Friday, September 14, 2018 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.05 AM

ഇരവിപുരത്ത്‌ കടല്‍ക്ഷോഭം രൂക്ഷം

കൊല്ലം: ഇരവിപുരത്തു കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി.
താന്നി മുതല്‍ കാക്കത്തോപ്പു വരെയുള്ള ഭാഗങ്ങളിലാണ്‌ വന്‍ തിരമാലകള്‍ കരയിലേക്ക്‌ അടിച്ചു കയറിയത്‌. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് മൂന്നോടെയാണ്‌ വേലിയേറ്റത്തെ തുടര്‍ന്ന്‌ കടല്‍ പ്രക്ഷുബ്‌ധമായത്‌.
തീരദേശ റോഡും കടന്നു വെള്ളം വീടുകളിലേക്ക്‌ ഇരച്ചുകയറാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ആശങ്കയിലായി. കാലങ്ങളായി തുടരുന്ന കടലാക്രമണ ഭീഷണിക്ക്‌ ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച്‌ കാക്കത്തോപ്പില്‍ ജനങ്ങള്‍ ആത്മഹത്യാ ഭീഷണി മുഴക്കി റോഡിലേക്കിറങ്ങി.
പ്രശ്‌ന പരിഹാരത്തിനായി എത്തിയ എം.എല്‍.എക്ക്‌ നേരെ ജനങ്ങളുടെ രോഷപ്രകടനമുണ്ടായി. ഏറെ നേരത്തെ വാക്കുതര്‍ക്കത്തിനൊടുവില്‍ പോലീസ്‌ സ്‌ഥലത്തെത്തിയാണ്‌ രംഗം ശാന്തമാക്കിയത്‌. പൊള്ളയായ വാഗ്‌ദാനങ്ങള്‍ നല്‍കി തീരദേശ ജനതയെ വഞ്ചിക്കുകയാണ്‌ എം.എല്‍.എയും ഉദ്യോഗസ്‌ഥരും ചെയ്യുന്നതെന്ന്‌ പ്രതിഷേധക്കാര്‍ പറഞ്ഞു. വിവരമറിഞ്ഞ്‌ തഹസില്‍ദാര്‍ അഹമ്മദ്‌ കബീര്‍ അടക്കമുള്ളവര്‍ സ്‌ഥലത്തെത്തിയതോടെ ജനങ്ങളുടെ പ്രതിഷേധം കടുത്തു.
രോഷാകുലരായ ജനങ്ങള്‍ പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട്‌ തഹസീല്‍ദാരെയും സംഘത്തെയും തടഞ്ഞുവച്ചു. ജില്ലാ കലക്‌ടര്‍ വന്‍ പോലിസ്‌ സംഘത്തോടൊപ്പം സ്‌ഥലത്തെത്തിയെങ്കിലും പ്രതിഷേധക്കാര്‍ പിന്‍മാറാന്‍ തയാറായില്ല. പ്രതിഷേധക്കാരുമായി കലക്‌ടര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു മൂന്നു മണിക്കൂറുകള്‍ക്കു ശേഷമാണ്‌ തഹസീല്‍ദാരെയും സംഘത്തെയും വിട്ടയച്ചത്‌.
താന്നി ഫിഷര്‍മെന്‍ കോളനിക്ക്‌ സമീപവും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. സ്‌ഥലത്തെത്തിയ സ്‌പെഷല്‍ വില്ലേജാഫീസര്‍ തോമസ്‌കുട്ടി, വില്ലേജാഫീസര്‍ ഹരീഷ്‌ എന്നിവരെ ജനങ്ങള്‍ തടഞ്ഞു.
പുലിമുട്ടുകളുടെ നിര്‍മാണമടക്കം തീരസംരക്ഷണത്തിനായുള്ള പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുകയാണ്‌. തീരസംരക്ഷണത്തിനായി കോടികള്‍ അനുവദിച്ച കണക്ക്‌ മാധ്യമങ്ങളിലൂടെ വിളമ്പുന്ന എം.എല്‍.എയ്‌ക്ക് ഇരവിപുരം തീരത്തെ പ്രശ്‌നങ്ങള്‍ എന്താണെന്ന്‌ ബോധ്യമില്ലെന്നു മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌ ആരോപിച്ചു.
കാക്കത്തോപ്പില്‍ മുന്‍ എം.എല്‍.എ. എ.എ അസീസ്‌ അടക്കം സന്ദര്‍ശിച്ചു സ്‌ഥിതി വിലയിരുത്തി. കടലാക്രമണം വീണ്ടും രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയിലാണ്‌.

Ads by Google
Advertisement
Thursday 02 Aug 2018 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW