Friday, November 16, 2018 Last Updated 17 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 01.00 AM

ഗെയില്‍ പ്രവൃത്തി പാതിവഴിയില്‍; കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു

uploads/news/2018/07/237523/1.jpg

മുക്കം: കൊച്ചി മംഗലാപുരം വാതക പൈപ്പ്‌ ലൈന്‍ പ്രവൃത്തി പലയിടങ്ങളിലും പാതിവഴിയില്‍ നിലച്ചതോടെ പദ്ധതി പ്രദേശങ്ങളില്‍ ജനജീവിതം ദുരിതപൂര്‍ണ്ണമായി മാറി. കനത്ത മഴയില്‍ ഗെയില്‍ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത്‌ വലിയ അപകട ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌.
കനത്ത മഴയെ തുടര്‍ന്ന്‌ പ്രവൃത്തി നിര്‍ത്തി വെച്ചതോടെ പദ്ധതി പ്രദേശത്തെ പുരയിടങ്ങള്‍ ചെളിക്കളമായി. വീട്ടിലേക്കുള്ള വഴിയില്‍ ചെളി നിറഞ്ഞതോടെ കാല്‍നട പോലും ദുസ്സഹം. വാഹനങ്ങള്‍ സ്വന്തം വീട്ടിലെത്തിക്കാനാവാത്തതിനാല്‍ റോഡരികിലും അയല്‍വാസികളുടെ വീട്ടില്‍ നിര്‍ത്തിയിടേണ്ട അവസ്‌ഥ. ചെളി കാരണം വീടിന്‌ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്‌ഥയിലാണ്‌ മിക്ക വീട്ടുകാരും.
പ്രശ്‌നത്തിന്‌ പരിഹാരം ആവശ്യപ്പെട്ട്‌ പലതവണ ഗെയില്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പ്രദേശത്തെ ചില കുഴികളില്‍ അഴുക്കു ജലം നിറഞ്ഞിതിനെ തുടര്‍ന്ന്‌ കൊതുകുശല്യവും കൂടിയതായി നാട്ടുകാര്‍ പറയുന്നു. പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കുന്നതിനായി എടുത്ത കുഴികളില്‍ വെള്ളം നിറഞ്ഞതോടെ മക്കള്‍ സ്‌കൂള്‍ വിട്ടു വരുന്നത്‌ വരെ അമ്മമാരുടെ മനസ്സില്‍ ആധിയാണ്‌. സ്‌കൂളിലേക്കുള്ള വഴിയോരത്തും സ്‌കൂളിന്‌ സമീപത്തുമായി പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കുന്നതിനായി വലിയ കുഴികളാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. പല കുഴികള്‍ക്കും പത്തടിയിലേറെ ആഴമുണ്ട്‌. പല ഭാഗത്തും കുഴിയില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു. ഒരിടത്തു പോലും ആവശ്യമായ മുന്നറിയിപ്പ്‌ ബോര്‍ഡോ കയറോ സ്‌ഥാപിച്ചിട്ടില്ല.
ഈ കുഴികള്‍ക്ക്‌ അരികിലൂടെ മക്കളെ സമാധാനത്തോടെ എങ്ങനെ വിദ്യാലയത്തിലേയ്‌ക്ക് അയയ്‌ക്കുമെന്ന ആശങ്കയിലാണ്‌ രക്ഷിതാക്കള്‍. പദ്ധതിക്കായി വീടിന്‌ മുന്നിലെ വയലില്‍ നിര്‍മിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണ്‌ പൂളപ്പൊയിലില്‍ കഴിഞ്ഞയാഴ്‌ച നാലാം ക്ലാസുകാരന്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. അയല്‍വാസിയായ പ്ലസ്‌ടു വിദ്യാര്‍ത്ഥി അനസിന്റെ അവസരോചിതമായ ഇടപെടലാണ്‌ നാലാം ക്ലാസുകാരന്റെ ജീവന്‍ രക്ഷിച്ചത്‌. രക്ഷകരായി എപ്പോഴും അനസുമാര്‍ കൂടെയുണ്ടാവില്ലെന്ന്‌ ഇവര്‍ പറയുന്നു.
അശാസ്‌ത്രീയമായ ഗെയില്‍ പ്രവൃത്തിയെ തുടര്‍ന്ന്‌ മലയോര മേഖലയില്‍ നിരവധി റോഡുകളും തകര്‍ന്നിട്ടുണ്ട്‌. മലയോര മേഖലയിലെ പ്രധാന പാതകളിലൊന്നായ മുക്കം കുന്ദമംഗലം റോഡാണ്‌ തകര്‍ന്നവയില്‍ പ്രധാനം. കൂടാതെ വെസ്‌റ്റ് മാമ്പറ്റയിലെ കെ.എം.സി.ടി റോഡും പൂളപ്പൊയില്‍ അമ്പലക്കണ്ടി റോഡും തകര്‍ന്നവയില്‍പ്പെടുന്നു. പ്രവൃത്തിയെ തുടര്‍ന്ന്‌ റോഡില്‍ വെള്ളം കെട്ടിക്കിടന്നതും കുഴല്‍ സ്‌ഥാപിക്കാനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ റോഡ്‌ മുറിച്ചതുമാണ്‌ റോഡ്‌ തകരാന്‍ കാരണം. മുക്കം കുന്ദമംഗലം റോഡ്‌ തകര്‍ന്നതോടെ അപകടങ്ങള്‍ പതിവാണെന്ന്‌ നാട്ടുകാര്‍ പറയുന്നു.
മഴവെള്ളം ഒഴുകിപ്പോകാന്‍ റോഡിനരികിലൂടെ ഓവുചാലും കലുങ്കും നിര്‍മിച്ചിരുന്നു. എന്നാല്‍ ഗെയില്‍ പ്രവൃത്തിക്കിടെ ഈ ഓവുചാലും കലുങ്കും മൂടിപ്പോയതാണ്‌ റോഡില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ കാരണം.റോഡിലൂടെ വെള്ളം പരന്നൊഴുകാന്‍ തുടങ്ങിയതോടെ സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലേക്ക്‌ കാല്‍നടയായിപ്പോകുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക്‌ വാഹനങ്ങള്‍ ചെളിവെള്ളം തെറിപ്പിക്കുന്നതും പതിവാണ്‌. ഗെയില്‍ പദ്ധതി പ്രദേശത്തെ കൃഷി നാശത്തിനും മരങ്ങള്‍ക്കും മാത്രമേ നഷ്‌ടപരിഹാരം നല്‍കുന്നുള്ളൂ. എന്നാല്‍ വാതകക്കുഴല്‍ സ്‌ഥാപിക്കാന്‍ എടുത്ത കുഴികളില്‍ നിറഞ്ഞതോടെ പദ്ധതി പ്രദേശത്തെ മാത്രമല്ല, സമീപ പ്രദേശത്തെ കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്‌. പൂളപ്പൊയില്‍ കുട്ടി അപകടത്തില്‍പ്പെട്ട പ്രദേശത്തെ കപ്പയും വാഴയുമെല്ലാം വെള്ളം കയറി നശിച്ചു. പദ്ധതിക്കു വേണ്ടി കുഴിയെടുത്തതിനെ തുടര്‍ന്ന്‌ സമീപത്തെ തോട്‌ ദിശമാറി ഒഴുകിയതാണ്‌ വെള്ളം കയറാന്‍ കാരണമെന്ന്‌ നാട്ടുകാര്‍ പറയുന്നു.

Ads by Google
Advertisement
Tuesday 31 Jul 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW