Sunday, November 18, 2018 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.12 AM

നടക്കാവ്‌ ഒലിയപ്പുറം ഹൈവേയില്‍ ഗര്‍ത്തം; ഓണക്കൂറില്‍ ഗതാഗതം നിരോധിച്ചു

uploads/news/2018/07/236997/2.jpg

പാമ്പാക്കുട: നടക്കാവ്‌ ഒലിയപ്പുറം ഹൈവേയില്‍ ഓണക്കൂര്‍ നിരപ്പിന്‌ സമീപം റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന്‌ ഗതാഗതം നിരോധിച്ചു. നീരൊഴുക്കുള്ള കലുങ്കിനോട്‌ ചേര്‍ന്നാണ്‌ ഗര്‍ത്തം രൂപപ്പെട്ടത്‌. കലുങ്കിനോട്‌ ചേര്‍ന്ന്‌ വെള്ളം കുത്തിയൊഴുകിയപ്പോള്‍ അടിഭാഗത്തെ മണ്ണ്‌ ഒലിച്ചുപോയതാണ്‌ റോഡ്‌ തകരുവാന്‍ കാരണം. വെള്ളിയാഴ്‌ച രാത്രി എട്ടു മണിയോടെ നാട്ടുകാരാണ്‌ റോഡിന്‌ നടുവിലെ ഗര്‍ത്തം കണ്ടെത്തിയത്‌. ഇപ്പോള്‍ ടാറിങിന്റെ മേല്‍പ്പാളി മാത്രം ആണ്‌ അവശേഷിക്കുന്നത്‌. തുടര്‍ന്ന്‌ നാട്ടുകാര്‍ തന്നെ അപകട സൂചന നല്‍കുന്ന ബോര്‍ഡ്‌ സ്‌ഥാപിച്ചു വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരുന്നു. പിന്നീട്‌ സ്‌ഥലത്തെത്തിയ പൊതുമരാമത്ത്‌ അധികൃതര്‍ അപകടസാധ്യത മുന്നില്‍ കണ്ട്‌ ഇരു ചക്രവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിക്കുകയായിരുന്നു.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള കലുങ്ക്‌ പുനര്‍ നിര്‍മിക്കാതെ ഇതുവഴിയുള്ള ഗതാഗതം പുനഃസ്‌ഥാപിക്കാന്‍ കഴിയുകയില്ല. ഇതിനായുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളുമെന്ന്‌ പൊതുമരാമത്ത്‌ അധികൃതര്‍ അറിയിച്ചു. മൂവാറ്റുപുഴ, കൂത്താട്ടുകുളം ഭാഗത്തുനിന്നും പിറവത്തേക്ക്‌ വരുന്ന വാഹനങ്ങള്‍ ഓണക്കൂറില്‍ നിന്നും കക്കാട്‌ വഴിയാണ്‌ തിരിച്ചു വിട്ടിരിക്കുന്നത്‌. പോലീസിന്റെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. നൂറുകണക്കിന്‌ ഇരുചക്ര വാഹനങ്ങളും, സ്വകാര്യ ബസുകളും, ടോറസ്‌ ഉള്‍പ്പടെയുള്ള വാഹനങ്ങളും ഇടതടവില്ലാതെ കടന്നു പോകുന്ന റോഡിലുണ്ടായ കുഴി യഥാസമയം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ അപകടമാണ്‌ ഒഴിവായത്‌.
12 വര്‍ഷം മുമ്പ്‌ ബി.എം. ബി.സി. നിലവാരത്തില്‍ ടാര്‍ ചെയ്‌ത റോഡില്‍ പിന്നീട്‌ കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കനത്ത മഴയില്‍ പാമ്പാക്കുട പഞ്ചായത്തിലെയും പിറവം നഗരസഭയിലെയും പല പ്രധാന റോഡുകളും തകര്‍ന്നിരിക്കുകയാണ്‌. പിറവം പാലത്തിലെ ടാറിങ്‌ പൂര്‍ണമായും തകര്‍ന്ന്‌ ഗതാഗതം ദുഷ്‌ക്കരമായി. പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ പാലത്തിലും ടാറിങ്‌ ഇളകി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്‌. മഴയ്‌ക്കു മുമ്പ്‌ അറ്റകുറ്റപ്പണി നടത്താതിരുന്നതാണ്‌ റോഡുകള്‍ തകരാന്‍ ഇടയായതെന്ന്‌ സ്‌ഥലത്തെത്തിയ അനൂപ്‌ ജേക്കബ്‌ എം.എല്‍.എ. പറഞ്ഞു.
അടിയന്തരമായി റോഡ്‌ അറ്റകുറ്റപ്പണികള്‍ക്കായി ഒരു കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ. പറഞ്ഞു. കൂടാതെ നടക്കാവ്‌ ഒലിയപ്പുറം ഹൈവേയുടെ റീടാറിങിനായുള്ള നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും എം.എല്‍.എ. അറിയിച്ചു. പി.ഡബ്ല്യൂ.ഡി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അമല്‍ രാജ്‌, വാര്‍ഡ്‌ മെമ്പര്‍ സി.ബി. രാജീവ്‌ എന്നിവരും സ്‌ഥലത്തെത്തിയിരുന്നു.

Ads by Google
Advertisement
Sunday 29 Jul 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW