കൊളച്ചേരി: പാടിതീര്‍ത്ഥവും അനുബന്ധ പ്രദേശങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു ഉടമസ്ഥതയില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കര്‍മ്മസമിതി നടത്തുന്ന പ്രക്ഷോഭസമരത്തിന്റെ നൂറാംദിവസത്തിന്റെ ഭാഗമായി ആയിരത്തോളം പേര് പങ്കെടുത്ത മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. പാടിക്കുന്നില്‍ കൊളച്ചേരിയിലെ മുതിര്‍ന്ന പൗരനും കലാകാരനുമായ എം വി ഗോപാലന്‍നമ്പ്യാര്‍ ആദ്യ കണ്ണിയായി. കരിങ്കല്‍ക്കുഴിയില്‍ മൂന്നുവയസ്സുകാരന് ശബരീനാഥ് ചങ്ങലയിലെ അവസാനത്തെ കണ്ണിയുടെ ഭാഗമായി. വാര്‍ഡ് മെമ്പര്‍മാരായ കെ. പ്രമീള, എം ഗൗരി തുടങ്ങിയവരും ചങ്ങലയില്‍ കണ്ണികളായി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം കവി ഇഞ്ചക്കാട് ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് കെ താഹിറ, വൈസ് പ്രസിഡന്റ് എം അനന്തന് , ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാകോര്‍ഡിനേറ്റര്‍ വി.സി ബാലകൃഷ്ണന്, കര്‍ഷകഅവാര്‍ഡ് നേടിയ സഹോദരന്മാരായ മലയന്‍കുനി ദാമോദരന്‍, രാജന്, അഡ്വ. പി അജയകുമാര്‍, കെ എം ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കപ്പള്ളി അശോകന് അദ്ധ്യക്ഷനായി. സി.രാജേഷ് സ്വാഗതവും കെ വി ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.