Friday, September 14, 2018 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.32 AM

പഞ്ചായത്ത്‌ ഓഫീസില്‍ ജീവനക്കാരില്ല ; നാട്ടുകാര്‍ വലയുന്നു

പട്ടാഴി: പട്ടാഴി വടക്കേകര പഞ്ചായത്ത്‌ ഓഫീസില്‍ മിക്ക ദിവസങ്ങളിലും ജീവനക്കാരില്ലാത്തതുമൂലം നാട്ടുകാര്‍ വലയുന്നു. ജീവനക്കാര്‍ വരാത്ത ചില ദിവസങ്ങളിലും ഹാജര്‍ രേഖപ്പെടുത്തുന്നതായി കാട്ടി വിജിലന്‍സിന്‌ പരാതിയും നല്‍കി. കെട്ടിട നികുതി, വിവാഹ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം വിവിധ ആവശ്യങ്ങള്‍ക്കായി ദിനംപ്രതി നൂറുകണക്കിന്‌ ആളുകളാണ്‌ ഇവിടെ എത്തുന്നത്‌. എന്നാല്‍ മിക്ക ദിവസങ്ങളിലും ഇവിടെ ജീവനക്കാര്‍ ഉണ്ടാവാറില്ല. രാവിലെ വരുന്ന ചില ജീവനക്കാര്‍ ഒപ്പിട്ട്‌ ഉച്ചക്ക്‌ മുന്‍പേ മടങ്ങുകയും ഉച്ചക്ക്‌ ശേഷം എത്തുന്ന ചിലര്‍ വൈകിട്ട്‌ ഓഫീസ്‌ സമയത്തിന്‌ മുന്‍പ്‌ മടങ്ങുന്നതായും വ്യാപകമായ ആക്ഷേപമുണ്ട്‌.
മുന്‍ പഞ്ചായത്തംഗമായ സി.പി.എം. നേതാവും പട്ടികജാതി സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റുമായ കടുവാത്തോട്‌ സോമനാണ്‌ ഉദ്യോഗസ്‌ഥര്‍ ഇല്ലാത്തതിനെ സംബന്ധിച്ച്‌ കലക്‌ടര്‍ക്കും വിജിലന്‍സിനും പഞ്ചായത്ത്‌ വകുപ്പ്‌ മേധാവികള്‍ക്കും പരാതി നല്‍കിയത്‌. കഴിഞ്ഞ രണ്ടുദിവസം തന്റെ ഒരാവശ്യവുമായി സോമന്‍ പഞ്ചായത്തിലെത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്‌ഥര്‍ മിക്കവരും ഇല്ലായിരുന്നു.
ഇത്‌ ചോദിച്ചപ്പോള്‍ കയര്‍ത്തു സംസാരിക്കുകയും പുറത്തു പോകാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. യാത്രാക്ലേശം രൂക്ഷമായതിനാല്‍ പഞ്ചായത്ത്‌ ആസ്‌ഥാനമായ കടുവാത്തോട്ടിലെത്താന്‍ വലിയ ബുദ്ധിമുട്ടാണ്‌. മാലൂര്‍, മണയറ, ചെളിക്കുഴി, കരിമ്പാലൂര്‍, കൊക്കോട, പടിഞ്ഞാറെവിള, വെട്ടിക്കവിള അടക്കം വിവിധ ഗ്രാമീണമേഖലയില്‍ നിന്നും ബസ്‌ സര്‍വീസ്‌ നേരിട്ടില്ലാത്തതിനാല്‍ കാല്‍നടയായും മറ്റുമാണു നാട്ടുകാര്‍ എത്തുന്നത്‌.
ജീവനക്കാരില്ലാത്തതിനാല്‍ ഇവര്‍ രണ്ടും മൂന്നും തവണ എത്തേണ്ട ഗതികേടിലാണ്‌. സമീപ പഞ്ചായത്തുകളില്‍ ജോലി ചെയ്‌തിരുന്ന ചിലരെ സംഘടനാ പ്രവര്‍ത്തനമെന്നു പറഞ്ഞു ജോലിക്കു വരാത്തതിനാല്‍ ഇവിടെ നിന്നും സ്‌ഥലം മാറ്റിയിരുന്നു.
അങ്ങനെയുള്ള ചിലരെയാണ്‌ ഇപ്പോള്‍ ഇവിടെ നിയമിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്‌.
പഞ്ചായത്ത്‌ ഭരണാധികാരികളോട്‌ പരാതി പറഞ്ഞു മടുത്ത ജനങ്ങള്‍ പഞ്ചായത്ത്‌ ഡയറക്‌ടര്‍ അടക്കമുള്ള ഉന്നതര്‍ക്ക്‌ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്‌.

Ads by Google
Advertisement
Tuesday 31 Jul 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW