിവെള്ളം ജലഅതോറിറ്റി ലഭ്യമാക്കണം.
ശുചിത്വമിഷന്‍ നേതൃത്വത്തില്‍ റവന്യൂ,ആരോഗ്യ, തദ്ദേശവകുപ്പുകള്‍ എന്നിവ ശുചീകരണത്തില്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കണം. റോഡ്‌ അറ്റകുറ്റപ്പണി ഫലപ്രദമായി നടത്തും. എ.സി.റോഡ്‌ പ്രത്യേകമായി പരിഗണിച്ചായിരിക്കും നടപടി. പൊതുമരാമത്ത്‌ മന്ത്രിയും ധനമന്ത്രിയും ചേര്‍ന്ന്‌ ഇക്കാര്യത്തില്‍ ചര്‍ച്ചനടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഏതെങ്കിലും പൂര്‍ത്തീകരിക്കാത്ത കുടിവെള്ള പദ്ധതികള്‍ ഉണ്ടെങ്കില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനത്തിന്റെയും കുട്ടനാടിന്റേയും ചരിത്രത്തിലെ പ്രധാനഘട്ടമാണ്‌ ഇപ്പോള്‍ പിന്നിട്ടിരിക്കുന്നത്‌. ഇതുപോലൊരു വെള്ളപ്പൊക്കം സമീപകാലത്തൊന്നുമുണ്ടായില്ല. എന്നാല്‍ ദുരിതാശ്വാസമേഖലയില്‍ ഒരു പുതിയ അധ്യായമാണ്‌ ഇവിടെ കുറിച്ചത്‌. വലിയൊരു കൂട്ടായ്‌മയിലൂടെ ഇതിന്റെ കെടുതികള്‍ മറികടക്കാന്‍ നടത്തുന്ന പരിശ്രമം അഭിനന്ദനാര്‍ഹമാണ്‌. ഇതൊരു കുട്ടനാടന്‍ മാതൃകയായി കാണാവുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത്‌ മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലവിഭവമന്ത്രി മാത്യു ടി.തോമസ്‌, കൃഷിമന്ത്രി വി.എസ്‌.സുനില്‍കുമാര്‍, ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, ധനമന്ത്രി ഡോ.തോമസ്‌ ഐസക്‌, എം.എല്‍.എ.മാരായ തോമസ്‌ ചാണ്ടി, എ.എം.ആരിഫ്‌, അഡ്വ. യു. പ്രതിഭ, ആര്‍. രാജേഷ്‌, സജി ചെറിയാന്‍, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. വേണുഗോപാല്‍, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പി.എച്ച്‌.കുര്യന്‍, വിവിധ വകുപ്പു സംസ്‌ഥാന-ജില്ലാതല മേധാവികള്‍, കോട്ടയം ജില്ലാ കലക്‌ടര്‍ ഡോ. ബി.എസ്‌. തിരുമേനി, ആലപ്പുഴ ജില്ലാ കലക്‌ടര്‍ എസ്‌.സുഹാസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 06 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW