Wednesday, June 05, 2019 Last Updated 22 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.57 AM

നിര്‍മാണം പാതിവഴിയില്‍ നിലച്ചു; ശാപമോക്ഷം കാത്ത്‌ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്റ്‌

uploads/news/2018/08/238450/3.jpg

പുനലൂര്‍:പതിനഞ്ചു വര്‍ഷം പിന്നിട്ട പുനലൂര്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്റിന്റ നിര്‍മാണം ഇനിയും പൂര്‍ത്തിയായില്ല. മാസ്‌റ്റര്‍ പ്ലാന്‍ പോലും തയാറാക്കാതെ വികസനത്തിനായി കോടികള്‍ മുടക്കിയിട്ടും നിര്‍മാണം പാതിവഴിയില്‍ നിലച്ചു.
അറുപതിലധികം വര്‍ഷം പഴക്കമുള്ളതടക്കം അസൗകര്യമായി തുടരുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ഉള്ള സ്‌ഥലം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ നടപടികളില്ലാത്തതാണ്‌ വികസനത്തിനു തടസം. ബസ്‌ സ്‌റ്റാന്റ്‌ നിര്‍മാണം ആരംഭിച്ചതുമുതല്‍ വിവാദങ്ങളും തടസങ്ങളും പതിവായിരുന്നു. ബസ്‌ സ്‌റ്റാന്റ്‌ ഇവിടെ നിന്നും വെട്ടിപ്പുഴയിലേക്ക്‌ മാറ്റി സ്‌ഥാപിക്കുന്നതിനുള്ള പദ്ധതി കോടതിയും കേസുമായി ഒരു വ്യാഴവട്ടം നീണ്ടു.
ഒടുവില്‍ കല്ലടയാറിന്റെയും വെട്ടിപ്പുഴ തോടിന്റെയും പുറമ്പോക്കുമടക്കം 85 സെന്റ്‌ സ്‌ഥലം റവന്യു വകുപ്പില്‍ നിന്നു നഗരസഭ പതിച്ചു വാങ്ങിയാണ്‌ ഒടുവില്‍ ബസ്‌ സ്‌റ്റാന്റ്‌ നവീകരണം തുടങ്ങിയത്‌. 2002ല്‍ എം.പി. അച്യുതന്‍ എം.പി.യുടെ ഫണ്ടില്‍ ആരംഭം കുറിച്ച പുനലൂര്‍ ബസ്‌ സ്‌റ്റാന്റിന്റെ നിര്‍മാണം ഒന്നര പതിറ്റാണ്ടു കഴിയുമ്പോഴും എങ്ങുമെത്തിയില്ല. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്‌, കെ.എന്‍.ബാലഗോപാല്‍, സ്‌ഥലം എം.എല്‍.എ. കെ. രാജു എന്നീ ജനപ്രതിനിധികളുടെ പ്രാദേശിക ഫണ്ടില്‍ നിന്നു കൂടാതെ നഗരസഭയുടെതടക്കം കോടി കണക്കിന്‌ രൂപയാണ്‌ അനുവദിച്ച്‌ കെട്ടിടം വിപുലീകരണം അടക്കമുള്ള പണികള്‍ തുടങ്ങിയത്‌.
നഗരസഭ വക ഷോപ്പിങ്‌ കോംപ്ലക്‌സ് കൂടി ഉള്‍പ്പെട്ടതാണ്‌ ഈ കെട്ടിട സമുച്ചയം. വസ്‌തു നഗരസഭയുടെയും കെട്ടിടം കെ.എസ്‌.ആര്‍.ടി.സിയുടെയും ആയതുമൂലം വകുപ്പുകള്‍ തമ്മില്‍ നിയമപരമായ തര്‍ക്കങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്‌. മുന്‍ നഗരസഭ ഭരണാധികാരികള്‍ വാടക ആവശ്യപ്പെട്ട്‌ കെ.എസ്‌.ആര്‍.ടി.സിക്ക്‌ കത്തു നല്‍കിയിരുന്നു.
അതിനെതിരേ കെ.എസ്‌.ആര്‍.ടി.സി നിയമനടപടിയുമായി മുന്നോട്ടു പോയി. ഇപ്പേഴും വകുപ്പുകള്‍ തമ്മില്‍ ധാരണയെത്തിയിട്ടില്ല. നിലവില്‍ 12 മുറികള്‍ നഗരസഭയുടെ കൈവശമാണ്‌. തര്‍ക്കം കാരണം മുറികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ലക്ഷക്കണക്കിനു രൂപ നഗരസഭയ്‌ക്കു വരുമാനം നഷ്‌ടപ്പെടുകയാണ്‌.
ഈ കെട്ടിടങ്ങളുടെ ഷട്ടറുകളും മറ്റും ദ്രവിച്ചു തുടങ്ങി. സ്‌ഥലം എം.എല്‍.എയും മന്ത്രിയുമായ കെ.രാജു രണ്ട്‌ ഘട്ടമായി രണ്ടു കോടി രൂപ അനുവദിക്കുകയും പ്രത്യേക താല്‍പര്യമെടുത്ത്‌ എസ്‌റ്റിമേറ്റ്‌ തയാറാക്കി ടെന്റര്‍ ചെയ്‌ത് കോണ്‍ട്രാക്‌ടറെ പണി ഏല്‍പ്പിക്കുകയും ചെയ്‌തിരുന്നു.
80 ലക്ഷം രൂപ തറനിരപ്പാക്കി ടൈല്‍ പാകി മനോഹരമാക്കുന്നതിനും കെട്ടിട നിര്‍മ്മാണത്തിന്‌ 80 ലക്ഷം രൂപയുമാണ്‌ വകയിരുത്തിയത്‌. ഇത്‌ കുറവാണെന്ന്‌ കണ്ടാണ്‌ പിന്നീട്‌ 40 ലക്ഷം രൂപ കൂടി അനുവദിച്ചത്‌. കെട്ടിട നിര്‍മ്മാണത്തിന്‌ ആറുമാസ കാലാവധിയും ടൈല്‍സ്‌ പാകുന്നതിന്‌ നാലു മാസവുമാണ്‌ നിര്‍മ്മാണ കാലാവധി.
പണികള്‍ ആരംഭിച്ച്‌ മൂന്ന്‌ മാസം കഴിഞ്ഞെ ങ്കിലും പകുതി പോലും പൂര്‍ത്തിയാക്കാനായില്ല. എന്നാല്‍ സ്‌റ്റാന്റില്‍ അസൗകര്യമായി നില്‍ക്കുന്ന കെട്ടിടം പൊളിയ്‌ക്കാന്‍ കെ.എസ്‌.ആര്‍.ടി.സി തയാറാകാത്തതിനാല്‍ പണികള്‍ ഇഴഞ്ഞു നീങ്ങുകയാണെന്ന്‌ കരാറുകാരന്‍ പറയുന്നു.
പൊതുമരാമത്തു വിഭാഗമാണ്‌ മേല്‍നോട്ടം വഹിക്കുന്നത്‌. ഇവര്‍ ഇവിടേക്ക്‌ തിരിഞ്ഞ്‌ നോക്കുന്നില്ല. ടൈല്‍ പാകല്‍ കാലവധി ഇനി ഒരു മാസമാണ്‌ അവശേഷിക്കുന്നത്‌. കെട്ടിട നിര്‍മാണമടക്കം ഇങ്ങനെ പോയാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും പൂര്‍ത്തിയാകില്ല. മാത്രമല്ല പണിയെടുത്ത കരാറുകാരന്‍ അടങ്കല്‍ തുകയില്‍ നിന്നും 25 ശതമാനം കുറച്ചാണ്‌ ജോലി ഏറ്റെടുത്തത്‌.
പണികള്‍ നീണ്ടാല്‍ തന്നെ എസ്‌റ്റിമേറ്റില്‍ പറഞ്ഞിരിക്കുന്ന അളവിലും ഗുണമേന്മയിലുംഅപാകതയുണ്ടാകും. 34500 ചതുരശ്രയടി വിസ്‌തീര്‍ണത്തിലാണ്‌ സ്‌റ്റാന്റില്‍ ടൈല്‍ പാകുന്നത്‌.

Ads by Google
Advertisement
Friday 03 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW