പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ എം.സി.റോഡില്‍ താന്നിപ്പുഴ അനിത വിദ്യാലയത്തിന് മുന്നില്‍ വെച്ച് സ്കൂട്ടറും, മിനിലോറിയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
പെരുമ്പാവൂര്‍, വെങ്ങോല, വളയന്‍ചിറങ്ങര സ്വദേശിനി വിമല ഹൗസില്‍ മഞ്ജുഷ മോഹന്‍ ദാസ് (26), വളയന്‍ചിറങ്ങര വെട്ടുക്കാട്ടില്‍ വീട്ടില്‍ അജ്ഞന (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇരുവരെയും അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ജുഷയുടെ പരുക്ക് ഗുരുതരമാണ്. ഇന്നലെ രാവിലെ 9.30നാണ് അപകടം നടന്നത്.
കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ ബി.എ. നൃത്ത വിദ്യാര്‍ഥിനികളായ ഇരുവരും സ്കൂട്ടറില്‍ പെരുമ്പാവൂരില്‍ നിന്നും കാലടി യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നവഴി എതിരെ നിന്ന് കള്ള് കയറ്റിവന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ശ്രീശങ്കരാ പാലം ഇറങ്ങി വരികെ മറ്റൊരു വാഹനത്തിനെ മറികടന്ന് അമിതവേഗതയിലാണ് മിനിലോറി എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ അഘാതത്തില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ഥിനികളില്‍ വാഹനമോടിച്ചിരുന്ന വിദ്യാര്‍ഥിനി തെറിച്ച് റോഡിലും, പിറകിലിരുന്ന വിദ്യാര്‍ഥിനി റോഡിന് സമീപത്തെ കാനയിലും വീണു. സംഭവം നടന്നയുടന്‍ ഓടി കൂടിയ നാട്ടുകാരും, തൊട്ടടുത്ത ലോറി പാര്‍ക്കിങ്ങിലെ ഡ്രൈവര്‍മാരും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.