പേരാവൂര്‍:കണ്ണൂര്‍ ജില്ലയെ വയനാട് ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കൊട്ടിയൂര്‍ പാല്‍ച്ചുരം പാത.ഇരിട്ടിയില്‍ നിന്ന് മാനന്തവാടിയിലേക്ക് എത്താന്‍ ഏളുപ്പമാര്ഗമുള്ള പാല്‍ച്ചുരം പാതയ്ക്ക് എന്നും അവഗണന മാത്രമാണ് കിട്ടിയത്.ഒരുഭാഗം വലിയ മലയും മറു ഭാഗം കൊക്കയും നിറഞ്ഞ പാല്‍ച്ചുരത്തിലൂടെയുള്ള യാത്ര ആരിലും ഭീതിയുളവാക്കും. അഞ്ചു വളവുകളുള്ള പാതയില്‍ ചുരത്തിന്റെ ദൂരം അഞ്ച് കിലോമീറ്ററില്‍ താഴെയാണ്. ഒരേസമയം രണ്ട് കെ.എസ്.ആര്.ടി.സി. ബസുകള്‍ക്ക് ചുരം റോഡിലൂടെ കടന്നുപോകാന്‍ പറ്റില്ല. ചുരം റോഡിന്റെ ചിലഭാഗങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ എല്ലായിടത്തും സുരക്ഷാവേലിയില്ലാത്തത് അപകടമുണ്ടാക്കുന്ന സ്ഥിതിയാണ്.കനത്ത മഴക്കാലമായതോടെ മലയില്‍നിന്നും വലിയ ഉരുളന്‍കല്ലുകളും മണ്ണും മരവും റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെടുന്നത് പതിവായിട്ടുണ്ട്. ഒരു മാസത്തിനിടയില്‍ നാലുതവണ ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായെങ്കിലും യാത്രക്കാര്‍ എല്ലാ സമയത്തും രക്ഷപ്പെട്ടു. മറ്റു ചുരം റോഡുകളില്‍ ഭാരം കയറ്റിയെത്തുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും പാല്‍ച്ചുരത്തില്‍ അതില്ല. കണ്ണൂരില്‍നിന്ന് വയനാട് ജില്ലയിലേക്ക് ചെങ്കല്ല് എത്തിക്കുന്ന ഭൂരിഭാഗം വാഹനങ്ങളും കടന്നു വരുന്നത് പാല്‍ച്ചുരം വഴിയാണ്.ഈ വാഹനത്തെ കൂടാതെ ടോറസ്(വലിയ ലോറി) അമിതഭാരം കയറ്റിവരുന്ന ഇത്തരം വാഹനങ്ങളാണ് ചുരംറോഡിന്റെ തകര്‍ച്ചയ്ക്ക് പ്രധാനകാരണം. റോഡരികില്‍ നിര്‍മിച്ച ഓവുചാലുകള്‍ ആഴംകുറഞ്ഞതും മുകളില്‍ സ്ലാബുകളില്ലാത്തതുമാണ്. മലമുകളില്‍നിന്നുള്ള വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതും റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാണ്.വളവും തിരിവുമുള്ള ചെങ്കുത്തായ കയറ്റംകയറി വാഹനം വരുമ്പോള്‍ എതിര്‍ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കാണാനാവില്ല. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മഴയെത്തിയതോടെ കോടമഞ്ഞുമുണ്ട്. മാസങ്ങള്‍ക്കുമുമ്പ് റോഡ് മുഴുവനായി അടച്ചിട്ട് ചുരം റോഡിന് വീതി കൂട്ടിയിരുന്നു. എന്നാല്‍ ശക്തമായി പെയ്ത മഴയില്‍ എല്ലാം ഒലിച്ചു പോയി റോഡരികില്‍ ഇപ്പോള്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു.ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടുകാരും ഡ്രൈവേഴ്സ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിലാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. പ്രവൃത്തിയിലെ അനാസ്ഥയാണ് ഇതിനുകാരണമെന്ന് ജനം ആരോപിക്കുന്നു. ചുരത്തിലൂടെയുള്ള യാത്രയ്ക്ക് പൊതുജനങ്ങള്‍ക്ക് ഏക ആശ്രയം കെ.എസ്.ആര്.ടി.സി. ബസുകളാണ്. കാലപ്പഴക്കം ചെന്ന ബസിലുള്ള യാത്രയും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്.മാക്കൂട്ടം ചുരം വഴി വലിയ വാഹനങ്ങള്‍ക്ക് നിരോധം ഏര്്പ്പെടുത്തിയതോടെ ഇതു വഴിയുള്ള വലിയ വാഹനങ്ങളുടെ യാത്ര ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.