Sunday, March 24, 2019 Last Updated 18 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.17 AM

പ്രളയക്കെടുതിയില്‍ കനത്തനാശം

uploads/news/2018/07/236705/1.jpg

ആലപ്പുഴ: കനത്ത മഴയും വെള്ളപ്പൊക്കവും ജില്ലയിലുണ്ടാക്കിയത്‌ വന്‍ നാശം. ഓണക്കാലം മുന്‍കൂട്ടികണ്ട്‌ കൃഷിചെയ്‌ത ജില്ലയിലെ 130 ഹെക്‌ടര്‍ സ്‌ഥലത്തെ പച്ചക്കറിക്കൃഷി മഴക്കെടുതിയില്‍ നശിച്ചു. 1.62 കോടി രൂപയുടെ പച്ചക്കറിക്കൃഷി നഷ്‌ടമാണ്‌ ജില്ലയില്‍ കൃഷി വകുപ്പ്‌ ഇതുവരെ കണക്കാക്കിയിരിക്കുന്നത്‌.
പൂര്‍ണമായ കണക്കുകള്‍ ഇനിയും തയാറായിട്ടില്ല. പയര്‍, ഏത്തവാഴ, പടവലം, പാവല്‍, തക്കാളി, മുളക്‌ തുടങ്ങിയ വിളകളാണ്‌ പ്രധാനമായും നശിച്ചത്‌. ചാരുംമൂട്ടില്‍ 63 ഹെക്‌ടര്‍, മാവേലിക്കരയില്‍ 25 ഹെക്‌ടര്‍, പാണാവള്ളിയില്‍ 20 ഹെക്‌ടര്‍, ചേര്‍ത്തലയില്‍ 35 ഹെക്‌ടര്‍, ആലപ്പുഴയില്‍ അഞ്ച്‌ ഹെക്‌ടര്‍ എന്നിങ്ങനെയാണ്‌ പച്ചക്കറിക്കൃഷിനാശം സംഭവിച്ചിരിക്കുന്നത്‌. ചേര്‍ത്തല പരിധിയില്‍ കഞ്ഞിക്കുഴിയില്‍ എ ക്ലസ്‌റ്ററിലെ മൂന്ന്‌ സ്‌ഥലങ്ങളിലെ കൃഷിയാണ്‌ നശിച്ചത്‌. പയര്‍, പാവല്‍, പടവലം, തക്കാളി, മുളക്‌, വഴുതന തുടങ്ങിയ വിളകളാണ്‌ നശിച്ചത്‌. തഴക്കര, പാലമേല്‍ എന്നിവിടങ്ങളിലും അഞ്ചു ഹെക്‌ടറില്‍ അധികം പച്ചക്കറിക്കൃഷി നശിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്‌തു.
'തണ്ണീര്‍മുക്കം ബണ്ട്‌
തുറക്കാതിരുന്നത്‌
വെള്ളപ്പൊക്കത്തിന്റെ
രൂക്ഷത വര്‍ധിപ്പിച്ചു'

കുട്ടനാട്‌: തണ്ണീര്‍മുക്കം ബണ്ട്‌ തുറക്കാതിരുന്നത്‌ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചെന്ന്‌ മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി. ബണ്ടിന്റെ പണി പൂര്‍ണമായും പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞിരിക്കുകയാണ്‌. ഇത്‌ തുറന്നിരുന്നെങ്കില്‍ കുട്ടനാടിന്റെ ദുരിതം ഇത്രയ്‌ക്ക്‌ ഇരട്ടിയാകില്ലായിരുന്നു. ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന്‌ എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ദുരിതമേഖലകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ വേഗത്തില്‍ പരിഹാരം കാണണം. അതിന്‌ ഒരുതരത്തിലുള്ള മാനദണ്ഡങ്ങളും തടസമാകരുത്‌. വെള്ളം കയറിയ മുഴുവന്‍ വീടുകള്‍ക്കും സഹായം നല്‍കണമെന്ന്‌ റവന്യൂമന്ത്രിയോടും ചീഫ്‌ സെക്രട്ടറിയോടും ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇവിടം സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാര്യങ്ങള്‍ അവരെ ധരിപ്പിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കുട്ടനാട്ടിലെ ഏറ്റവും ഗുരുതര പ്രശ്‌നം കുടിവെള്ളമാണ്‌. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക്‌ ദുരിതബാധിതര്‍ പോയാലും വെള്ളം ഉപയോഗിക്കാന്‍ കഴിയില്ല. കക്കൂസുകള്‍ വെള്ളത്തിലായ സ്‌ഥിതിക്ക്‌ കൂടുതല്‍ മലിനീകരണം ഉണ്ടാകും. അതു കൊണ്ടുതന്നെ കുടിവെള്ളപ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം കാണണം. പകര്‍ച്ചവ്യാധി പടര്‍ന്ന്‌ പിടിക്കുന്നത്‌ തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ ഊന്നല്‍ നല്‍കണം. ഇതിനായി പഞ്ചായത്തുകള്‍ക്ക്‌ ഫണ്ട്‌ ഉപയോഗിക്കാന്‍ അനുമതി നല്‍കണം. മുഴുവന്‍ സമയവും പി.എച്ച്‌. സികള്‍ തുറന്ന്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീടുകളെല്ലാം ആഴ്‌ചകളായി വെള്ളത്തിലായ സ്‌ഥിതിയ്‌ക്ക്‌ ഇവയുടെ സുരക്ഷിതത്വം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണണമെന്നും കുട്ടനാട്ടില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. മുന്‍ മന്ത്രി കെ.സി ജോസഫ്‌, ഡി.സി.സി പ്രസിഡന്റ്‌ എം.ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍ ജയപ്രകാശ്‌, യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ എം.മുരളി, കണ്‍വീനര്‍ ബി. രാജശേഖരന്‍, കറ്റാനം ഷാജി, കെ.ഗോപകുമാര്‍, ജി.മുകുന്ദന്‍പിള്ള, ജോസഫ്‌ ചേക്കോടന്‍, അലക്‌സ്‌ മാത്യു, സജി ജോസഫ്‌, മധു.സി.കൊളങ്ങര തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
മട വീണ്‌ നശിച്ച എല്ലാ
പാടശേഖരങ്ങള്‍ക്കും
സാമ്പത്തിക സഹായം: മന്ത്രി

ആലപ്പുഴ: മട വീണ്‌ നശിച്ച എല്ലാ പാടശേഖരങ്ങള്‍ക്കും ഉടന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന്‌ ധനമന്ത്രി ടി.എം. തോമസ്‌ ഐസക്‌. ഇന്‍ഷുറന്‍സ്‌ ഉള്ളതും ഇല്ലാത്തതുമായ പാടശേഖരങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കും. ഇന്നലെ കുട്ടനാട്ടിലെ ദുരിതബാധിത ക്യാമ്പുകള്‍ സന്ദര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
വരുന്ന മന്ത്രിസഭായോഗം തുടര്‍സഹായങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒമ്പതു മണിയോടുകൂടി ആരംഭിച്ച സന്ദര്‍ശനം വൈകിയാണ്‌ അവസാനിച്ചത്‌. നെഹ്‌റുട്രോഫി വാര്‍ഡിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളും കൈനകരിയിലെ മട വീണ്‌ നശിച്ച പാടശേഖരങ്ങളും അദ്ദേഹം പരിശോധിച്ചു. ക്യാമ്പുകളിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തി.
കൃഷി നശിച്ചവര്‍ക്കും
ദുരിതാശ്വാസം: മന്ത്രി

കൃഷി നശിച്ച കര്‍ഷകര്‍ക്കും സര്‍ക്കാരിന്റെ ദുരിത സഹായം ലഭിക്കും. വിള ഇന്‍ഷുര്‍ ചെയ്‌തവര്‍ക്ക്‌ ഹെക്‌ടറിന്‌ 25000 രൂപയാണ്‌ ധനസഹായം നല്‍കുക.
ജൂണ്‍-ജൂലൈ മാസങ്ങളിലെ പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ചവര്‍ക്കുള്ള നഷ്‌ടപരിഹാരത്തിന്‌ ഓഗസ്‌റ്റ്‌ നാല്‌ വരെ അപേക്ഷകള്‍ നല്‍കാം. അതാത്‌ കൃഷിഭവനുകളിലാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. വിള ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട അപേക്ഷയും ഓഗസ്‌റ്റ്‌ നാലിനുള്ളില്‍ നല്‍കണമെന്ന്‌ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചിട്ടുണ്ട്‌. വിള ഇന്‍ഷുറന്‍സ്‌ ഇല്ലാത്തവര്‍ക്കും നഷ്‌ടപരിഹാരം നല്‍കുമെന്ന്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ അറിയിച്ചു. കുട്ടനാട്ടില്‍ ദുരിതബാധിത മേഖലകളില്‍ പര്യടനം നടത്തവെയാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.
ബോധവല്‍ക്കരണം
തുടരുന്നു

കുട്ടനാട്‌: പ്രളയബാധിത പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കൈനകരി കോലത്ത്‌ജട്ടി, പളളാത്തുരുത്തിതോട്ടുകടവ്‌, കല്ലറജട്ടി, കായല്‍ചിറജട്ടി, മണലോടി കോലോത്ത്‌ജട്ടി, ചേങ്കരി, പരുത്തിവളവ്‌കിഴക്ക്‌, കോട്ടവളപ്പ്‌ ഗുരുമന്ദിരം, പുളിങ്കുന്ന്‌ ആശുപത്രി, പരുത്തിവളവ്‌, ഊരാളശേരി തുരുത്ത്‌, കട്ടച്ചിറ കുട്ടമംഗലം, ഭജന മഠം എന്നീ സ്‌ഥലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും ലഘുലേഖ വിതരണവും നടത്തി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിലും ബോധവല്‍ക്കരണവും നിരീക്ഷണവും മെഡിക്കല്‍ ക്യാമ്പുകളും നടുവരുന്നു. ഫ്‌ളോട്ടിങ്‌ ഡിസ്‌പെന്‍സറിയും പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഏത്തവാഴക്കൃഷിക്ക്‌
വ്യാപകനാശം

ഓണം ലക്ഷ്യമിട്ടുള്ള ഏത്തവാഴക്കൃഷിയില്‍ വന്‍നാശമാണുണ്ടായത്‌. ഭരണിക്കാവ്‌, ചാരുംമൂട്‌, മാവേലിക്കര ഭാഗങ്ങളില്‍ കൃഷി ചെയ്‌ത ഏത്തവാഴക്കൃഷി ഭൂരിഭാഗവും നശിച്ചു. കുലച്ച ഏത്തവാഴകള്‍ ഭൂരിഭാഗവും ഒടിഞ്ഞുവീണു. വെള്ളമിറങ്ങുന്നതോടെ കൂടുതല്‍ ഏത്തവാഴക്കൃഷി നഷ്‌ടം ഉണ്ടാകുമെന്ന്‌ വിലയിരുത്തപ്പെടുന്നു.
അച്ചന്‍കോവിലാറിന്റെ ഇരുകരകളിലുമായി നട്ട വാഴകളെല്ലാം വെള്ളം കയറി നശിച്ചു. ജില്ലയില്‍ 6.97 കോടിയുടെ കുലച്ച ഏത്തവാഴ കൃഷി നശിച്ചതായും 2.7 കോടി യുടെ കുലയ്‌ക്കാത്ത എത്തവാഴ കൃഷിക്ക്‌ നാശം ഉണ്ടായെന്നുമാണ്‌ കണക്ക്‌. കുലച്ച ഏത്തവാഴയ്‌ക്ക്‌ 100 രൂപയും, കുലയ്‌ക്കാത്ത ഏത്തവാഴയ്‌ക്ക്‌ 75 രൂപയുമാണ്‌ നഷ്‌ടപരിഹാരം നല്‍കുക.
നെല്‍ക്കൃഷി
തകര്‍ത്ത്‌ മടവീഴ്‌ച

മട മുറിഞ്ഞത്‌ മൂലം ജില്ലയിലെ 10 പഞ്ചായത്തുകളിലെ 32 പാടശേഖരങ്ങളിലെ 2624 ഹെക്‌ടറില്‍ നെല്‍കൃഷി നശിച്ചു. മടവീഴ്‌ച മൂലം ജില്ലയില്‍ 11.96 കോടിയുടെ നെല്‍കൃഷി നഷ്‌ടമാണ്‌ കണക്കാക്കുന്നത്‌. കൈനകരി,ചമ്പക്കുളം,പുളിങ്കുന്ന്‌, അമ്പലപ്പുഴ വടക്ക്‌, തെക്ക്‌, പുന്നപ്ര വടക്ക്‌, തെക്ക്‌, നെടുമുടി, എടത്വാ, വെളിയനാട്‌, കരുവാറ്റ, തകഴി എന്നി ഭാഗങ്ങളിലെ 2624 ഹെക്‌ടര്‍ കൃഷിയാണ്‌ മടവീഴ്‌ച മൂലം നശിച്ചത്‌. കനത്ത മഴയില്‍ 7500 ഹെക്‌ടര്‍ പ്രദേശത്തെ നെല്‍കൃഷി വെള്ളത്തിനടിയിലായിട്ടുണ്ട്‌. നെല്‍കൃഷിക്ക്‌ ഹെക്‌ടറിന്‌ 13500 രൂപയാണ്‌ സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കുന്നത്‌.

Ads by Google
Advertisement
Saturday 28 Jul 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW