ഓയൂര്‍: പൂയപ്പള്ളി കാറ്റാടിയില്‍ തെരുവുനായ് ശല്യം രൂക്ഷമായി. വളര്‍ത്തു മൃഗങ്ങളെയും കോഴികളേയും കടിച്ചുകൊല്ലുന്നതു പതിവാകുന്നു. വന്ധ്യംകരണത്തിനായി പിടിച്ചുകൊണ്ടുപോകുന്ന നായ്ക്കളെ കാറ്റാടി ഭാഗത്തെ ആളൊഴിഞ്ഞ റബര്‍ പുരയിടങ്ങളില്‍ ഉപേക്ഷിക്കുന്നതായാണു സംശയമെന്നു നാട്ടുകാര്‍ പറയുന്നു. മുന്‍പ് വിരലില്‍ എണ്ണാവുന്ന തെരുവുനായ്ക്കള്‍ മാത്രമാണ് പ്രദേശത്തുണ്ടായിരുന്നത്.
എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പത്തിരട്ടിയോളം നായ്ക്കളാണ് പ്രദേശത്തു പെരുകിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടേക്കോണം, കാറ്റാടി, ഓട്ടുമല, തച്ചോണം, ഓയൂര്‍ പാറയില്‍, മത്യോട് എന്നീ പ്രദേശങ്ങളില്‍ നിരവധി ആടുകളെ കടിച്ചുപരുക്കേല്പിക്കുകയും കോഴികളെ പിടികൂടി കൊണ്ടുപോവുകയും ചെയ്യുന്നതു പതിവാണ്. ആടുകളെയും കോഴികളേയും പറമ്പില്‍ മേയാന്‍ വിടാനും കൂട്ടില്‍ അടച്ചിടാനും പറ്റാത്ത സ്ഥിതിയാണ്. മിക്ക വീടുകളില്‍നിന്നും കൂടു പൊളിച്ചും നാലും അഞ്ചും വീതം കോഴികളെയാണു നായ്ക്കള്‍ കടിച്ചുകൊണ്ടുപോകുന്നത്.
നായ്ക്കളുടെ ശല്യം മൂലം കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നതിനും മുതിര്‍ന്നവര്‍ക്കു രാത്രികാലങ്ങളില്‍ യാത്രചെയ്യാനും പറ്റാത്ത സ്ഥിതിയാണുള്ളത്. തെരുവുനായ്ക്കള്‍ വര്‍ധിക്കാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും നായ്ക്കളെ പിടികൂടാന്‍ പൂയപ്പള്ളി പഞ്ചായത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.