Wednesday, April 24, 2019 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.52 AM

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം കൊല്ലം തോടു നവീകരണം നീളുന്നതില്‍ ആശങ്ക

കൊല്ലം: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൊല്ലം തോടു നവീകരണം ചര്‍ച്ചാവിഷയമായി. പ്രവര്‍ത്തനങ്ങള്‍ അനിശ്‌ചിതമായി നീളുന്നതില്‍ കൗണ്‍സില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. നവീകരണം വലിയ പ്രതീക്ഷയോടെയാണ്‌ ആരംഭിച്ചതെങ്കിലും ഇപ്പോഴത്തെ അവസ്‌ഥ ദയനീയമാണെന്ന്‌ മേയര്‍ അഡ്വ. വി രാജേന്ദ്രബാബു പറഞ്ഞു. ഉപരിതല ഗതാഗതവകുപ്പിന്റെ വീഴ്‌ചകളാണ്‌ നവീകരണത്തെ പിന്നോട്ടടിച്ചത്‌.
ആഴംകൂട്ടലിന്റെ മറവില്‍ നടന്ന മണല്‍കച്ചവടം മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞു. നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും മേയര്‍ അറിയിച്ചു. സി.പി.ഐ. അംഗം അഡ്വ. വിനിത വിന്‍സന്റാണ്‌ ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ത്തിയത്‌. പലയിടത്തും പായലും കുളവാഴയും നിറഞ്ഞുകഴിഞ്ഞു. മണ്ണെടുപ്പു മാത്രമാണു നടക്കുന്നതെന്ന്‌ യു.ഡി.എഫിലെ പ്രേംഉഷാര്‍ ചൂണ്ടിക്കാട്ടി. കോടിക്കണക്കിന്‌ രൂപയുടെ മണ്ണാണ്‌ ഇവിടെ നിന്നു കടത്തിയത്‌. തോട്‌ സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്നും അംഗം ആവശ്യപ്പെട്ടു.
ആധുനിക സജ്‌ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കൊല്ലം തുറമുഖം നിര്‍ജീവാവസ്‌ഥയിലാണെന്ന്‌ മേയര്‍ ചൂണ്ടിക്കാട്ടി. അതിനും പരിഹാരം കാണേണ്ടതുണ്ട്‌.
വകുപ്പ്‌ മന്ത്രിയെയും കൊല്ലം ജില്ലയിലെ മന്ത്രിമാരെയും തുറമുഖവകുപ്പ്‌ ഉദ്യോഗസ്‌ഥരെയും വ്യവസായികളെയും ഉള്‍പ്പെടുത്തി യോഗം വിളിച്ച ശേഷം തുറമുഖം നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സോഫ്‌ട്വെയര്‍ സമ്പ്രദായം നവീകരിക്കാനുള്ള വിഷയവും കൗണ്‍സില്‍ യോഗത്തില്‍ പരാമര്‍ശവിധേയമായി. പി.എം.എ.വൈ. പദ്ധതിയിലുള്‍പ്പെട്ടവരുടെ ചെറിയ വീടിന്റെ പ്ലാന്‍ വരച്ചുകൊടുക്കുന്നതിനു പോലും മൂവായിരം രൂപയിലധികം വാങ്ങുന്ന ലൈസന്‍സുള്ള മധ്യവര്‍ത്തികളാണ്‌ ഇവിടെയുള്ളതെന്ന്‌ സത്താര്‍ പറഞ്ഞു. ലെന്‍സ്‌ഫെഡിന്റെ ആവശ്യങ്ങളോട്‌ യോജിപ്പില്ലെന്ന്‌ മേയറും അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ക്ക്‌ പ്രയോജനം കിട്ടണമെന്ന നിലപാടാണ്‌ കോര്‍പറേഷനുള്ളത്‌. സംസ്‌ഥാന സര്‍ക്കാരിന്റെ ഭവന പദ്ധതിയായ ലൈഫില്‍ അനര്‍ഹരായവര്‍ കടന്നുകൂടിയിട്ടുണ്ട്‌. അത്തരക്കാരെ ഒഴിവാക്കി അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.
കുടുംബശ്രീയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഒറ്റപ്പെട്ട സംഭവമാണ്‌. ഒട്ടേറെ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്‌തു കൊണ്ടിരിക്കുന്നതിനിടയിലാണ്‌ ഇത്തരം വിഷയങ്ങള്‍ കടന്നുവരുന്നത്‌. കാവനാടും കോയിക്കലുമാണ്‌ വായ്‌പ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയുള്ളത്‌. കേസ്‌ പൊലീസ്‌ അന്വേഷിക്കുന്നു. പോരായ്‌മ ഉണ്ടായാല്‍ വിജിലന്‍സിനെ സമീപിക്കും. 2015 ല്‍ നാലു ഡിവിഷനുകളിലായി 20 ലക്ഷം വായ്‌പ എടുത്തിട്ട്‌ അടച്ചില്ലെന്ന കേസ്‌ വിജിലന്‍സ്‌ അന്വേഷിക്കുമെന്നും മേയര്‍ അറിയിച്ചു.
ഓണത്തിനു മുന്‍പ്‌ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികള്‍ക്ക്‌ ജോലി നല്‍കാന്‍ ഓണ്‍ ഫണ്ട്‌ വിനിയോഗിക്കും. കൂടുതല്‍ തുക എടുക്കുന്നത്‌ സംബന്ധിച്ച്‌ ആലോചിച്ച്‌ തീരുമാനിക്കും. റോഡുകളും തെരുവുവിളക്ക്‌ പരിപാലനവും സമയബന്ധിതമായി തീര്‍ക്കുന്നതിനുള്ള പ്രവൃത്തികള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. ഓഗസ്‌റ്റ് 15 നു മുന്‍പ്‌ എല്ലാ ഡിവിഷനുകളിലും അമൃത്‌ പദ്ധതി പ്രകാരം ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുമെന്ന്‌ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്‌ അറിയിച്ചു. ഡിവിഷനുകളില്‍ മഴവെള്ള സംഭരണി സ്‌ഥാപിക്കുന്ന കാര്യത്തില്‍ കൗണ്‍സിലര്‍മാര്‍ മുന്‍കൈ എടുക്കണമെന്നും അവര്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക്‌ പ്രഭാത ഭക്ഷണം നല്‍കുന്നതിന്‌ ഒരു കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ താമസിക്കുന്നതിലാണ്‌ പദ്ധതി വൈകുന്നതെന്നും വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷന്‍ ടി.ആര്‍. സന്തോഷ്‌കുമാര്‍ അറിയിച്ചു. സ്‌ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ ചിന്ത സജിത്‌, ഗീതാകുമാരി, ഡോ. സുജിത്‌, കൗണ്‍സിലര്‍മാരായ എ. കെ. ഹഫീസ്‌, എസ്‌. മീനാകുമാരി, കെ. ബാബു, ബി. അനില്‍കുമാര്‍, എന്‍ മോഹനന്‍, റീന സെബാസ്‌റ്റ്യന്‍, ബി. അജിത്‌കുമാര്‍, എസ്‌. പ്രസന്നന്‍, എസ്‌. ജയന്‍, തൂവനാട്ട്‌ ബി. സുരേഷ്‌കുമാര്‍ എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 28 Jul 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW