പത്തനാപുരം: കനത്ത മഴയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണും മരങ്ങള്‍ കടപുഴകിയും വാഹന ഗതാഗതം തടസപ്പെട്ടു. അപകടം നടന്ന സമയത്തു കാല്‍നടയാത്രക്കാരും വാഹനങ്ങളും കടന്നുപോകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പനമ്പറ്റ-കാര്യറ-പുനലൂര്‍ പാതയില്‍ ചിറ്റാശേരി ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരങ്ങളും മണ്ഭിത്തിയുമാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്. കുടുംബശ്രീ യോഗം കഴിഞ്ഞു മടങ്ങിയ സ്ത്രീകളും സമീപവാസിയായ ഓട്ടോറിക്ഷാ തൊഴിലാളിയും തലനാരിഴക്കാണു രക്ഷപ്പെട്ടത്.
മണ്‍ത്തിട്ടയില്‍ നിന്ന മരങ്ങളാണ് ആദ്യം റോഡിലേക്ക് വീണത്. പിന്നാലെ മണ്ണിടിയുകയായിരുന്നു. ഇതേതുടര്‍ന്ന് നാലു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മരങ്ങള്‍ വീണ് വൈദ്യുത ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റവന്യൂ അധിക്യതര്‍ സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.