പോത്താനിക്കാട്: ഇടുക്കി ജില്ലയിലെ തൊമ്മന്‍കുത്തിലും, മുള്ളരിങ്ങാടുമുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട് പഞ്ചായത്തുകളില്‍ കനത്ത നാശം വിതച്ചു. മുള്ളരിങ്ങാട് വനത്തിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കോതയാര്‍ കരകവിഞ്ഞ് പല്ലാരിമംഗലം പഞ്ചായത്തിലെ വള്ളക്കടവ്, കൂറ്റംവേലി, മണിക്കിണര്‍, വെള്ളാരമറ്റം, കുടമുണ്ട പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മുള്ളരിങ്ങാട്നിന്നും ആരംഭിക്കുന്ന പുഴ കോതമംഗലം വഴി മുവാറ്റുപുഴയാറിലാണ് ചെന്ന് ചേരുന്നത്. ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെ പെട്ടെന്ന് പുഴയില്‍ ക്രമാധീതമായി വെള്ളം പൊങ്ങുകയും സമീപ പ്രദേശങ്ങളിലെ വീടുകളിലേക്കും പറമ്പ്കളിലേക്കും പെട്ടെന്ന് വെള്ളം ഇരച്ചെത്തുകയായിരുന്നു.
പുഴയുടെ ഉദ്ഭവ പ്രദേശമായ മുള്ളരിങ്ങാട് ഭാഗത്ത് കഴിഞ്ഞ അര്‍ദ്ധരാത്രി രണ്ട് മണിക്കൂറോളം തുടര്‍ച്ചയായി പെയ്ത മേഘ സ്ഫോടനം അതിശക്തമഴയാണ് ഇത്രയതികം മലവെള്ളപ്പൊക്കം താഴ്ന്ന പ്രദേശങ്ങളിലുണ്ടാകാന് കാരണമായിട്ടുള്ളതെന്നാണ് നിഗമനം. കുടമുണ്ട പാലം വീണ്ടും വെള്ളത്തിനടിയിലായതോടു കൂടി ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും മുടങ്ങി. മണിക്കിണര്‍ പാലത്തിന്റെ കൈവരി പുഴയിലൂടെ ഒഴുകിവന്ന മരത്തടി ഇടിച്ച് പൂര്‍ണമായും തകര്‍ന്നു. കവളങ്ങാട് പഞ്ചായത്തിലെ വാളാച്ചിറ, പല്ലാരിമംഗലം പഞ്ചായത്തിലെ കൂറ്റംവേലി, മണിക്കിണര്‍, വള്ളക്കടവ് വീടുകളില്‍ വെള്ളം കയറി. ശക്തമായ വെള്ളപ്പൊക്കത്തില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വിവിധ കൃഷികളില്‍ വെള്ളം കയറി കൃഷികള്‍ നശിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മടിയൂര്‍ അംഗണവാടിയിലും വെള്ളം കയറി. വാളാച്ചിറ ഗ്രാമം ഭാഗികമായി വെള്ളത്തിനടിയിലായി. ഇനിയും വെള്ളം ഒഴുക്ക് കൂടിയാല്‍ വന്‍ ദുരന്തമായിരിക്കും പ്രദേശത്തെ കാത്തിരിക്കുന്നത്.
വെള്ളം കയറിയ വീടുകളും കൃഷി ഭൂമികളും ആന്റണി ജോണ്‍ എം.എല്‍.എ, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു, ബ്ലോക്ക് പഞ്ചായത്തംഗം ഒ.ഇ. അബ്ബാസ്, വില്ലേജ് ആഫീസര്‍ കെ.എം. നാസര്‍, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ധീന് തുടങ്ങിയവര്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.
നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് എം.എല്‍.എ. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. തൊമ്മന്‍കുത്ത് വനത്തിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ മൂലം കളിയാര് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത് മൂലം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ പരിതപുഴയില് വെള്ളം നിറഞ്ഞ് പത്തോളം വീടുകളില്‍ വെള്ളം കയറി, മറ്റു പതിനൊന്നു വീടുകളില്‍ വെള്ളപ്പൊക്ക കെടുതികള്‍ ഉണ്ടായി. പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനം പ്രദേശത്ത് ഏക്കറുകണക്കിന് കൃഷി ഭൂമിയിലും വെള്ളം കയറി. വൈകുന്നേരത്തോടെ വെള്ളപ്പൊക്കത്തിന്റെ കാഠിന്യം കുറച്ച് കുറഞ്ഞ് വെള്ളം തിരികെയിറങ്ങി തുടങ്ങിയിട്ടുണ്ട്.
എന്ത് മുന്‍ കരുതലാണ് സ്വീകരിക്കേണ്ടതെന്ന് ബന്ധപ്പെട്ട അധികാരികളാരും നിര്‍ദ്ദേശം നല്‍കാത്തതില്‍ പുഴ തീരദേശ ജനങ്ങള്‍ ആശങ്കയിലാണ്പുഴയോരത്ത് വെള്ളം കയറിയ പ്രദേശത്ത് ആവശ്യമായ സംരക്ഷണം നല്കി അടിയന്തിരമായി നാശനഷ്ടങ്ങള്‍ക്ക് തുക അധികാരികള്‍ നല്കാന് തയാറാകണമെന്ന് നാട്ടുകാര്‍ പറഞ്ഞു