Tuesday, March 19, 2019 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.18 AM

ഹൈറേഞ്ച്‌ കാടുകളില്‍ തമ്പടിച്ച്‌ നായാട്ടു സംഘങ്ങള്‍

uploads/news/2018/07/236715/1.jpg

രാജകുമാരി: മഴ ശക്‌തമായതോടെ മതികെട്ടാന്‍ ദേശീയ ഉദ്യാനമടക്കമുള്ള കാടുകള്‍ കേന്ദ്രീകരിച്ച്‌ നായാട്ടുസംഘങ്ങള്‍ സജീവമായി. കാട്ടുപോത്തും മ്ലാവും കാട്ടുപന്നിയും അടക്കമുള്ള കാട്ടു മൃഗങ്ങളെ കുടുക്കുവച്ചും വെടിവച്ച്‌ വീഴ്‌ത്തിയും പിടികൂടി ഇറച്ചിയാക്കിയാണ്‌ നാട്ടിലെത്തിച്ച്‌ വില്‍പന നടത്തുന്നത്‌. ശക്‌തമായ മഴയായതിനാല്‍ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ കാടുകളിലേക്ക്‌ എത്തിപ്പെടാന്‍ കഴിയാത്ത അവസ്‌ഥയിലെത്തിയതോടെയാണ്‌ ഇവര്‍ കാടുകളില്‍ തമ്പടിച്ചിരിക്കുന്നത്‌. കാട്ടില്‍നിന്നും വേട്ടയാടുന്ന മൃഗങ്ങളുടെ ഇറച്ചിയെടുത്ത്‌ ചാക്കില്‍ കെട്ടി വനാതിര്‍ത്തിയോട്‌ ചേര്‍ന്നുള്ള ഏലം സ്‌റ്റോറുകളില്‍ എത്തിച്ച്‌ ഉണക്കുകയാണ്‌ ചെയ്യുന്നത്‌. നിലവില്‍ ഏലക്കാ സ്‌റ്റോറുകളില്‍ ഉണങ്ങാന്‍ എത്തുന്നില്ലാത്തതിനാല്‍ ഇവിടെ എത്തിച്ച്‌ ഉണങ്ങാനും തടസമില്ല. മാത്രമല്ല, വെയിലുള്ള സമയത്ത്‌ നാലും അഞ്ചും ദിവസം കൊണ്ടാണ്‌ കാട്ടിലെ പാറപ്പുറങ്ങളില്‍ നിരത്തിവച്ച്‌ ഇറച്ചി ഉണക്കിയിരുന്നത്‌. ഇത്‌ ഏലം സ്‌റ്റോറുകളില്‍ എത്തിച്ചാല്‍ രണ്ട്‌ ദിവസം കൊണ്ട്‌ പൂര്‍ണമായി ഉണക്കിയെടുക്കാന്‍ സാധിക്കും. ഇവ ആദിവാസി കുടികളടക്കമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ ഒളിപ്പിച്ചതിന്‌ ശേഷം ഇടനിലക്കാര്‍ വഴി ആവശ്യക്കാര്‍ക്ക്‌ എത്തിച്ച്‌ നല്‍കുകയാണ്‌ ചെയ്യുന്നത്‌.
കഴിഞ്ഞ ദിവസം വില്‍പ്പനയ്‌ക്കായി വേണ്ടി ഉണക്കാന്‍ ഇട്ടിരുന്ന 15 കിലോയോളം മ്ലാവിറച്ചി രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ശാന്തമ്പാറ ഫോറസ്‌റ്റ്‌ ഉദ്യോഗസ്‌ഥര്‍ മതികെട്ടാന്‍ ചോലയ്‌ക്ക്‌ സമീപത്തെ ഏലം സ്‌റ്റോറില്‍നിന്നും പിടികൂടി. കോട്ടയം സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള കമ്പനിക്കാട്‌ തോട്ടത്തിലെ സ്‌റ്റോറിനുള്ളില്‍ ഉണങ്ങുന്നതിനിടെയാണു ബോഡിമെട്ട്‌ സെക്‌ഷന്‍ ഫോറസ്‌റ്റര്‍ കെ.കെ. വിനോദിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം ഇറച്ചി പിടികൂടിയത്‌.
മൃഗവേട്ട നടന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്ന്‌ ഇന്നലെ ഉച്ചയോടെ വനത്തോടു ചേര്‍ന്നുള്ള സ്‌റ്റോറില്‍ വനപാലകര്‍ എത്തിയെങ്കിലും കെട്ടിടം പൂട്ടിയ നിലയിലായിരുന്നു. ഉള്ളില്‍നിന്നും പുക ഉയരുന്നതു കണ്ടെങ്കിലും പതിവായി ഇവിടെ ഉണ്ടാകാറുള്ള പണിക്കാരെ കണ്ടെത്തിയില്ല. തുടര്‍ന്ന്‌ ഉടമയുമായി ഫോണില്‍ ബന്ധപ്പെട്ട്‌ താക്കോല്‍ സംഘടിപ്പിച്ച്‌ വാതില്‍ തുറന്ന്‌ ഉള്ളില്‍ കയറി നടത്തിയ പരിശോധനയില്‍ പാതി ഉണങ്ങിയ മാംസം കണ്ടെത്തി. സമീപത്തെ ലയത്തില്‍നിന്നും മ്ലാവിന്റെ തലയും തോലും മറ്റ്‌ ശരീരാവശിഷ്‌ടങ്ങളും കണ്ടെത്തി. മൃഗങ്ങളെ വേട്ടയാടി പിടിക്കാനുള്ള കുടുക്ക്‌ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ആയുധങ്ങളും കണ്ടെടുത്തു. വനപാലകര്‍ എത്തുന്നതറിഞ്ഞ്‌ ജോലിക്കാര്‍ വാതില്‍ പൂട്ടി മുങ്ങിയതാണെന്നാണു നിഗമനം. രണ്ടു ദിവസമായി സ്‌ഥലം ഉടമ സ്‌ഥലത്തില്ലെന്നും ഇയാളുടെ അഭാവത്തില്‍ ജോലിക്കാര്‍ വേട്ടയാടി കൊണ്ടു വന്നതാണെന്നും കരുതപ്പെടുന്നു. പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. സ്‌ഥലം ഉടമയ്‌ക്കെതിരേ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. നായാട്ടു സംഘങ്ങള്‍ക്ക്‌ തടയിടാന്‍ വനംവകുപ്പ്‌ പ്രത്യേക പദ്ധതി തയാറാക്കുന്നുണ്ടെന്നും ഫോറസ്‌റ്റര്‍ എ.വി. വിനോദ്‌ പറഞ്ഞു. കാടിനെക്കുറിച്ച്‌ വ്യക്‌തമായി അറിയാവുന്ന ആദിവാസി യുവാക്കളെ ഉപയോഗപ്പെടുത്തിയാണ്‌ നായാട്ടു സംഘങ്ങള്‍ മൃഗങ്ങളെ വേട്ടയാടുന്നതും പിന്നീട്‌ ഉണക്കിയ ഇറച്ചി സൂക്ഷിക്കുന്നതും. ഇത്തരം സംഘങ്ങളെക്കുറിച്ചും വനംവകുപ്പിന്‌ വ്യക്‌തമായ സൂചന ലഭിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ പ്രതികളെ ഉടന്‍ പിടികൂടുമെന്നും വനപാലകര്‍ അറിയിച്ചു.

Ads by Google
Advertisement
Saturday 28 Jul 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW