Friday, April 26, 2019 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.29 AM

ചരിത്രത്തിന്റെ ചോരപുരണ്ട ഏടുകളില്‍ ചന്ദനത്തോപ്പ്‌ രക്‌തസാക്ഷിത്വം

ചന്ദനത്തോപ്പ്‌ രക്‌തസാക്ഷിത്വത്തിന്‌ ഇന്ന്‌ 60 വയസ്‌. 1958 ജൂലൈ 26നാണ്‌ ആര്‍.എസ്‌.പിയുടെ രണ്ട്‌ കശുവണ്ടി തൊഴിലാളികള്‍ ചന്ദനത്തോപ്പില്‍ പോലീസ്‌ വെടിവയ്‌പ്പില്‍ മരിച്ചത്‌. 1957-ല്‍ ആദ്യത്തെ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭ അധികാരമേറ്റ്‌ ഇ.എം.എസ്‌ മുഖ്യമന്ത്രിയും വി.ആര്‍. കൃഷ്‌ണയ്യര്‍ ആഭ്യന്തര മന്ത്രിയുമായിരുന്നപ്പോഴായിരുന്നു ആ സംഭവം.
യു.ടി.യു.സി. കുണ്ടറ കശുവണ്ടി തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഹിന്ദുസ്‌ഥാന്‍ കാഷ്യു ഫാക്‌ടറി പടിക്കല്‍ മുടങ്ങാതെ തൊഴില്‍ നല്‍കണമെന്നും മറ്റുമുളള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സമരം നടത്തി വരികയായിരുന്നു. ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകളില്‍ പങ്കെടുക്കാതെയും ഫാക്‌ടറി സ്‌ഥിരമായി പ്രവര്‍ത്തിക്കാതെയും തികച്ചും നിഷേധാത്മകമായ നിലപാടായിരുന്നു മാനേജ്‌മെന്റ്‌ സ്വീകരിച്ചത്‌. സമരത്തിന്റെ രണ്ടാം ഘട്ടമായി ഫാക്‌ടറി പടിക്കല്‍ യൂണിയന്‍ സെക്രട്ടറിമാരില്‍ ഒരാളായ ആര്‍. പപ്പു നിരാഹാര സത്യാഗ്രഹസമരം ആരംഭിച്ചു. ഇതേത്തുടര്‍ന്ന്‌ മാനേജ്‌മെന്റ്‌ ഫാക്‌ടറി ലോക്കൗട്ട്‌ ചെയ്‌തു. നിരാഹാര സമരത്തിന്റെ ഒമ്പതാം ദിവസം ക്ഷീണിതനായ പപ്പുവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു നീക്കി. പകരം യൂണിയന്‍ പ്രവര്‍ത്തകനായ എം.ദാമോദരന്‍പിളള നിരാഹാരം ആരംഭിച്ചു. ഫാക്‌ടറികളില്‍ സ്‌റ്റോക്കുണ്ടായിരുന്ന പരിപ്പും തോട്ടണ്ടിയും മാറ്റാനായി കമ്പനി മാനേജ്‌മെന്റ്‌ കോടതി ഉത്തരവ്‌ സമ്പാദിച്ചു. ഇവ കയറ്റികൊണ്ടുപോകാനായി ലോറികളും പോലീസ്‌ സഹായത്തോടെ ഫാക്‌ടറിക്കുള്ളില്‍ പ്രവേശിച്ചു. കൊല്ലത്തുനിന്നായിരുന്നു ഇവ കയറ്റാന്‍ തൊഴിലാളികളെ കൊണ്ടുവന്നത്‌ ലോഡ്‌ കയറ്റിയ ലോറികള്‍ പുറത്തേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമം നിരാഹാരസത്യാഗ്രഹത്തിന്‌ അനുഭാവ സത്യാഗ്രഹമിരുന്ന സ്‌ത്രീത്തൊഴിലാളികള്‍ തടഞ്ഞു. ലോറി കടത്തിക്കൊണ്ടു പോകാന്‍ നിര്‍വാഹമില്ലാത്ത വിധം തൊഴിലാളികള്‍ കൈകോര്‍ത്തു നിലത്തുകിടന്നു വീറോടെ മുദ്രാവാക്യം വിളിച്ചു. സ്‌ത്രീത്തൊഴിലാളികളെ പോലീസുകാര്‍ അറസ്‌റ്റ് ചെയ്‌ത് പോലീസ്‌ വാനിലേക്ക്‌ എറിഞ്ഞു. ഈ രംഗം കണ്ടുനിന്ന കശുവണ്ടി ഫാക്‌ടറിയിലെ കാന്റീന്‍ തൊഴിലാളി സുലൈമാന്‍ ഡിവൈ.എസ്‌.പിയുടെ ക്രോസ്‌ ബല്‍റ്റില്‍ പിടിച്ചു തള്ളിമാറ്റാന്‍ ശ്രമിച്ചു. ഡിവൈ.എസ്‌.പി അടുത്തുനിന്ന പോലീസുകാരന്റെ കൈയില്‍ നിന്നും തോക്കു പിടിച്ചുവാങ്ങി ബയണറ്റ്‌ കൊണ്ട്‌ ആഞ്ഞു കുത്തി.
സുലൈമാന്‍ നിലത്തുവീണു. ഫാക്‌ടറി കണ്‍വീനറായിരുന്ന കുമുളിയില്‍ ചെല്ലമ്മയുടെ മടിയില്‍ കിടന്നു സുലൈമാന്‍ അന്ത്യശ്വാസം വലിച്ചു. ഇതിനോടകം ആയിരക്കണക്കിനു ജനങ്ങള്‍ അവിടെ തടിച്ചു കൂടിയിരുന്നു. അതിലാരോ പോലീസിനു നേരെ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ്‌ ആദ്യം ആകാശത്തേക്കും പിന്നീടു ചുറ്റിനും വെടിവച്ചു. കൊല്ലം-കുണ്ടറ റോഡരുകില്‍ (ഇപ്പോള്‍ ചന്ദനത്തോപ്പ്‌ രക്‌തസാക്ഷി സ്‌മാരകം നില്‍ക്കുന്ന സ്‌ഥലത്ത്‌) നിന്ന കര്‍ഷകത്തൊഴിലാളിയായ രാമന്‍ വെടിയേറ്റു മരിച്ചു. യു.ടി.യു.സി നേതാക്കളായ ടി.എം പ്രഭ, ചന്ദ്രശേഖരശാസ്‌ത്രി, അയ്യന്‍ എന്നിവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. വാനിലിട്ടും ലോക്കപ്പില്‍ വച്ചും ക്രൂരമായി മര്‍ദിച്ചു. വിവരമറിഞ്ഞു കൊല്ലത്തുനിന്നും ടി.കെ ദിവാകരനും ആര്‍.എസ്‌. ഉണ്ണിയും ഓടിയെത്തി. മൃതദേഹങ്ങള്‍ വിട്ടുകൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍. ശ്രീകണ്‌ഠന്‍നായര്‍ രംഗത്തെത്തി. തൊഴില്‍ മന്ത്രി ടി.വി.തോമസുമായി കെ. ബാലകൃഷ്‌ണന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു മൃതദേഹം വിട്ടുകൊടുക്കാമെന്നു സമ്മതിച്ചു. തൊട്ടടുത്ത ദിവസം ജില്ലയില്‍ 144 പ്രഖ്യാപിച്ചു. മൃതദേഹങ്ങളുമായി നേതാക്കളുടെ നേതൃത്വത്തില്‍ കൊല്ലത്തു പ്രകടനം നടത്തി. കൊല്ലത്തും കൊട്ടിയത്തും തൊഴിലാളികള്‍ 144 ലംഘിച്ചു പ്രകടനം നടത്തി അറസ്‌റ്റ് വരിച്ചു. ഇതിന്റെ സ്‌മരണയായി ജൂലൈ 26 എല്ലാ വര്‍ഷവും ചന്ദനത്തോപ്പില്‍ അനുസ്‌മരണസമ്മേളനവും പുഷ്‌പാര്‍ച്ചനയും പ്രകടനവും മറ്റും നടത്തിവരുന്നു.

Ads by Google
Advertisement
Thursday 26 Jul 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW