Friday, September 14, 2018 Last Updated 47 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.28 AM

സ്വച്‌ഛ് സര്‍വേക്ഷണ്‍ സര്‍വേ; ശുചിത്വ ജില്ലയാകാന്‍ ഒരുങ്ങി കൊല്ലം

uploads/news/2018/08/238973/2.jpg

കൊല്ലം: കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം രാജ്യത്തെ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള സംസ്‌ഥാനങ്ങളെയും ജില്ലകളെയും തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന സ്വച്‌ഛ് സര്‍വേക്ഷണ്‍-2018 സര്‍വേയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കൊല്ലം ജില്ല ഒരുങ്ങുന്നു.
ഗ്രാമപഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളെ അടിസ്‌ഥാനമാക്കി സ്വതന്ത്ര ഏജന്‍സിയുടെ സഹായത്തോടെ ഈ മാസം 31 വരെയാണ്‌ സര്‍വ്വേ നടത്തുന്നത്‌.
ഇതിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ക്കും ബ്ലോക്ക്‌, ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ശുചിത്വം ഉറപ്പാക്കാനും മാലിന്യ സംസ്‌കരണത്തിനായി സുസ്‌ഥിര സംവിധാനങ്ങളൊരുക്കുന്നതിന്‌ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവര ശേഖരണ സംഘത്തെ ബോധ്യപ്പെടുത്താനും ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും പരിശ്രമിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ഡോ. എസ്‌. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു.
വിലയിരുത്തല്‍ മാനദണ്ഡങ്ങളെ അടിസ്‌ഥാനമാക്കി ഓരോ ഗ്രാമപഞ്ചായത്തിനും സമയബന്ധിതമായ കര്‍മ്മപരിപാടി ഉണ്ടാകണം. സര്‍വ്വേയില്‍ മികച്ച അഭിപ്രായം നേടാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കു സാധിച്ചാല്‍ അത്‌ ജില്ലയ്‌ക്കും ഗുണകരമാകുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുസ്‌ഥലങ്ങളിലെ ശുചിത്വം, വൃത്തിയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ കാഴ്‌ച്ചപ്പാട്‌, സ്വച്‌ഛ് ഭാരത്‌ മിഷന്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയാണ്‌ സര്‍വേയുടെ മാനദണ്ഡങ്ങള്‍.
മികവിന്റെ അടിസ്‌ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംസ്‌ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും ഒക്‌ടോബര്‍ രണ്ടിന്‌ പുരസ്‌കാരങ്ങള്‍ നല്‍കും. സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, മറ്റു പൊതുസ്‌ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സര്‍വേ സംഘം സന്ദര്‍ശനം നടത്തും.
ശൗചാലയങ്ങളുടെ ലഭ്യത, ഉപയോഗം, വൃത്തി, പൊതുസ്‌ഥലങ്ങളിലെ മാലിന്യനിക്ഷേപം, വെള്ളക്കെട്ടുകള്‍ തുടങ്ങിയവ പരിശോധനാവിധേയമാകും.
പൊതുയോഗങ്ങള്‍, വ്യക്‌തിഗത അഭിമുഖങ്ങള്‍ എന്നിവയിലൂടെയും ഓണ്‍ലൈന്‍ അഭിമുഖങ്ങളിലൂടെയും പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ ശേഖരിക്കും.
പൊതുസ്‌ഥലങ്ങള്‍, ശൗചാലയങ്ങള്‍, റോഡുകള്‍, സ്‌കൂളുകള്‍, സ്വകാര്യ ശൗചാലയങ്ങള്‍ എന്നിവ ശുചിയായി സൂക്ഷിക്കണമെന്ന്‌ യോഗം നിര്‍ദേശിച്ചു. മാലിന്യങ്ങള്‍ വലിച്ചെറിയാതെ കൃത്യമായി സംസ്‌കരിക്കുന്നു എന്ന്‌ ഉറപ്പാക്കണം.
പൊതുജനങ്ങള്‍ക്ക്‌ സ്വന്തം നാടിന്റെ ശുചിത്വവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും നിര്‍ദേശങ്ങളും ഓണ്‍ലൈനായി അറിയിക്കാനും സൗകര്യമുണ്ട്‌.
ചടങ്ങില്‍ സ്വച്‌ഛ് സര്‍വേക്ഷണ്‍ സര്‍വേയുടെ ലോഗോ ജില്ലാ കലക്‌ടര്‍ പ്രകാശനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ ഷൈല സലീം ലാല്‍ ലോഗോ ഏറ്റുവാങ്ങി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍ സര്‍വ്വേയെക്കുറിച്ച്‌ വിശദമാക്കി.
ചവറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമണി പിള്ള, കടയ്‌ക്കല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍.എസ്‌. ബിജു, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ പി. ഷാജി, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ എന്‍. മനുഭായി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്‌ട് ഡയറക്‌ടര്‍ എ. ലാസര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്‌. ഐസക്‌, ശുചിത്വ മിഷന്‍ അസിസ്‌റ്റന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ യു.ആര്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 05 Aug 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW