Wednesday, November 21, 2018 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.01 AM

ഈ നഷ്‌ടം ആര്‌ നികത്തും?...

uploads/news/2018/08/238020/2.jpg

മട്ടാഞ്ചേരി: മട്ടാഞ്ചേരിക്കാരുടെ ഗസല്‍ ഉമ്പായി (ഉമ്പായിക്ക) ഇനി ഓര്‍മ്മയില്‍. ജനിച്ചതും വളര്‍ന്നതും കളിച്ചതുമെല്ലാം ചെറളായിക്കടവിനും കല്‍വത്തിക്കുമിടയില്‍.
യഥാര്‍ത്ഥ പേര്‌ പി.ഐ. ഇബ്രാഹിം. കൊച്ചങ്ങാടിയിലെ അബാദ്‌ ഫിഷറീസ്‌ കയറ്റുമതി മത്സ്യവാഹനത്തിന്റെ ഡ്രൈവറായി ഉമ്പായി ജോലി ചെയ്‌തിരുന്നു. പിന്നീട്‌ ആ ജോലി ഉപേക്ഷിച്ച്‌ കലാരംഗത്തേക്കിറങ്ങി.
മൂന്നു പതിറ്റാണ്ടു മുമ്പ്‌ നാടക ക്യാമ്പില്‍ ഉമ്പായി സജീവ സാന്നിധ്യമായിരുന്നു. ക്യാമ്പിലെ റിഹേഴ്‌സല്‍ തുടങ്ങും മുമ്പേ ചിരിച്ച്‌ കൈ ഉയര്‍ത്തി ഉമ്പായി ക്യാമ്പിലെത്തും. നല്ലൊരു തബലിസ്‌റ്റായിരുന്നു ഉമ്പായി.
ക്യാമ്പില്‍ തബല വായിക്കുന്നവര്‍ക്ക്‌ താളപ്പിഴകള്‍ വന്നാല്‍ ഉമ്പായി നിര്‍ദേശകനായി മാറും.
അന്ന്‌ ചിത്ര കാര്‍ത്തികയെന്ന വാരികയുടെ ഓഫീസ്‌ കെട്ടിടത്തിലായിരുന്നു റിഹേഴ്‌സല്‍ ക്യാമ്പ്‌ നടത്തിയിരുന്നത്‌. അന്ന്‌ റിസബാവയും നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഉമ്പായിക്ക എത്തിയാല്‍ കുശലം പറയാന്‍ നാടക നടന്മാരും ഒത്തുകൂടിയിരുന്നു. മൂളിപ്പാട്ട്‌ ഉമ്പായിയുടെ സ്‌ഥിരം ശൈലിയായിരുന്നു. വെറുതെ ഇരിക്കുമ്പോള്‍ ഹിന്ദി കലര്‍ന്ന പാട്ടുകളും ഉമ്പായി പാടിയിരുന്നു. ഒരു ജോലിയൊന്നും ഇല്ലാതെ കലാകാരന്മാരുടെ കൂട്ടായ്‌മകളില്‍ പങ്കെടുത്ത്‌ ദിനരാത്രങ്ങള്‍ തള്ളി നീക്കിയിരുന്നത്‌ പിന്നീട്‌ ഉമ്പായിയെ ഗസലിലേക്ക്‌ ആകര്‍ഷിച്ചു. തുടര്‍ന്ന്‌ ഗസല്‍ അവതരിപ്പിക്കാന്‍ നിരവധി വേദികള്‍ കിട്ടി. ഒടുവില്‍ എറണാകുളത്തെ അബാദ്‌ ഹോട്ടലില്‍ ഉമ്പായിയുടെ ഗസല്‍ വൈകിട്ട്‌ ആറിനുശേഷം ഒരു നിത്യസംഭവമായിമാറി. ഉപജീവനത്തിനുവേണ്ടി അബാദ്‌ ഫിഷറീസില്‍ ഡ്രൈവറായിരുന്നു ഉമ്പായി.
അബാദിന്റെ ഹോട്ടലില്‍ തന്നെ ഗസല്‍ ഗായകനായി മാറിയത്‌ മറ്റാര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമായാണ്‌ ഉമ്പായി കണ്ടത്‌. ഇത്‌ ഉമ്പായി തന്നെ പറഞ്ഞ വാക്കുകളാണ്‌.

ലളിതം ഈ ജീവിതം....

മട്ടാഞ്ചേരി : ഗുജറാത്തി റോഡിലുള്ള ഹോട്ടല്‍ പുത്തുസില്‍ (മണിയുടെ ചായക്കട) ഉമ്പായി മിക്കപ്പോഴും എത്തുന്നത്‌ ഒരു സാധാരണക്കാരനായി മാത്രമായിരുന്നു. ഗസല്‍ ഗായകനെന്ന അഹങ്കാരമൊന്നും ഉമ്പായിക്കില്ലായിരുന്നു. വെറും സാധാരണ മട്ടാഞ്ചേരിക്കാരന്‍. ചാനലുകളില്‍ ഉമ്പായിയുടെ ഗസല്‍ കണ്ട ഗുജറാത്തികള്‍ മണിയുടെ ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുന്ന ഉമ്പായിയെ കാണുമ്പോള്‍ ഹസ്‌തദാനം നല്‍കിയാണ്‌ അവര്‍ ചായക്കടയിലെ ഇരിപ്പിടത്തില്‍ ഇരിക്കുന്നത്‌.
ഗസലിന്റെ പിന്നാലെയുള്ള പരക്കം പാച്ചിലില്‍ രോഗം എന്തെന്നറിയാന്‍ ഉമ്പായി വൈകിപ്പോയി. രോഗം എന്തെന്ന്‌ അറിയും മുമ്പേ കാലന്‍ കാത്തുനിന്നില്ല. മട്ടാഞ്ചേരിക്കാരുടെ ഉമ്പായിക്കായെ പടച്ചോന്‍ പറത്തിക്കൊണ്ടുപോയി. ആകാശത്തെ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ ഉമ്പായിക്ക ചിരിച്ചുകൊണ്ട്‌ എന്നും നമുക്കു മുകളില്‍ ഉണ്ടെന്നു വിശ്വസിക്കാം. ഉമ്പായി ഒന്നും നേടിയില്ല.
ചെറളായിക്കടവില്‍ നിന്ന്‌ പനയപ്പിള്ളിയിലെ വി.എ. കുമാരന്‍ റോഡിലേക്കുള്ള വാടക വീട്ടിലും പിന്നീട്‌ കൂവപ്പാടം ശാന്തിനഗറിലെ എം.ഐ.ജി. കോളനിയിലുമായിരുന്നു താമസം.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google
Advertisement
Thursday 02 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW