Friday, April 19, 2019 Last Updated 19 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.10 AM

വറുതിക്കാലത്തിനറുതി; തീരം ഇന്ന്‌ മുതല്‍ സജീവമാകും

uploads/news/2018/07/237471/1.jpg

കണ്ണൂര്‍: കടലോരം ഇതുവരെ കാണാത്ത വറുതിക്കാലം നല്‍കിയ ട്രോളിങ്‌ നിരോധനം ഇന്ന്‌ അര്‍ധരാത്രിയോടെ സമാപിക്കും. കേരള തീരങ്ങളില്‍ നിന്നും മത്സ്യബന്ധന ബോട്ടുകള്‍ ആഴക്കടലിലേക്ക്‌ പോയിത്തുടങ്ങും. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണയാണ്‌ ഏറ്റവും കൂടുതല്‍ ദിവസം ട്രോളിങ്‌ ഏര്‍പ്പെടുത്തിയത്‌. 47 ദിവസത്തില്‍ നിന്ന്‌ മാറി അഞ്ചു ദിവസം അധികം നല്‍കുകയായിരുന്നു. ഇതുകൂടാതെ ചെറുവള്ളങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കൂടുതല്‍ ബാധിച്ചു. കടല്‍ ക്ഷോഭവും കാറ്റും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ രൂക്ഷമായതോടെ കൂടുതല്‍ വറുതിയിലായിരുന്നു കടലോരവാസികള്‍. ഫിഷറീസ്‌ വകുപ്പിന്റെ മുന്നറിയിപ്പ്‌ എത്തുന്നതിനു മുമ്പേ പല ബോട്ടുകളും കാറ്റ്‌ ശക്‌തമായതോടെ തീരത്തേക്ക്‌ അടുപ്പിച്ചിരുന്നു. മത്സ്യവിപണിയില്‍ വന്‍ വിലവര്‍ധനവും ട്രോളിങ്‌ കാലത്തുണ്ടായി. അയല്‍സംസ്‌ഥാനങ്ങളില്‍ നിന്നും എത്തിയ മത്സ്യങ്ങളില്‍ ഫോര്‍മലിന്‍ കലര്‍ത്തിയത്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ കണ്ടെത്തിയത്‌ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടാക്കി. ഇതോടെ ജനങ്ങള്‍ മത്സ്യം വാങ്ങുന്നത്‌ കുറഞ്ഞു. പരമ്പരാഗതതൊഴിലാളികളുടെ ഉപജീവനത്തെയും ഇതു സാരമായി ബാധിച്ചു. ട്രോളിങ്‌ നിരോധനം തീരുന്നതോടെ പ്രതീക്ഷയിലാണ്‌ തീരദേശ വാസികള്‍. വലയും ബോട്ടും നേരത്തെ ഒരുക്കി വച്ച്‌ കാത്തിരിക്കുകയാണിവര്‍.

Ads by Google
Advertisement
Tuesday 31 Jul 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW