Tuesday, November 20, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.45 AM

ഭാഗ്യക്കുറി ടിക്കറ്റ്‌ തിരുത്തി സമ്മാനം കൈപ്പറ്റുന്നതു പതിവാകുന്നു

uploads/news/2018/07/235638/2.jpg

ശാസ്‌താംകോട്ട: ഭാഗ്യക്കുറി ടിക്കറ്റുകള്‍ തിരുത്തി സമ്മാനം കൈപ്പറ്റുന്ന സംഭവം പതിവാകുന്നു.
നറുക്കെടുപ്പു ഫലം വന്നതിനുശേഷം സമ്മാനര്‍ഹമായ നമ്പരിനോട്‌ സാമ്യമുള്ള ടിക്കറ്റുകള്‍ വിദഗ്‌ദമായി തിരുത്തിയാണ്‌ കബളിപ്പിക്കല്‍ നടത്തുന്നത്‌.
ടിക്കറ്റിന്റെ യഥാര്‍ഥ നമ്പര്‍ തിരിച്ചറിയാന്‍ ടിക്കറ്റിലുള്ള ബാര്‍കോഡ്‌ സ്‌കാന്‍ ചെയ്‌താല്‍ സാധിക്കും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനുകളും നിലവിലുണ്ട്‌.
എന്നാല്‍ ചെറുകിട വഴിയോര കച്ചവടക്കാരെയും കാല്‍നടയായി കച്ചവടം ചെയ്യുന്നവരെയും പ്രായമായതും സ്‌ത്രീകളുമായ ഭാഗ്യക്കുറി കച്ചവടക്കാരെയുമാണ്‌ ഇക്കൂട്ടര്‍ കബളിപ്പിക്കുന്നത്‌.
ശനിയാഴ്‌ച നറുക്കെടുത്ത കാരുണ്യ പ്ലസ്‌ ഭാഗ്യക്കുറിയില്‍ 0143 അവസാനിക്കുന്ന നമ്പരിന്‌ ആയിരം രൂപ സമ്മാനമുണ്ടായിരുന്നു.
എന്നാല്‍ 0113 ല്‍ അവസാനിക്കുന്ന ടിക്കറ്റ്‌ അതിവിദഗ്‌ദമായി 0143 ആക്കി തിരുത്തിയാണു പണം തട്ടിയെടുത്തത്‌.
ഇത്തരത്തില്‍ കഴിഞ്ഞദിവസം ഭരണിക്കാവിലെ വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരനെ വിദഗ്‌ദമായി കബളിപ്പിച്ചു പണവുമായി കടന്നുകളഞ്ഞു.
ബൈക്കിലെത്തിയ രണ്ടു പേര്‍ സമ്മാനം ലഭിച്ച ടിക്കറ്റാണന്ന്‌ പറഞ്ഞ്‌ കച്ചവടക്കാരനെ സമീപിക്കുകയായിരുന്നു. ഫലം പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം കച്ചവടക്കാരന്‍ ആയിരം രൂപയും നല്‍കി. തുടര്‍ന്നു തൊട്ടടുത്ത ദിവസത്തെ നാല്‌ ടിക്കറ്റും വാങ്ങിയാണ്‌ സംഘം മടങ്ങിയത്‌.
മൊത്തവിതരണ കേന്ദ്രത്തില്‍ സമ്മാനര്‍ഹമായ ടിക്കറ്റ്‌ നല്‍കിയപ്പോഴാണ്‌ കബളിപ്പിക്കല്‍ മനസിലായത്‌. സീരിയല്‍ മാത്രം വ്യത്യാസം വന്ന്‌ ഒരേ നമ്പരിലുള്ള 12 ടിക്കറ്റുകളാണ്‌ ഭാഗ്യക്കുറി വകുപ്പ്‌ ഒരു ടിക്കറ്റ്‌ ബുക്കില്‍ ഉണ്ടാവുക.
അങ്ങനെയാണെങ്കില്‍ ബാക്കിയുള്ള പതിനൊന്നു ടിക്കറ്റുകളും തിരുത്തി പണം തട്ടിയിട്ടുണ്ടാവും.
സമ്മാനര്‍ഹമായ ടിക്കറ്റുകളുടെ കളര്‍ ഫോട്ടോ കോപ്പിയെടുത്തും തട്ടിപ്പു നടത്തുന്ന സംഘം നിലവിലുണ്ട്‌. ഇത്തരത്തില്‍ തട്ടിപ്പു വ്യാപകമാവുന്നതായി കച്ചവടക്കാര്‍ പറയുന്നു. പ്രധാനമായം 0, 1, 3, 7, 8 എന്നീ നമ്പരുകളിലാണ്‌ തിരുത്തല്‍ നടത്തി കബളിപ്പിക്കല്‍ നടക്കുന്നത്‌. പോലീസില്‍ പരാതി നല്‍കിയാലും കബളിപ്പിക്കല്‍ സംഘത്തെ പിടികൂടാന്‍ കഴിയാറില്ല.

Ads by Google
Advertisement
Tuesday 24 Jul 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW