കാസര്‍ഗോഡ്: ലോറിയിടിച്ച് റയില്‍വെ ഓവര്‍ ബ്രിഡ്ജിന്റെ ഭിത്തി തകര്‍ന്നു. ലോറി താഴേക്ക് പതിക്കാതിരുന്നത് തലനാരിഴയ്ക്ക്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വെ പ്ര?ട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ കളനാട് റെയില്‍വെ ഓവര്‍ ബ്രിഡ്ജാണ് ലോറിയിടിച്ച് തകര്‍ന്നത്.
ഭിത്തിയിലിടിച്ച ലോറി 20 അടിയോളം താഴ്ചയുള്ള റെയില്‍വെ ട്രാക്കിലേക്ക് പതിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. കോഴിക്കോട്ട് പാഴ്സല്‍ സാധനങ്ങള്‍ ഇറക്കിയ ശേഷം മംഗളൂരുവിലേക്ക് പോകുകകായിരുന്ന എം എച്ച് 12 എല്‍ ടി 7179 നമ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിഞ്ഞ് പാലത്തിന് മുകളില്‍ കയറിയ ലോറി നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ഭിത്തി ഇടിച്ചു തകര്‍ക്കുകയായിരുന്നു.
ലോറി ഡ്രൈവര്‍ മഹാരാഷ്ര്ട സ്വദേശി പാണ്ഡുരംഗ് മുരളീധര്‍ വഥക് (26) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. പാണ്ഡുരംഗിനെ ആര് പി എഫ് അറസ്റ്റ് ചെയ്തു. ഇയാളെ ജാമ്യത്തില്‍ വിടുമെന്നും അപകടത്തെ തുടര്‍ന്ന് റെയില്‍വെയ്ക്കുണ്ടായ നഷ്ടം പ്രതിയില്‍ നിന്നും ഈടാക്കുമെന്നും ആര്‍പിഎഫ് അധികൃതര്‍ പറഞ്ഞു.